
ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രതിബദ്ധതക്കും മുന്‍തൂക്കം നല്കി ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടനയുടെ ആറാമത് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് പയനിയര്‍ ക്ലബ്ബ് ഓഫ് കേരളൈറ്റ്സ് അര്‍ഹരായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക നന്മക്കായുള്ള പദ്ധതികളും കാഴ്ചവയ്ക്കുന്ന വ്യക്തികളേയും ചെറിയ സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ആറ് വര്‍ഷമായി എക്കോ നല്‍കിവരുന്ന അവാര്‍ഡാണ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്. പത്രവാര്‍ത്തകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും മുന്‍കൂട്ടി അപേക്ഷകള്‍ ക്ഷണിച്ച് ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്താണ് ഏറ്റവും അര്‍ഹരായവരെ നിശ്ചയിക്കുന്നത്. അതിനായി രൂപീകരിക്കപ്പെട്ട പ്രത്യേക കമ്മറ്റി ഈ വര്‍ഷം ലഭിച്ച വിവിധ അപേക്ഷകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നുമാണ് പയനിയര്‍ ക്ളബ്ബിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. രണ്ടായിരത്തി അഞ്ഞൂറ് ഡോളറും ($2,500) പ്രശംസാഫലകവുമാണ് സമ്മാനമായി നല്‍കുന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കുടിയേറ്റ മലയാളികളുടെ ഒരു സംഘടനയാണ് പയനിയര്‍ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ്. കുടിയേറ്റക്കാരായി അമേരിക്കയില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന അന്‍പത്തി അഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രം അംഗത്വം നല്കുന്ന സംഘടനയാണ് പയനിയര്‍ ക്ലബ്ബ്. അതിനാല്‍ തന്നെ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സംഘടനയാണ് പ്രസ്തുത ക്ലബ്ബ്. മുതിര്‍ന്ന പൗരന്മാരെ ഒത്തു ചേര്‍ത്ത് അവരുടെ കൂട്ടായ്മയിലൂടെയും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് പങ്ക് നല്‍കിയും കേരളത്തിലും മറ്റ് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അര്‍ഹതപ്പെട്ട നിര്‍ധനര്‍ക്ക് വൈദ്യസഹായവും, ഭവന നിര്‍മ്മാണ സഹായവും മറ്റു പല വിധത്തിലുള്ള കൈത്താങ്ങലുകളും പയനിയര്‍ ക്ലബ്ബ് നല്കിവരുന്നു. അതിലുപരി സമൂഹത്തില്‍ വാര്‍ദ്ധക്യ സഹജമായ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് തണലായി അവരെ ഒത്തൊരുമിപ്പിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ശാരീരിക ബിദ്ധിമുട്ടുകളാലും പലതരം അസുഖങ്ങളാലും ഭവനത്തില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് സാന്ത്വന വാക്കുകള്‍ നല്കി മാനസിക ഉത്തേജനം നല്‍കുന്നതിനും പയനിയര്‍ ക്ലബ്ബ് അംഗങ്ങള്‍ മുന്‍കൈ എടുത്തുവരുന്നു.

2002 ഏപ്രില്‍ മാസം ഏതാനും കുടിയേറ്റ അമേരിക്കന്‍ മലയാളികള്‍ കൂടിച്ചേര്‍ന്ന് സൗഹൃദം പങ്ക് വയ്ക്കുന്നതിനും, സാംസ്കാരിക കൂട്ടായ്മക്കായും രൂപീകരിച്ച സംഘടനയാണ് പയനിയര്‍ ക്ലബ്ബ്. പരേതനായ പാസ്റ്റര്‍ ആച്ചോയ് മാത്യു സ്ഥാപക പ്രസിഡന്റായി സ്ഥാനമേറ്റ് ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം പ്രസ്തുത ക്ലബ്ബിനെ മുമ്പോട്ട് നയിച്ചു. പിന്നീട് അടുത്ത നാല് വര്‍ഷത്തോളം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാനും യുണൈറ്റഡ് നേഷന്‍സ് ഉദ്യോഗസ്ഥനുമായിരുന്ന ജോര്‍ജ് എബ്രഹാമിന്റെയും മനുഷ്യസ്നേഹിയും ബിസിനെസ്സ്കാരനുമായ വി.എം.ചാക്കോയുടെയും നേതൃത്വത്തില്‍ കൂടുതല്‍ അംഗങ്ങളെ സംഘടനയിലേക്ക് ചേര്‍ത്ത് പ്രവര്‍ത്തനം വിപുലീകരിച്ചു. അതിനുശേഷം 2018-ല്‍ ജേക്കബ് ജോര്‍ജും ജോര്‍ജ് തൈലയും ചേര്‍ന്ന ടീം സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു.
പിന്നീട് 2022 നവംബര്‍ മുതല്‍ നിലവിലുള്ള ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പരിപാടികളും നടത്തിവരുന്നു. 2022 മുതല്‍ പ്രസിഡന്റ് ജോണി സക്കറിയ, സെക്രട്ടറി വര്‍ഗ്ഗീസ് എബ്രഹാം (രാജു), ട്രഷറര്‍ ജോണ്‍ പോള്‍; വൈസ് പ്രസിഡന്റ് തോമസ് പാലത്തറ, ജോയിന്റ് സെക്രട്ടറി ലോണാ എബ്രഹാം, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എം. ചാക്കോ, ജേക്കബ് ജോര്‍ജ്, തോമസ് കൈപ്പകശ്ശേരില്‍ എന്നിവരുടെ നേതൃത്വം സംഘടനയെ നയിക്കുന്നു. പ്രസ്തുത നേതൃത്വത്തിന്റെ ചുമതലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും സാമൂഹിക പരിപാടികളും വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ മുന്നൂറിലധികം അംഗബലമുള്ള സംഘടനയില്‍ ഏകദേശം നൂറോളം അംഗങ്ങളുടെ നിസ്സീമമായ സഹകരണത്താല്‍ ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറോളം ഡോളര്‍ ($22,500) സമാഹരിച്ച് വയനാട് പ്രളയ ദുരിതത്തില്‍ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിനുള്ള ധന സഹായം നല്കി. 50-ല്‍ അധികം നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായ തുക പയനിയര്‍ ക്ലബ്ബ് നല്കി വരുന്നു. നിരവധി നിര്‍ധനര്‍ക്ക് കേരളത്തില്‍ വൈദ്യ സഹായനിധിയായി നല്ലൊരു സംഖ്യ കഴിഞ്ഞ വര്‍ഷം നല്കുകയുണ്ടായി. ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ഭവനങ്ങളിലും നഴ്സിംഗ് ഹോമുകളിലും ശരണം പ്രാപിച്ചിരിക്കുന്ന ധാരാളം പേരെ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസ വചനങ്ങള്‍ നല്കി സാന്ത്വനം നല്‍കുന്നതിനായി ക്ലബ്ബ് അംഗങ്ങള്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ മരണാന്തര ചടങ്ങുകള്‍ക്ക് സാമ്പത്തിക സഹായവും പയനിയര്‍ ക്ലബ്ബ് നല്‍കുന്നുണ്ട്.

പയനിയര്‍ ക്ലബ്ബിന്റെ ഇത്തരം ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഈ വര്‍ഷത്തെ എക്കോയുടെ ആറാമത് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിനായി ഈ സംഘടനയെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ജെറിക്കോയിലുള്ള കൊട്ടിലിയന്‍ റെസ്റ്റോറന്റില്‍ (The Cotillion, 440 Jericho Turnpike, Jericho , NY 11753) നടക്കുന്ന ECHO Annual Dinner and Award Ceremony-യില്‍ വച്ച് നൂറുകണക്കിന് മനുഷ്യസ്നേഹികളുടെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളുടെയും നിറ സാന്നിധ്യത്തില്‍ അവാര്‍ഡ് ദാനം നടക്കുന്നതായിരിക്കും. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാദര്‍ ഡേവിസ് ചിറമേല്‍ അച്ചനും, തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്നതാണ്. ഈ വര്‍ഷം ഭൂകകമ്പത്തില് എല്ലാം നഷ്ടപ്പെട്ട നേപ്പാളിലെ ജനങ്ങളെ സഹായിക്കുന്നതിനായി ECHO ഒരു ഫണ്ട് റൈസര്‍ പരിപാടിയും വാര്‍ഷിക ഡിന്നര്‍ മീറ്റിംഗിനോടൊപ്പം നടത്തുന്നു. ന്യൂയോര്‍ക്കിലെ നേപ്പാള്‍ കോണ്‍സല്‍ ജനറല്‍ ആദരണീയനായ ശ്രീ. ദാധിറാം ഭണ്ടാരി പ്രസ്തുത ഡിന്നര്‍ മീറ്റിംഗില്‍ അതിഥിയായി പങ്കെടുക്കുന്നതിന് സമ്മതിച്ചിട്ടുണ്ട്. ഉദാരമനസ്കരും മനുഷ്യസ്നേഹികളുമായ എല്ലാവരും നേപ്പാള്‍ സഹായ നിധിയിലേക്ക് മനസ്സറിഞ്ഞ് സംഭാവന നല്‍കണമെന്ന് ECHO ഭാരവാഹികളും സംഘാടകരും അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 516-902-4300. Visit: www.echoforhelp.org