
അലാസ്‌ക: അലാസ്‌കയില്‍ ഭാര്യയെ വെടിവെച്ചുകൊന്ന് മൃതദേഹം ഡ്രെയിനേജ് ഓടയില്‍ ഒളിപ്പിച്ച യു.എസ് സൈനികന് 59 വര്‍ഷം തടവുശിക്ഷ വിധിച്ചു. 24-കാരനായ സാറിയസ് ഹില്‍ഡാബ്രാന്‍ഡ് എന്ന സൈനികനാണ് ശിക്ഷിക്കപ്പെട്ടത്. ഒക്ടോബര്‍ 25-ന് ശിക്ഷ വിധിച്ചതായി അലാസ്‌ക ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആങ്കറേജ് സുപ്പീരിയര്‍ കോടതിയില്‍ നടന്ന വിചാരണയില്‍, സെക്കന്‍ഡ് ഡിഗ്രി കൊലപാതകത്തിന് ഒരു കുറ്റവും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ട് കുറ്റങ്ങളും ഉള്‍പ്പെടെ ആകെ മൂന്ന് കുറ്റങ്ങളില്‍ സാരിയസ് ഹില്‍ഡാബ്രാന്റ് കുറ്റക്കാരനാണെന്ന് ജൂണ്‍ മാസത്തില്‍ ജൂറി കണ്ടെത്തിയിരുന്നു. അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കി.
2023 ഓഗസ്റ്റിലായിരുന്നു സംഭവം. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് 21-കാരിയായ ഭാര്യ സാറിയയെ ഇയാള്‍ തലയ്ക്ക് വെടിവെച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് ശുചീകരണ സാമഗ്രികള്‍ വാങ്ങി മൃതദേഹം സമീപത്തെ ഡ്രെയിനേജ് ഓടയില്‍ തള്ളുകയും അതിനുമുകളില്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തു.
ഇതിനുശേഷവും ഒന്നും സംഭവിക്കാത്ത മട്ടില്‍ ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും, കുടുംബത്തോടൊപ്പം തിരച്ചിലില്‍ പങ്കാളിയാകുകയും ചെയ്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകവും അതിനുശേഷമുള്ള പ്രതിയുടെ പെരുമാറ്റവും കണക്കിലെടുത്താണ് അലാസ്‌ക കോടതി കടുത്ത ശിക്ഷ വിധിച്ചത്.