
ക്ലീവ്ലൻഡ്: ഇന്ത്യൻ വംശജനായ സംരംഭകൻ മോണ്ടെ അഹൂജയും കുടുംബവും ക്ലീവ്ലൻഡ് സ്റ്റേറ്റ് സർവകലാശാലയ്ക്ക് (CSU) 10 മില്യൺ ഡോളർ സംഭാവന നൽകി. സർവകലാശാലയിലെ ബിസിനസ് വിദ്യാഭ്യാസ പരിപാടികൾ നവീകരിക്കുന്നതിനും വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽപരമായ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് സംഭാവന വിനിയോഗിക്കുക.
സർവകലാശാലയുടെ വാർഷിക ‘സ്റ്റേറ്റ് ഓഫ് ദ യൂണിവേഴ്സിറ്റി’ പ്രസംഗത്തിൽ പ്രസിഡന്റ് ലോറ ബ്ലൂംബെർഗാണ് സംഭാവന പ്രഖ്യാപിച്ചത്. പുതിയ പഠനസൗകര്യങ്ങൾ, തൊഴിൽപരിശീലന അവസരങ്ങൾ, സാമ്പത്തിക സഹായം എന്നിവയ്ക്കും തുക വിനിയോഗിക്കും. വടക്കുകിഴക്കൻ ഒഹായോയിലെ തൊഴിൽദാതാക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ബിസിനസ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
മോണ്ടെ അഹൂജ കോളജ് ഓഫ് ബിസിനസിന്റെ പേര് ‘അഹൂജ കോളജ് ഓഫ് ബിസിനസ് ആൻഡ് എന്റർപ്രണർഷിപ്പ്’ എന്നാക്കി മാറ്റുന്ന നിർദേശം സർവകലാശാലയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് പരിഗണിക്കും. കുടുംബത്തിന്റെ ദീർഘകാല ജീവകാരുണ്യ പ്രവർത്തനങ്ങളും അഹൂജയുടെ സംരംഭക ജീവിതവും പരിഗണിച്ചാണ് പേരുമാറ്റം. കോളജിൽ ഏകദേശം 2,200 ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ബിരുദ, ബിരുദാനന്തര ബിസിനസ് പഠനപരിപാടികൾ സമഗ്രമായി നവീകരിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ, പ്രായോഗിക പഠനം, തൊഴിൽദാതാക്കളുമായുള്ള ബന്ധം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും സംഭാവന സഹായിക്കും. കോർപറേറ്റ് പങ്കാളിത്തം വിപുലീകരിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് തൊഴിൽമേഖലയുമായി ബന്ധം സ്ഥാപിക്കാനും ബിരുദം നേടുന്നതിനു മുമ്പ് പ്രായോഗിക പരിചയം ആർജിക്കാനും അവസരമൊരുക്കും.
അധ്യാപകരുടെ മികവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി അഹൂജ കുടുംബം പ്രതിവർഷം ഒരു ലക്ഷം ഡോളർ കൂടി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഗവേഷണം, വിദ്യാർഥികൾക്കുള്ള മാർഗനിർദേശം, അക്കാദമിക സംഭാവനകൾ എന്നിവയിൽ മികവ് പുലർത്തുന്ന അധ്യാപകരെ അംഗീകരിക്കുന്നതിനും കോളജിൽ മികച്ച അധ്യാപകരെ നിലനിർത്തുന്നതിനും ഈ തുക സഹായിക്കും.
ക്ലീവ്ലൻഡ് സ്റ്റേറ്റ് സർവകലാശാലയിലെ പൂർവവിദ്യാർഥിയായ അഹൂജ, തന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ സർവകലാശാലയിലെ പഠനം നിർണായക പങ്കുവഹിച്ചതായി പറഞ്ഞു. കൂടുതൽ വിദ്യാർഥികൾക്കും അത്തരമൊരു അനുഭവം ലഭിക്കണമെന്ന ആഗ്രഹമാണ് കുടുംബത്തിന്റെ സംഭാവനയ്ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലീവ്ലൻഡ് സ്റ്റേറ്റിൽ എംബിഎ പഠിക്കുന്നതിനിടെയാണ് അഹൂജ ട്രാൻസ്റ്റാർ ഇൻഡസ്ട്രീസിന്റെ ബിസിനസ് ആശയം രൂപപ്പെടുത്തിയത്. 1975ൽ സ്ഥാപിച്ച കമ്പനി ട്രാൻസ്മിഷൻ, ഡ്രൈവ്ട്രെയിൻ അനുബന്ധ ഭാഗങ്ങളുടെ ആഗോള വിതരണക്കാരനായി വളർന്നു. നിലവിൽ ഒഹായോയിലെ ബീച്ച്വുഡ് ആസ്ഥാനമായുള്ള മുറാ ഹോൾഡിങ്സിന്റെ ചെയർമാനും സിഇഒയുമാണ് അഹൂജ.
1991 മുതൽ 2000 വരെ സർവകലാശാലയുടെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ സേവനമനുഷ്ഠിച്ച അഹൂജ ആറു വർഷം ബോർഡ് ചെയർമാനുമായിരുന്നു. 2011ൽ അഹൂജയും ഭാര്യ ഉഷയും സർവകലാശാലയ്ക്ക് 10 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളജിന് മോണ്ടെ അഹൂജ കോളജ് ഓഫ് ബിസിനസ് എന്ന പേര് നൽകിയത്.
പുതിയ സംഭാവനയോടെ സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആകെ സംഭാവന നൽകിയ കുടുംബവും ഫൗണ്ടേഷനുമായി അഹൂജ കുടുംബവും അഹൂജ ഫൗണ്ടേഷനും മാറിയതായി CSU അറിയിച്ചു.
1992ൽ ആരംഭിച്ച അഹൂജ എൻഡോവ്ഡ് സ്കോളർഷിപ്പ് ഫണ്ട് വഴി 1,500ലധികം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. 2019ൽ ആഗോള ബിസിനസ് മേഖലയിലെ അധ്യാപക ഗവേഷണത്തിനും വിദ്യാഭ്യാസ പരിപാടികളുടെ വികസനത്തിനുമായി മോണ്ടെ അഹൂജ എൻഡോവ്ഡ് ചെയറും കുടുംബം സ്ഥാപിച്ചു. CSU മാർക്കറ്റിങ് പ്രൊഫസർ രാമ ജയന്തിയാണ് നിലവിൽ ഈ പദവി വഹിക്കുന്നത്.
കുടുംബത്തിന്റെ സംഭാവനകൾ പതിറ്റാണ്ടുകളായി വിദ്യാർഥികൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകിയതായി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ തിമോത്തി കോസ്ഗ്രോവ് പറഞ്ഞു. പുതിയ സംഭാവന സർവകലാശാലയിലും വിദ്യാർഥികളിലും കുടുംബത്തിനുള്ള വിശ്വാസത്തിന്റെ തുടർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.