
ഡാളസ്: ജനാധിപത്യത്തിനും മതേതരത്വത്തിനും പ്രാധാന്യം നൽകുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ, ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡാളസിൽ സംഘടിപ്പിച്ച സമ്മേളനം ശ്രദ്ധേയമായി. ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ (CFI) യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25-നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

വർദ്ധിച്ച് വരുന്ന ക്രൈസ്തവ വിരുദ്ധതയും, ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതും ഒരു പതിവ് സംഭവമാണെങ്കിലും രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ജനങ്ങൾ ക്രിസ്തുവിനാൽ ആകൃഷ്ടരായി തീരുന്നതായും അദ്ദേഹം പ്രസ്താവിച്ചു. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന വചനം പോലെ, ആളുകൾ ക്രിസ്തീയ മാർഗ്ഗം സ്വീകരിക്കുന്നതിൽ അസഹിഷ്ണുത പൂണ്ട ഒരു വിഭാഗമാണ് മതപരിവർത്തനം ആരോപിച്ചു അക്രമങ്ങൾ അഴിച്ചു വിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സദസ്സിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് മാത്യു സാമുവൽ മറുപടി നൽകി.

ചടങ്ങിൽ CFI ഏർപ്പെടുത്തിയ പ്രഥമ ‘പണ്ഡിത രാമാഭായി പുരസ്കാരം’ മാത്യു സാമുവലിന് സമ്മാനിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും 'ഡി-മലയാളി' ചീഫ് എഡിറ്ററുമായ പി. പി. ചെറിയാനാണ് അവാർഡ് കൈമാറിയത്. ഇന്ത്യയിലെ പീഡിത ക്രിസ്ത്യാനികൾക്കായി പ്രവർത്തിക്കുന്ന പ്രശാന്ത് ഡേവിഡ് മംഗളപത്രം വായിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കായും ക്രൈസ്തവർക്കായും നിരന്തരം ശബ്ദമുയർത്തുകയും, മാധ്യമതലത്തിൽ ധീരമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിനാണ് അദ്ദേഹത്തിന് ഈ പുരസ്കാരം നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി.

CFI ചെയർമാൻ പാസ്റ്റർ മാത്യു ശാമുവേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ഷാജി കാരയ്ക്കൽ സ്വാഗതപ്രസംഗം നടത്തുകയും മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തു കയും ചെയ്തു. ട്രഷറാർ റവ. തോമസ് മുല്ലക്കൽ കൃതജ്ഞ പ്രകാശിപ്പിച്ചു.
ക്രൈസ്തവ സഭാനേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുത്തു.