Image

പത്രോസിൻ്റെ വാൾ (നാടകം) - ജേക്കബ് തോമസ് വിളയിൽ (പുസ്തക പരിചയം – 46: ബാജി ഓടംവേലി, ഡാലസ്)

Published on 28 October, 2026
പത്രോസിൻ്റെ വാൾ (നാടകം) - ജേക്കബ് തോമസ് വിളയിൽ  (പുസ്തക പരിചയം – 46: ബാജി ഓടംവേലി, ഡാലസ്)

അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഹൈസ്കൂൾ അധ്യാപകനായ ജേക്കബ് തോമസ് വിളയിലിൻ്റെ പുസ്തക രൂപത്തിലുള്ള ആദ്യനാടകമാണിത്. പത്രോസിൻ്റെ വാൾ എന്ന സംജ്ഞ ഈ നാടകത്തിൻ്റെ ദുരൂഹതയെ വർദ്ധിപ്പിക്കുന്നു എങ്കിലും കാണികൾക്ക് ഇതിൽ നിന്നും നല്ല സന്ദേശം ലഭിക്കുമെന്നുറപ്പുണ്ട്.
അനേക വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൂക്ഷ്മമായ പഠനങ്ങളോടെ പലവട്ടം പുതുക്കി എഴുതിയാണ് ഈ നാടകം പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. പഴകിയ വീഞ്ഞിൻ്റെ ഗുണം കാണുവാനുമുണ്ട്. ചരിത്ര പിന്മബലമുള്ള ഓരോ സംഭാഷണങ്ങളും പലവട്ടം അലോചിച്ച് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്. ഈ നാടകം വായിക്കുമ്പോൾ ഓരോ രംഗങ്ങളും വളരെ വ്യക്തമായി വായനക്കാർക്ക് മനസ്സിൽ കാണൂവാനാകും. കഥാപാത്രങ്ങളുടെ മാത്രമല്ല നിഴലുകളുടെ ചലനങ്ങൾ പോലും നാടകകൃത്ത് നൂറുപ്രാവശ്യം മനസ്സിൽ കണ്ട് ഉറപ്പിച്ചവയാണ്.  

ബൈബിളിലെ പുതിയനിയമത്തെ ആസ്പദമാക്കി രചന നിർവ്വഹിച്ചിട്ടുള്ള കൃതിയാണിത്. യേശുവിൻ്റെ പരസ്യ ശുശ്രൂഷയുടെ അവസാന ഘട്ടമാണ് പ്രധാനമായി വിഷയീഭവിച്ചിരിക്കുന്നത്.   ബൈബിളിലെ മിക്ക കഥാപാത്രങ്ങളും സംഭാഷണങ്ങളും ഏവർക്കും സുപരിചിതമാകയാൽ ഒരു പുതിയ ഇതിവൃത്തം സൃഷ്ടിച്ചെടുക്കുക പ്രയാസമേറിയ ദൗത്യമാണ്. ബൈബിളിൻ്റെയും ബൈബിളിനെ സംബന്ധിച്ച വിവിധ ഗ്രന്ഥങ്ങളുടെയും അവലോകനവും വർഷങ്ങളെടുത്ത സൂക്ഷമ പഠനവും ഈ നാടക രചനയ്ക്ക് പിൻബലമേകി. 

ക്രിസ്തു ചരിത്രത്തിലെ ഹൃദയസ്പർശിയായ സംഭവവികാസങ്ങളെ പുതിയ മാനദണ്ഡത്തിൽകൂടി അവതരിപ്പിക്കുന്ന ഒരു പരീക്ഷണ നാടകമാണിത്. അവതരണത്തിൽ പുതുമയും കഥാതന്തുവിൽ ലാളിത്യവും ഇടകലർത്തിയതിലൂടെ നാടകത്തിന് ഒരു പുതുജീവൻ നൽകാൻ സാധിച്ചിരിക്കുന്നു. എഴുതുമ്പോൾ കൂടുതൽ വളരുകയും എഴുതി തീർപ്പ് കല്പിക്കാൻ പ്രയാസവുമുള്ള ഇതിവൃത്തമാണ് ക്രിസ്തുചരിതം.

പുരോഹിതന്മാരുടെയും പരീശവർഗ്ഗത്തിൻ്റെയും വിശ്വാസത്തിൻ്റെ അടിസ്ഥാനശിലകളെ പൊളിച്ചു പണിയാനുള്ള ക്രിസ്തുവിൻ്റെ ശ്രമങ്ങളെ ഏതു വിധേനയും ചെറുത്തു തോൽപ്പിക്കാനുള്ള അവരുടെ പ്രവണതയാണ് ഈ നാടകത്തിൻ്റെ കഥാതന്തു. സ്ഥാപിത വർഗ്ഗത്തിൻ്റെ കെട്ടുറപ്പിനെ ചോദ്യം ചെയ്യുന്ന ഏതൊരു ശക്തിയേയും അടിച്ചമർത്താനുള്ള മാർഗ്ഗങ്ങളും സൂത്രങ്ങളും ചമയ്‌ക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത് നാടകത്തിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. 
ക്രിസ്തുവിൻ്റെ നേരെ നടക്കുന്ന ആശയപരമായ നിഴൽനാടകം പരാജയപ്പെടുമ്പോൾ, കായിക ശക്തിയുടെ മാർഗ്ഗം അന്വേഷിക്കാനും, സൈന്യത്തിൻ്റെ സേവനവും, ബുദ്ധിപരതയും കൂട്ടുപിടിക്കാനും ഇക്കൂട്ടർ മടിക്കുന്നില്ല.

രംഗസജ്ജീകരണത്തെപ്പറ്റിയുള്ള വിവരണവും പുസ്തകത്തിൽ നൽകിയിരിക്കുന്നത് ഇത് വേദിയിൽ അവതരിപ്പിക്കുന്നവർക്ക് കൂടുതൽ സഹായകമാവും. രംഗവേദിയെ രണ്ടു ഭാഗങ്ങളായി തിരിച്ച് ഒരു പകുതിയിൽ തിരശ്ശീല ഇട്ടിരിക്കുന്നു. ഈ തിരശ്ശീലയിൽ നിഴലായി ചിത്രീകരിച്ച് ഭാവവിന്യാസങ്ങൾക്ക് പകർപ്പ് നൽകുകയും കഥയുടെ തീവൃതയെ നഷ്ടപ്പെടുത്താതെ നാടകീയത പുലർത്തുകയും ചെയ്യാവുന്നതാണ്. നാടകത്തിൻ്റെ പലഭാഗങ്ങളിലും കഥാപാത്രങ്ങൾ പ്രതിബിംബങ്ങളായും പ്രത്യക്ഷപ്പെടുന്നു. പ്രകാശഭരിതമായ രംഗവേദിയുടെ മുൻപകുതിയിൽ പ്രധാനകഥാപാത്രങ്ങൾ കഥയുടെ ആഖ്യാനത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വലിയ ജന സമൂഹത്തെത്തന്നെ രംഗത്ത് കൊണ്ടുവരുവാനും കഥയ്ക്ക് കൊഴുപ്പേകാനും ഈ പ്രക്രീയ സഹായിക്കുന്നു. ഓരോ രംഗത്തിൻ്റെയും ഉപരംഗങ്ങൾ തിരശ്ശീലയിലെ നിഴലുകളുടെ സഹായത്തോടെ വെളിച്ചത്തിൻ്റെ ഏറ്റക്കുറച്ചിലോടെ അവതരിപ്പിക്കാം.

യേശു, പത്രോസ്, അന്ത്രയോസ്, ദിദിമോസ് എന്ന തോമസ്, യോഹന്നാൻ, യൂദാസ്, അനന്യാസ് എന്ന പുരോഹിത ശ്രേഷഠൻ, എലിയസർ എന്ന പരീശ പ്രമാണി, ഏലീഹു എന്ന പുരോഹിതൻ, അഷർ എന്ന സൈന്യാധിപൻ, ഫിനഹാസ് എന്ന ശതാധിപൻ, സ്ത്രീ (എല്ലാ സ്ത്രീ കഥാപാത്രങ്ങളും ഒരു സ്ത്രീയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു), പുരോഹിതന്മാർ, പരീശന്മാർ, പടയാളികൾ, കുഷ്ഠരോഗി, അന്ധൻ, പിശാച്, ബാലൻ, മറ്റു ചെറിയ കഥാപാത്രങ്ങൾ, തുടങ്ങിയവരാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ.
വെളിച്ചത്തിൻ്റെ പോക്കുവരവുകളും ഏറ്റക്കുറച്ചിലുകളും സംഗീതത്തിൻ്റെ ഉയർച്ച താഴ്ചകളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.  ഉദാഹരണത്തിന് ഒന്നാം രംഗം ഇങ്ങനെയാണ് തുടങ്ങുന്നത്. 'രംഗവേദിയുടെ മുൻപകുതിയിൽ വെളിച്ചം നിറഞ്ഞ് നിൽക്കുന്നു. പിൻ പകുതിയിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു. സംഗീതം മൃദുലമായ രീതിയിൽ തുടങ്ങി കുറേശ്ശേ ഉച്ചത്തിലേക്ക് കടക്കുമ്പോൾ, മുൻപകുതിയിലെ വെളിച്ചം കുറേശ്ശെ മങ്ങുന്നു. പിൻപകുതിയിലുള്ള തിരശ്ശീലയിൽ നിഴലായ്, താഴെ നിന്നും മുകളിലേക്ക് ഒരു വാൾ പതിയെ ഉയരുന്നു. നിഴൽ പകുതി ആകുമ്പോൾ ഒരു സ്ത്രീയുടെ രോധനശബ്ദം കേൾക്കുന്നു.

സ്ത്രീ :- "അയ്യോ എൻ്റെ കുഞ്ഞിനെ രക്ഷിക്കൂ. അതിനെ കൊല്ലരുതേ.. എൻ്റെ ഒരേ ഒരു മകൻ ആണ് " (സ്ത്രീയുടെ നിഴൽ, ഒരു വാൾ ഉയർത്തി നിൽക്കുന്ന പട്ടാളക്കാരൻ, ഉടൻ കുറേ സ്ത്രീകളുടെ കൂട്ടക്കരച്ചിൽ, നിലവിളി, വാൾ ഉയർന്നു താഴുന്നു, സ്ത്രീ താഴെ വീഴുന്ന ശബ്ദം)' എത്ര സൂക്ഷമായിട്ടാണ് നാടകരചന മുന്നേറുന്നത് എന്നതിൻ്റെ ഒരു സൂചനമാത്രമാണിത്.

ഈ പുതുമയുള്ള ബൈബിൾ നാടകം എഴുത്തുകാരൻ്റെ അറിവോടെ ഇതുവരെ ആരും രംഗത്ത് അവതരിപ്പിച്ചിട്ടില്ല. ഇത് പുസ്തകമായി ലഭ്യമായിരിക്കുന്നതിനാൽ നാടകപ്രേമികൾ ഈ പേരിലോ മറ്റു പേരിലോ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. എഴുത്തുകാരൻ്റെ മനസ്സിലെ നാടകം അക്ഷരങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നതിനാൽ ഇത് ഭാവിയിൽ നാടകമാക്കുന്ന സംവിധായകന് സ്വന്തന്ത്രമായി ഈ നാടകത്തെ കൂടുതൽ മുന്നോട്ട് നയിക്കാനാവും.

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള ഫേബിയൻ ബുക്സാണ് ഈ നാടകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തുകാരൻ്റെ 92 പേജുകളുള്ള ഈ ആദ്യപുസ്തകത്തിൻ്റെ വില 110 രൂപയാണ്. ഈ നാടകത്തിൻ്റെ ഇംഗ്ളീഷ് പുസ്തകം 'Peter's Sward' എന്ന പേരിൽ ആമസോണിലും ലഭ്യമാണ്

ജേക്കബ് തോമസ് വിളയിൽ

ആലപ്പുഴ ജില്ലയിലെ നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ വിളയിൽ നാടകനടനും എഴുത്തുകാരനും 33 വർഷം അധ്യാപകനുമായിരുന്ന  മത്തായി തോമസിൻ്റെയും സാറാമ്മ തോമസിൻ്റെയും സീമന്തപുത്രനായി ജനനം. തോമസ് നൂറനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പിതാവിൻ്റെ 'ആശാലോകം',  'മധുമരീചിക' എന്നീ നൃത്തസംഗീത നാടകങ്ങൾ അനേകം വേദികളിൽ പ്രൊഫഷണലായി അവതരിപ്പിച്ചിട്ടുണ്ട്. 1970 ൽ ആശാലോകം നാടകം പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ജി.എൽ.പി.എസ് പയ്യനല്ലൂർ, ഹോളി ഏഞ്ചൽസ് അടൂർ, പോപ്പ് പയസ് കറ്റാനം എന്നിവിടങ്ങളിൽ സ്കൂൾ പഠനം. തിരുവനന്തപുരം ഗവണമെൻ്റ് ആർട്ട്സ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം, മദ്രാസ് ലോയോളാ കോളേജിൽ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം. സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ നിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ (Environmental Science) ബിരുദാനന്തര ബിരുദം, സെൻ്റ് പീറ്റേഴ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് എജ്യൂക്കേഷൻ ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദവും നേടി.
മദ്രാസിൽ നിന്നും തുടങ്ങിയ അധ്യാപനജീവിതം പിന്നീട് ആഫ്രിക്കയിലുള്ള ബോട്ട്സ് വാനിൽ എത്തിച്ചു. ഇപ്പോൾ ന്യൂജേഴ്സിയിൽ പബ്ളിക് ഹൈസ്കൂളിൽ രസതന്ത്ര അധ്യാപകനായി ജോലി തുടരുന്നു.
ഇത് പ്രസിദ്ധീകൃതമായ ആദ്യപുസ്തകമാണ്. ഇംഗ്ളീഷിലും മലയാളത്തിലും എഴുതിയ ഏഴു ബൈബിൾ നാടകങ്ങൾ വിവിധ വേദികളിൽ അവതരിപ്പിച്ചത് കൈവശം ഉണ്ട്. അതൊക്കെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള അലോചനയിലാണ് നാടകകൃത്ത്.    
ന്യൂജേഴ്സിയിൽ കുടുംബ സമേതം താമസിക്കുന്നു. എഴുത്തുകാരനും ഷോർട്ട്ഫിലിം ഡോക്കുമെൻ്റ്രി സംവിധായകനുമായ ഫിലിപ്പ് തോമസ് സഹോദരനാണ്. 
ഭാര്യ :- ഷാൻ്റി ജെയിംസ്, മക്കൾ :- ഷാരൺ, മെറിൻ.
ഇ-മെയിൽ: jacthomann@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക