
വാഷിങ്ടൺ: വെനസ്വേല അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി മാറിയേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തിന് പ്രസിഡന്റിനു പകരം ഗവർണറെ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു. ടെക്സസിലെ കോർപ്പസ് ക്രിസ്റ്റി തുറമുഖത്ത് ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കൻ പ്രചാരണ റാലിയിലാണ് ട്രംപിന്റെ പരാമർശം.
വെനസ്വേലയിൽനിന്ന് ഒരു മില്യൺ ബാരൽ ക്രൂഡ് ഓയിൽ വഹിച്ചെത്തിയ കപ്പൽ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രസംഗം. വെനസ്വേല സമ്പന്നമായ രാജ്യമായി മാറുമെന്നും ഒരുപക്ഷേ സമീപഭാവിയിൽ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലയുമായുള്ള യുദ്ധത്തിലെ വിജയത്തെ പരാമർശിച്ച ട്രംപ്, കപ്പലിലെ എണ്ണ അമേരിക്കൻ നികുതിദായകർക്ക് ചെലവില്ലാതെ ലഭിക്കുന്നതാണെന്നും അവകാശപ്പെട്ടു.
റാലിയിൽ എത്തിയപ്പോൾ എണ്ണയെ സമ്മാനമായി വിശേഷിപ്പിച്ചതിൽനിന്ന് രാജ്യത്തെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള സാധ്യതയിലേക്കും അദ്ദേഹം കടന്നു.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിനൊപ്പം റാലിയിൽ പങ്കെടുത്തു. റൂബിയോയെ ക്യൂബയിലേക്ക് അയക്കുമെന്നും അദ്ദേഹം 15 മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും ട്രംപ് തമാശയായി പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, അമേരിക്കയല്ല യുദ്ധം ആരംഭിച്ചതെന്നും 1979 മുതൽ ഇറാൻ അമേരിക്കക്കെതിരെ യുദ്ധം നടത്തുകയാണെന്നും ആരോപിച്ചു. ഇന്ധനവില വർധനയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, എണ്ണവില രണ്ടോ മൂന്നോ മടങ്ങ് ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യുദ്ധത്തിന് തയ്യാറായിരുന്നുവെന്നും സംഘർഷം ഉടൻ അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു.
നവംബർ 3ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റണിനും ഗവർണർ ഗ്രെഗ് അബോട്ടിനും പിന്തുണ തേടിയാണ് ട്രംപ് ടെക്സസിലെത്തിയത്. തുടർന്ന് ലബ്ബോക്കിലും അദ്ദേഹം റാലിയിൽ പങ്കെടുത്തു.
മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ അമേരിക്കൻ സൈന്യം പിടികൂടിയിരുന്നു. തുടർന്ന് ഇടക്കാല സർക്കാർ വാഷിങ്ടണുമായി എണ്ണ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.