
മുൻ തിരഞ്ഞെടുപ്പിലോ നവംബർ 3 വോട്ടെടുപ്പിലോ തട്ടിപ്പു നടന്നതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവ് നൽകുന്നവർക്ക് $1 മില്യൺ പ്രതിഫലം നൽകുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. 2020ൽ ജോ ബൈഡനോടു താൻ തോറ്റ തിരഞ്ഞെടുപ്പിൽ വ്യാപകമായി തട്ടിപ്പു നടന്നുവെന്നു ട്രംപ് ആരോപിച്ചിരുന്നെങ്കിലും ഒരൊറ്റ ആരോപണം പോലും കോടതിയിൽ തെളിഞ്ഞിരുന്നില്ല. അന്നു താനാണ് ജയിച്ചതെന്ന വാദം അദ്ദേഹം ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.
ഇടക്കാല തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടക്കുന്നത് തടയാൻ എന്ന പേരിൽ ട്രംപ് കൊണ്ടുവന്ന നടപടികളെല്ലാം കോടതികൾ തടഞ്ഞിട്ടുമുണ്ട്.
പുതിയ വാഗ്ദാനം ആ ആരോപണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ട്രൂത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്തത്.
2020ൽ മിഷിഗണിൽ നടന്ന വോട്ടർ റജിസ്ട്രേഷനിൽ തട്ടിപ്പുണ്ടായെന്നു ട്രംപ് പറഞ്ഞു. കാലിഫോർണിയയിൽ തപാൽ ബാലറ്റുകൾ ലക്ഷ്യമില്ലാതെ ഒഴുകി നടക്കുന്നു എന്നും.
അലാസ്കയിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി തോറ്റാൽ തട്ടിപ്പു കേസെടുക്കണമെന്നു കഴിഞ്ഞ ദിവസം ട്രംപ് ജസ്റ്റിസ് ഡിപ്പാർട്മെന്റിനോടു നിർദേശിച്ചിരുന്നു. സ്ഥാനാർഥി ഡാൻ സള്ളിവന്റെ പേരിനോട് സാമ്യമുള്ള ഒരാൾ മത്സരിക്കുന്നു എന്നതിനാൽ ഡിപ്പാർട്മെന്റ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.
ബ്രസീലിലും തട്ടിപ്പെന്ന്
ബ്രസീലിൽ ഇടതുപക്ഷ നേതാവ് ലുലാ ഡി സിൽവ നാലാം തവണയും പ്രസിഡന്റായ ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്നു ട്രംപ് തിങ്കളാഴ്ച്ച ആരോപിച്ചു. പരാജയപ്പെട്ട വലതുപക്ഷ സ്ഥാനാർഥി ഫ്ളാവിയോ ബോൾസനാരോ ഫലങ്ങളെ തള്ളിയെങ്കിലും ട്രംപ് അതിൽ ഇടപെടില്ലെന്ന് ബോധ്യമായപ്പോൾ പിന്മാറുകയും ചെയ്തു.
"ഞാനല്ല ബ്രസീൽ ഭരിക്കുന്നത്" എന്നു പറഞ്ഞു ട്രംപ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. അതോടെ പോരാട്ടം ഉപേക്ഷിക്കുന്നുവെന്നു ബോൾസനാരോ പ്രഖ്യാപിച്ചു.
Trump offers a million to those who report voting fraud