
എല്‍മണ്ട്, ന്യൂയോര്‍ക്ക് : കേരള സെന്ററിന്റെ 34-ാമത് അവാര്‍ഡ്ദാന ചടങ്ങ് പ്രൗഢ ഗംഭീരമായി. ഒക്ടോബര്‍ 24ന് വൈകുന്നേരം എല്‍മണ്ടിലെ സെന്റര്‍ ആസ്ഥാനത്തായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരും സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ ഒമ്പത് വ്യക്തികളെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.
ഈ വര്‍ഷം ആദരിക്കപ്പെട്ടവരും അവരുടെ പ്രവര്‍ത്തന മേഖലകളും: ലെജിസ്ലേറ്റര്‍ ആനന്ത് നമ്പ്യാര്‍-രാഷ്ട്രീയ നേതൃത്വം& മുഖ്യപ്രഭാഷകന്‍, ഡോ.ജോ വര്‍ഗീസ്-വൈദ്യശാസ്ത്രം, ഡോ.ബിന എസ്. പീറ്റേഴ്‌സ്- നഴ്‌സിംഗ് നേതൃത്വം, ഡോ.ഗിരീഷ് കുമാര്‍ പണിക്കര്‍-അപ്ലൈഡ് സയന്‍സ്, ടി.എസ്.നന്ദകുമാര്‍-പെര്‍ഫോമിംഗ് ആര്‍ട്‌സ്, സിബി ഡേവിഡ്-കമ്മ്യൂണിറ്റി സര്‍വീസ്, പ്രിന്‍സ് ജോണ്‍സണ്‍-വിദ്യാഭ്യാസം, ജോസ് ചെരിപുറം-പ്രവാസി മലയാള സാഹിത്യം, ഇന്‍സ്‌പെക്ടര്‍ ഷിബു മധു- ഗവണ്‍മെന്റ്& പബ്ലിക് സര്‍വീസ്.
കേരള സെന്റര്‍ ബോര്‍ഡ് മെമ്പറും പ്രോഗ്രാം ചെയര്‍മാനുമായ ജെസ്വിന്‍ സാമുവലിന്റെ ആമുഖ പ്രസംഗത്തോടെ പുസ്‌കാര ചടങ്ങിന് തിരശ്ശീല ഉയര്‍ന്നു. ഡെയ്‌സി സറ്റീഫന്‍ പള്ളിപറമ്പില്‍ ആയിരുന്നു എം.സി. ബെയ്‌ലി സ്റ്റീഫന്റെ അമേരിക്കന്‍ ദേശീയ ഗാനവും ബിന്‍സി ചെറിയാന്റെ ഇന്ത്യന്‍ ദേശീയ ഗാനവും ഹൃദയഹാര്യമായിരുന്നു. പ്രസിഡന്റ് അലക്‌സ് കെ. എസ്തപ്പാന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചുകൊണ്ട് അവാര്‍ഡ്ദാന ചടങ്ങ് ധന്യമാക്കാന്‍ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു. നാസ്സോ കൗണ്ടി ലെജിസ്ലേറ്റര്‍ കാരിയെ സൊളേജസ്, മുന്‍ സെനറ്റര്‍ കെവിന്‍ തോമസ് എ്ന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാനും അവാര്‍ഡുകള്‍ സമ്മാനിക്കാനും സന്നിഹിതരായിരുന്നു.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി അംഗവുമായ ഡോ.തോമസ് എബ്രഹാം കേരള സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ചരിത്രവും വിവരിച്ചു സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെയും അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍മാനായ ഡോ.മധു ഭാസ്‌കരന്‍ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ വിവരിച്ച് സംസാരിക്കുകയും മുഖ്യപ്രഭാഷകനും രാഷ്ട്രീയ നേതൃത്വത്തിനുള്ള അവാര്‍ഡ് ജേതാവുമായ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റര്‍ ആനന്ത് നമ്പ്യാരെ പരിചയപ്പെടുത്തി. അദ്ദേഹം കൗണ്ടിയിലെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ അമേരിക്കനും ഹിന്ദുമത വിശ്വാസിയുമായ അംഗമാണ്. ലെജിസ്ലേറ്റര്‍ നമ്പ്യാര്‍ തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം ഇവിടത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ കൂടുതല്‍ ഭാഗഭാക്കാകണമെന്നും അമേരിക്കയെ ഒരു എ.ടി.എം. മെഷീനായി മാത്രം കാണരുതെന്നും ഉത്‌ബോധിപ്പിച്ചു. കേരള സെന്റര്‍ ഗ്രാന്‍ഡ് പേട്രനും ട്രസ്റ്റീ ബോര്‍ഡ് മെംബറും ആയ വര്‍ക്കി എബ്രഹാം അവാര്‍ഡ് സമ്മാനിച്ചു.
വൈദ്യശാസ്ത്ര നേട്ടത്തിനുള്ള അവാര്‍ഡ് ലഭിച്ച ഡോ.ജോ.വര്‍ഗ്ഗീസ് സ്‌റ്റേണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോളജി വിഭാഗത്തിലെ ചെയര്‍മാനും ഡിസ്റ്റിംഗ്വിഷ്ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമാണ്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കുടിയേറ്റംകൊണ്ട് കോഗ്നിഷനില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ പരിശോധിക്കുന്ന എന്‍.ഐ.എച്ച് ധനസഹായത്തോടെയുള്ള 'അക്കരെ'(AKKARE)ഗവേഷണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. കേരള സെന്റര്‍ യൂത്ത് ഫോറം ട്രഷറര്‍ ജോയല്‍ തോമസ് അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റര്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.തോമസ് എബ്രഹാം അവാര്‍ഡ് സമ്മാനിച്ചു.

നഴ്‌സിംഗ് നേതൃത്വത്തിന് അവാര്‍ഡ് ലഭിച്ച ഡോ.ബീന പീറ്റേഴ്‌സ് യു.എസ്.എ.യിലെ മൂന്നാമത്തെ വലിയ പൊതുജനാരോഗ്യ സംവിധാനമായ കുക്ക് കൗണ്ടി(ചിക്കാഗോ) ഹെല്‍ത്തിലെ സിസ്റ്റം ചീഫ് നഴ്‌സിംഗ് എക്‌സിക്യൂട്ടീവ് ആയിരുന്നു. ആരോഗ്യ സാങ്കേതിക കമ്പനിയായ എച്ച്ആര്‍ടിഎല്‍വൈ ഇന്‍കോര്‍പ്പറേറ്റഡിന്റെ(HRTLY, Inc.) സഹസ്ഥാപകയും ഇപ്പോഴവര്‍ അതിന്റെ ചീഫ് ക്ലിനിക്കല്‍ ഓഫീസറുമാണ്. കേരള സെന്റര്‍ അവാര്‍ഡ് കമ്മിറ്റി മെമ്പര്‍ ഡോ.മേരിലിന്‍ ജോര്‍ജ് അവരെ പരിചയപ്പെടുത്തി. കേരള സെന്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മധു ഭാസ്‌കരന്‍ അവാര്‍ഡ് സമ്മാനിച്ചു.
അപ്ലൈഡ് സയന്‍സില്‍ അവാര്‍ഡ് ലഭിച്ച ഡോ.ഗിരീഷ് കുമാര്‍ പണിക്കര്‍ ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളെക്കുറിച്ചുള്ള സി-ഫാക്ടര്‍( കവര്‍ ആന്‍ഡ് മാനേജ്‌മെന്റ്) ഗവേഷണത്തില്‍ പ്രാവീണ്യമുള്ള അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ കാര്‍ഷിക ശാസ്ത്രജ്ഞനാണ്. മിസിസിപ്പിയിലെ ആല്‍കോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് ആന്‍ഡ് സോയില്‍ സയന്‍സസില്‍ പ്രൊഫസറും യു.എസ്ഡിഎ കണ്‍സര്‍വേഷന്‍ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറുമാണ് അദ്ദേഹം. കേരള സെന്ററിന്റെ മുന്‍ അവാര്‍ഡിയായ ജോഹരത്ത് കുട്ടി അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റര്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ഡോ.ഉണ്ണി മൂപ്പന്‍ അവാര്‍ഡ് സമ്മാനിച്ചു.
പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ അവാര്‍ഡ് ലഭിച്ച ടി.എസ്. നന്ദകുമാര്‍ ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് സംഗീത-നാടക അക്കാദമി അവാര്‍ഡും മറ്റ് നിരവധി ബഹുമതികളും നേടിയിട്ടുള്ള വ്യക്തിയാണ്. ബോംബെ നന്ദകുമാര്‍ എന്നും അറിയപ്പെടുന്ന ടി.എസ്.എന്‍. അന്താരാഷ്ട്രതലത്തില്‍ പ്രശംസ നേടിയ മൃദംഗ വിദഗ്ധന്‍, അധ്യാപകന്‍, സംഗീതസംവിധായകന്‍, എഴുത്തുകാരന്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ സാംസ്‌കാരിക അംബാസഡര്‍ എന്നീനിലകളില്‍ നിരവധി പതിറ്റാണ്ടുകളായുള്ള വിശിഷ്ടമായ ഒരു കരിയറാണ് അദ്ദേഹത്തിനുള്ളത്. 1998-ല്‍ ബോംബെയില്‍ സ്ഥാപിതമായതും പിന്നീട് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്തതുമായ ടി.എസ്.എന്റെ പെര്‍ക്കസീസ് ആര്‍ട്‌സ് സെന്ററിന്റെ (ടിഎസ്എന്‍പിഎസി) സ്ഥാപകനാണ്. കേരള സെന്റര്‍ മമ്പര്‍ ഷൈനു ഗീവര്‍ഗീസ് അ്‌ദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം ഫിലിപ്പ് അവാര്‍ഡ് സമ്മാനിച്ചു.
കമ്മ്യൂണിറ്റി സേവനത്തിന് അവാര്‍ഡ് ലഭിച്ച സിബി ഡേവിഡ് നാല് പതിറ്റാണ്ടുകളായി പൊതുസേവനം, കേരളീയ കലകള്‍, സംസ്‌കാരം, മാനവിക സംരംഭങ്ങള്‍, കമ്മ്യൂണിറ്റി നേതൃത്വം എന്നിവയില്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ്. കേരള സെന്റര്‍ യൂത്ത് ഫോറം സെക്രട്ടറി സാമുവല്‍ ജോസഫ് അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റര്‍ ബോര്‍ഡ് മെമ്പറും കൈരളി ടിവി യൂഎസ്.എ. സാരഥിയുമായ ജോസഫ് കാടാപ്പുറം മുന്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിന്റെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡ് സമ്മാനിച്ചു.
വിദ്യാഭ്യാസസമേഖലയിലെ മികവിനുള്ള അവാര്‍ഡ് ലഭിച്ച പ്രിന്‍സ് ജോണ്‍സണ്‍ 2026-ലെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും 2025-ലെ ഗില്‍ഡര്‍ ലേമന്‍ ന്യൂയോര്‍ക്ക് ഹിസ്റ്ററി ടീച്ചര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേടിയ 27 വര്‍ഷത്തെ പരിചയസമ്പന്നനായ അധ്യാപകനാണ്. കരിയര്‍, സാങ്കേതിക വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി വാദിക്കുന്ന അദ്ദേഹം ന്യൂയോര്‍ക്ക് നഗരത്തിലെ ഫുഡ് ആന്‍ഡ് ഫിനാന്‍സ് ഹൈസ്‌ക്കൂളില്‍ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുകയും NYCPS ക്ലൈമറ്റ് എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് ടീമില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. കേരള സെന്ററിന്റെ മുന്‍ അവാര്‍ഡിയായ ഡോ.അന്ന ജോര്‍ജ് അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്ററിന്റെ മുന്‍ അവാര്‍ഡിയും ബോര്‍ഡ് മെമ്പറും ഫോമാ മുന്‍ പ്രസിഡന്റുമായ ബേബി ഊരാളില്‍ അവാര്‍ഡ് സമ്മാനിച്ചു.

പ്രവാസി മലയാള സാഹിത്യത്തില്‍ അവാര്‍ഡ് ലഭിച്ച ജോസ് ചെരിപുറം പ്രതിഭാസമ്പന്നനായ കവിയും ഹാസ്യ സാഹിത്യകാരനുമാണ്. സര്‍ഗ്ഗവേദി, ലാന എന്നീ സാഹിത്യക്കൂട്ടായ്മകളില്‍ സജീവമാണ് അദ്ദേഹം. കാവ്യനര്‍ത്തകി(കവിതകള്‍ 2011), അളിയന്റെ പടവലങ്ങ്(നര്‍മ്മം 2012) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കവിത, നര്‍മ്മം, ലേഖനങ്ങള്‍ എന്നിവ എഴുതുന്നത് തുടരുന്നു. കേരള സെന്റര്‍ മെമ്പര്‍ ആമി ചെരിപുറം അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റര്‍ മെമ്പറും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആദരണീയ നേതാവുമായ ജെ.മാത്യൂസ് അവാര്‍ഡ് സമ്മാനിച്ചു.
സര്‍ക്കാര്‍, പൊതുസേവനം എന്നീ മേഖലകളിലെ മികവിനുള്ള 2025 ലെ അവാര്‍ഡു ജേതാവും എ്ന്നാല്‍ ഫാമിലി എമര്‍ജന്‍സി കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഇന്‍സ്‌പെക്ടര്‍ ഷിബു മധുവിനെ ഈ വര്‍ഷത്തെ ചടങ്ങില്‍ ആദരിച്ചു. കേരള സെന്ററിന്റെ യൂത്ത് ഫോറം ട്രഷറര്‍ ജോയല്‍ തോമസ് അദ്ദേഹത്തെ പരിചപ്പെടുത്തി. കേരള സെന്റര്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ അറ്റോര്‍ണി അപ്പന്‍ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

ഈ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി ചെയര്‍ മേരി ഫിലിപ്പ് മറ്റ് കമ്മറ്റിയഗംങ്ങളായ ജോസ് കാടാപ്പുറം, മാത്യു വാഴപ്പള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ സര്‍ഗവേദി കോ-ഓര്‍ഡിനേറ്റര്‍ മനോഹര്‍ തോമസിന് ഒരു കോപ്പി നല്‍കികൊണ്ട് പ്രകാശനം ചെയ്തു.

പയനിയര്‍ ക്ലബ്, സര്‍ഗ്ഗവേദി, ഗോപിയോ, ഫൊക്കാന, ഫോമ മുതലായ സംഘടനകളുടെ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിറ്റി സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരള സെന്റര്‍ ഭാരവാഹികളായ എബ്രഹാം തോമസ്, ജോണ്‍ പോള്‍, മാത്യു വാഴപ്പള്ളി, ജെയ്‌സണ്‍ ഗീവര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന്റെ എംസിയായിരുന്ന ഡയ്‌സി സ്റ്റീഫന്‍ പള്ളിപറമ്പില്‍ ഈ പരിപാടിയെ ഹൃദയസ്പര്‍ശിയായ ഒരനുഭവമാക്കി. തഹ്‌സീന്‍, ബിന്‍സി, പ്രേം കൃഷ്ണന്‍ എന്നിവരുടെ മനോഹരമായ ഗാനങ്ങളും ഡോ. മധു പിള്ള കോര്‍ഡിനേറ്റു ചെയ്യുന്ന കലാഗ്രൂപ്പിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാര്‍ഡ് ചടങ്ങിന് വര്‍ണ്ണപ്പകിട്ടേകി. സെക്രട്ടറി രാജു തോമസ് വിശിഷ്ട വ്യക്തികള്‍ക്കും സദസ്യര്‍ക്കും സ്‌പോണ്‍സേഴ്‌സിനും ഈ പരിപാടി വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കൊട്ടിലിയന്‍ റെസ്റ്ററന്റ് കേറ്റര്‍ ചെയ്ത വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി 2026 ലെ അവാര്‍ഡ് ദാന ചടങ്ങിന് തിരശ്ശീല വീണു.