
ന്യൂയോര്‍ക്ക്: മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ മകളും മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറുമായ മൗറീന്‍ കോമിയെ ട്രമ്പ് ഭരണകൂടം കഴിഞ്ഞ വര്‍ഷം പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി തിങ്കളാഴ്ച വിധിച്ചു.
ജെഫ്രി എപ്സ്റ്റീന്‍, സീന്‍ കോംബ്സ് തുടങ്ങിയ പ്രമുഖരുടെ വിചാരണകള്‍ കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രോസിക്യൂട്ടറായിരുന്നു മൗറീന്‍ കോമി. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും, ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് നിയമങ്ങളും മൗറീന്‍ കോമിയുടെ അവകാശങ്ങളും ലംഘിച്ചുവെന്നും ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജെസ്സേ എം. ഫര്‍മാന്‍ 55 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി.
2025 ജൂലൈയിലാണ് മൗറീന്‍ കോമിയെ ട്രമ്പ് ഭരണകൂടം കാരണം വ്യക്തമാക്കാതെ പുറത്താക്കിയത്. പിതാവ് ജെയിംസ് കോമി ട്രമ്പിന്റെ കടുത്ത വിമര്‍ശകനായതുകൊണ്ടാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് മൗറീന്‍ കോമി കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രസിഡന്റിന്റെ അധികാരപരിധിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് മൗറീന്‍ കോമിയെ പുറത്താക്കാന്‍ അധികാരമുണ്ടെന്നായിരുന്നു ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം. എന്നാല്‍ ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ജഡ്ജി തള്ളി.
2025 ഡിസംബര്‍ വരെയുള്ള കാലയളവിലെ ശമ്പളം മൗറീന്‍ കോമിക്ക് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.റോബര്‍ട്ട് മെനെന്‍ഡസ് ഉള്‍പ്പെടെയുള്ളവരുടെ അഴിമതിക്കേസുകളും ഗിസ്ലെന്‍ മാക്‌സ്വെല്ലിനെതിരെയുള്ള സെക്‌സ് ട്രാഫിക്കിംഗ് കേസുകളും മൗറീന്‍ കോമി വിജയകരമായി നടത്തിയിട്ടുണ്ട്.
ഈ വിധി ട്രമ്പ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തുന്ന മറ്റ് ഫെഡറല്‍ ജീവനക്കാര്‍ക്കും വലിയ ആശ്വാസമാകും. അതേസമയം, കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.