Image

വർഷം പെയ്യാതെ പോയൊരു വർഷം (വൈശാഖ് തൃപ്രയാർ)

Published on 29 October, 2026
വർഷം പെയ്യാതെ പോയൊരു വർഷം (വൈശാഖ് തൃപ്രയാർ)

എന്റെ ഓർമ്മകളിലെ തുലാവർഷം ഇന്നത്തേതുപോലെ ആയിരുന്നില്ല. അന്നൊക്കെ മഴക്കാലം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പുതന്നെ മഴ പെയ്തുതുടങ്ങുമായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി തോടുകളിലെ മണ്ണ് നീക്കം ചെയ്ത് വെള്ളമൊഴുകാനുള്ള വീതി കൂട്ടുന്നതും പതിവായിരുന്നു. അതുകൊണ്ടുതന്നെ മഴ പെയ്തുതുടങ്ങുമ്പോൾ തോടുകളിൽ വെള്ളം നിറയാൻ അധികം സമയമെടുക്കുമായിരുന്നില്ല. തോടുകൾ നേരത്തേ നിറഞ്ഞുതുടങ്ങുന്നതു കാണുമ്പോൾ അന്നത്തെ പ്രായമായവർ പറയുമായിരുന്നു. “തുടക്കത്തിൽത്തന്നെ തോടുകൾ ഇങ്ങനെ നിറയാൻ തുടങ്ങിയാൽ തുലാവർഷം എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ!”

അന്നത്തെ മഴക്കാലത്തിന് അതിന്റേതായൊരു താളവും സൗന്ദര്യവുമുണ്ടായിരുന്നു. മഴ പെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ചകൾ കഴിയുമ്പോഴേക്കും തോടുകളും പാടങ്ങളും നിറഞ്ഞുതുളുമ്പും. ഭൂമിയാകെ വെള്ളത്തിൽ കുളിച്ചുനിൽക്കുന്ന കാഴ്ചയായിരുന്നു എവിടെ നോക്കിയാലും. പുറത്തിറങ്ങുമ്പോൾ കുട ഒഴിവാക്കാൻ കഴിയാത്തവിധം മഴ നമ്മോടൊപ്പം ഉണ്ടായിരുന്നു. രാത്രിയാകുമ്പോൾ പാടങ്ങളിൽനിന്നുയരുന്ന തവളകളുടെയും ചീവീടുകളുടെയും ശബ്ദങ്ങൾ പരസ്പരം മത്സരിക്കുന്നതുപോലെ കേൾക്കാമായിരുന്നു. ആ ശബ്ദങ്ങൾ കേട്ടുകൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ നിറഞ്ഞിരുന്ന കുളിർമ ഇന്നും മായാതെ നിൽക്കുന്നു.

മീൻപിടിത്തവും ചങ്ങാടവുമൊക്കെയായിരുന്നു മഴക്കാലത്തെ മറ്റൊരു കൗതുകം. ഒരിടത്ത് കുട്ടികൾ നീന്തൽ പഠിക്കുമ്പോൾ മറ്റൊരിടത്ത് മീൻപിടിത്തം തകൃതിയായി നടക്കും. പ്രകൃതി ഞങ്ങൾക്ക് വെറുമൊരു കാഴ്ചയായിരുന്നില്ല; ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞ, പച്ചപ്പിൽ പൊതിഞ്ഞുനിന്ന ആ ലോകം ഇന്നും ഓർമകളിൽ തെളിഞ്ഞുനിൽക്കുന്നു.

അന്നത്തെ കാലാവസ്ഥയുടെ സുഖം എത്രത്തോളമായിരുന്നുവെന്ന് ഓർക്കുമ്പോൾ ഇന്നും അത്ഭുതം തോന്നും. ഉമ്മറക്കോലായിൽ ഒരു കൈതോലപ്പായ വിരിച്ച് വെറുതെയൊന്നു കിടന്നാൽ മതി, എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിവീണതെന്ന് നമ്മൾപോലും അറിയില്ലായിരുന്നു. കൊടുംചൂട് എന്നത് അപൂർവമായൊരു അനുഭവമായിരുന്നു. മഴയും കാറ്റും പച്ചപ്പും തണുപ്പുമെല്ലാം ചേർന്നൊരുക്കിയ ആ ജീവിതാന്തരീക്ഷം ഇന്ന് എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ഇന്നത്തെ അവസ്ഥയുമായി ആ കാലത്തെ താരതമ്യം ചെയ്യുമ്പോൾ മാറ്റമുണ്ടായി എന്നുമാത്രം പറഞ്ഞാൽ പോരാ. ഒരുപാട് മാറിമറിഞ്ഞിരിക്കുന്നു എന്നുതന്നെ പറയേണ്ടിവരും. തീച്ചൂടൊഴിഞ്ഞൊരു നേരം കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. മഴയുടെ അഭാവം ആശങ്കയാകുന്നു. ഒരിക്കൽ പച്ചപ്പണിഞ്ഞുനിന്ന ഭൂമി കരിഞ്ഞുണങ്ങുന്നു. പാടങ്ങളും തോടുകളും പല ഇടങ്ങളിലും ഓർമകളായി മാറുന്നു. കുടിവെള്ളംപോലും കിട്ടാക്കനിയാകുന്ന സാഹചര്യങ്ങൾ രൂപപ്പെടുന്നു.

മഴ പെയ്യേണ്ട കാലത്ത് പെയ്യാതിരിക്കുകയും പെയ്യുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രമായി പെയ്തൊഴിയുകയും ചെയ്യുന്ന അനുഭവങ്ങൾ ഇന്ന് അപരിചിതമല്ല. ദിവസങ്ങളിലായി ലഭിക്കേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങുമ്പോൾ വെള്ളം മണ്ണിലേക്ക് ഇറങ്ങുന്നതിനും ഭൂമിക്ക് അത് ഉൾക്കൊള്ളുന്നതിനും പരിമിതികളുണ്ടാകുന്നുനീരൊഴുക്ക് തടസ്സപ്പെട്ട ഇടങ്ങളിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും രൂക്ഷമാകുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മനുഷ്യജീവനെയും ജീവിതത്തെയും തകർക്കുന്നു. ഒരുപാട് കുടുംബങ്ങളുടെ സ്വപ്നങ്ങളും ഉപജീവനമാർഗങ്ങളും ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്നു.

കൃഷിയും മറ്റ് ജീവിതാവശ്യങ്ങളും ഓരോ വർഷം കഴിയുന്തോറും കൂടുതൽ പ്രതിസന്ധികൾ നേരിടുന്നു. മഴയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകർക്ക് വിതയ്ക്കേണ്ട സമയവും വിളവെടുപ്പിന്റെ സമയവും നിർണയിക്കുകപോലും വെല്ലുവിളിയാകുന്നു. മഴക്കാലത്തുപോലും തവളകളുടെ കരച്ചിൽ കേൾക്കുന്നത് അപൂർവമായിത്തീരുന്നു. മഴ പെയ്യുമെന്ന പ്രതീക്ഷയിൽ ആകാശത്തേക്ക് നോക്കിനിൽക്കേണ്ടിവരുന്ന സാഹചര്യവും പലപ്പോഴും ഉണ്ടാകുന്നു. ഒരിക്കൽ സ്വാഭാവികമായി ലഭിച്ചിരുന്ന മഴയ്ക്കായി ഇന്ന് കാലാവസ്ഥാ പ്രവചനങ്ങളെ ഉറ്റുനോക്കേണ്ടിവരുന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

ഈ മാറ്റങ്ങൾക്കെല്ലാം പിന്നിൽ എന്താണ്? പ്രകൃതിയുടെ സ്വാഭാവികമായ മാറ്റങ്ങൾക്കൊപ്പം മനുഷ്യന്റെ ഇടപെടലുകൾക്കും ഇതിൽ പങ്കുണ്ടോ? ഈ ചോദ്യങ്ങൾ നാം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.

വനനശീകരണം, കുന്നിടിക്കൽ, വയൽ നികത്തൽ, തണ്ണീർത്തടങ്ങൾ ഇല്ലാതാക്കൽ, അനിയന്ത്രിതമായ നിർമാണങ്ങൾ എന്നിവ നമ്മുടെ പരിസ്ഥിതിയുടെ സ്വാഭാവിക ഘടനയെ ബാധിക്കുന്നു. കാടുകളും വയലുകളും കുളങ്ങളും തോടുകളും തണ്ണീർത്തടങ്ങളും ഭൂമിയുടെ ജലസംഭരണത്തിലും നീരൊഴുക്കിന്റെ ക്രമീകരണത്തിലും നിർണായക പങ്കുവഹിക്കുന്നവയാണ്. അവ ഇല്ലാതാകുമ്പോൾ മഴവെള്ളം മണ്ണിൽ സംഭരിക്കപ്പെടുന്നതിനും ഭൂഗർഭജലസ്രോതസ്സുകൾ നിലനിർത്തുന്നതിനുമുള്ള സ്വാഭാവിക സംവിധാനങ്ങൾ ദുർബലമാകുന്നു. ഇതിന്റെ ഫലമായി ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും മറ്റുചിലയിടങ്ങളിൽ വരൾച്ചയും രൂക്ഷമാകാം.

മഴയുടെ സമയക്രമത്തിലും തീവ്രതയിലും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾ ഈ പ്രതിസന്ധികളെ കൂടുതൽ രൂക്ഷമാക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തുകൊണ്ടുള്ള വികസനം ഒടുവിൽ മനുഷ്യന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയാകുമെന്നതിന്റെ മുന്നറിയിപ്പുകളാണ് ഇന്ന് നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ നാം മറന്നുപോകുന്ന മറ്റൊരു കാര്യമുണ്ട്. പ്രകൃതി മനുഷ്യനുവേണ്ടി മാത്രമുള്ളതല്ല. മരങ്ങൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കും എണ്ണമറ്റ മറ്റു ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി. നമ്മുടെ സൗകര്യങ്ങൾക്കും വികസനത്തിനും വേണ്ടി പ്രകൃതിയുടെ ഇടങ്ങൾ ചുരുക്കുമ്പോൾ അവിടെ ജീവിച്ചിരുന്ന മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ് തകരുന്നത്. വനമേഖലകളുടെ നാശവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും വന്യജീവികൾ മനുഷ്യവാസമേഖലകളിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളിലൊന്നാണ്. മനുഷ്യന്റെ ഇടപെടലുകൾ മറ്റ് ജീവജാലങ്ങളുടെ ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന കാര്യം നാം മറന്നുപോകരുത്.

മഴയുടെ അഭാവം പ്രകൃതിയുടെ മാത്രം പ്രശ്നമല്ല; അത് നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. കുടിവെള്ളക്ഷാമം, കൃഷിനാശം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, ഉപജീവനമാർഗങ്ങളുടെ തകർച്ച, സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിങ്ങനെ നീളുന്നതാണ് അതിന്റെ പ്രത്യാഘാതങ്ങൾ. വെള്ളം ലഭിക്കാത്തതിനാൽ കൃഷി ഉപേക്ഷിക്കേണ്ടിവരുന്ന ഒരാളുടെ അവസ്ഥയും കുടിവെള്ളത്തിനായി ദൂരങ്ങൾ താണ്ടേണ്ടിവരുന്ന ഒരു കുടുംബത്തിന്റെ ബുദ്ധിമുട്ടും നമുക്ക് നിസ്സാരമായി കാണാനാകുമോ? പ്രകൃതിയിലെ മാറ്റങ്ങൾ മനുഷ്യജീവിതത്തെ എത്രത്തോളം ആഴത്തിൽ ബാധിക്കുന്നുവെന്ന് തിരിച്ചറിയാൻ ഇത്തരം അനുഭവങ്ങൾ മാത്രം മതി.

ഇനി നാം സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്: ഈ അവസ്ഥയിൽനിന്ന് ഒരു മാറ്റം സാധ്യമാക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും?

പരസ്പരം കുറ്റപ്പെടുത്തുന്നതുകൊണ്ടോ പഴയ കാലത്തെ ഓർത്ത് ദുഃഖിക്കുന്നതുകൊണ്ടോ മാത്രം ഒന്നും മാറില്ല. നമ്മുടെ ജീവിതരീതികളിലും വികസനസങ്കൽപ്പങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നാം തയ്യാറാകണം. പ്രകൃതിയോടൊപ്പം ജീവിക്കാൻ പഠിക്കുക എന്നതാണ് അതിന്റെ ആദ്യപടി. നാം നഷ്ടപ്പെടുത്തിയ പ്രകൃതിബോധം തിരിച്ചുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നികത്തപ്പെട്ട കുളങ്ങളും തോടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനും സാധ്യമായിടങ്ങളിൽ വീണ്ടെടുക്കാനും ശ്രമിക്കണം. വയലുകൾ നികത്തുന്നതും കുന്നുകൾ അനിയന്ത്രിതമായി ഇടിച്ചുനിരത്തുന്നതും വനമേഖലകൾ നശിപ്പിക്കുന്നതും നിയന്ത്രിക്കണം. നാടൻ മരങ്ങൾ നട്ടുപിടിപ്പിക്കുകയും നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുകയും വേണം. മഴവെള്ളസംഭരണത്തിന് കൂടുതൽ പ്രാധാന്യം നൽകണം. പ്ലാസ്റ്റിക് മാലിന്യങ്ങളും കീടനാശിനികളും ഉൾപ്പെടെയുള്ള മലിനീകരണകാരികൾ പ്രകൃതിയിലേക്കെത്തുന്നത് കുറയ്ക്കണം. വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം നിയന്ത്രിക്കുന്നതിനും ഊർജം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനും നാം ശ്രദ്ധിക്കണം.

ഇതെല്ലാം സർക്കാരിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മാത്രം ഉത്തരവാദിത്തമല്ല. വ്യക്തികൾക്കും കുടുംബങ്ങൾക്കും നാട്ടുകൂട്ടങ്ങൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടേതായ പങ്കുണ്ട്. നമ്മുടെ വീടുകളിലും പരിസരങ്ങളിലും വെള്ളം പാഴാക്കാതിരിക്കുക, മഴവെള്ളം സംഭരിക്കുക, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, മരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾക്കുപോലും പ്രാധാന്യമുണ്ട്. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്താനും ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണ നടപടികളെ പിന്തുണയ്ക്കാനും നാം തയ്യാറാകണം.

ഇത്തരം ശ്രമങ്ങളിലൂടെ പഴയ കാലാവസ്ഥയെ അതേപടി തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പുനൽകാനാവില്ല. എന്നാൽ പ്രകൃതിയുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ജലസ്രോതസ്സുകൾ സംരക്ഷിക്കാനും വെള്ളപ്പൊക്കത്തിന്റെയും വരൾച്ചയുടെയും ആഘാതങ്ങൾ കുറയ്ക്കാനും നമുക്ക് കഴിയും. അതിനുള്ള കൂട്ടായ ശ്രമങ്ങളാണ് ഇന്ന് ഏറ്റവും ആവശ്യം.

എന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നത് ആ പഴയ മഴക്കാലമാണ്. തോടുകൾ നിറഞ്ഞൊഴുകിയിരുന്ന കാലം, പാടങ്ങളിൽനിന്നുയർന്നിരുന്ന തവളകളുടെ ശബ്ദം, ചങ്ങാടവും മീൻപിടിത്തവും നിറഞ്ഞ കുട്ടിക്കാലം, മരങ്ങൾ തിങ്ങിനിന്ന പച്ചപ്പ്, കൈതോലപ്പായ വിരിച്ച ഉമ്മറക്കോലായിലെ സുഖകരമായ ഉറക്കം  അതൊന്നും വെറും ഓർമകളായി മാത്രം അവശേഷിക്കരുതെന്നാണ് ആഗ്രഹം. പഴയ കാലാവസ്ഥ അതേപടി തിരിച്ചുവരണമെന്നു വാശിപിടിക്കുകയല്ല; പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നൊരു ജീവിതം നമുക്കും വരുംതലമുറകൾക്കും സാധ്യമാകണമെന്നാണ് ആഗ്രഹം.

മഴ പെയ്യാത്തതിനെക്കുറിച്ച് മാത്രം പരാതി പറഞ്ഞിട്ട് കാര്യമില്ല. മഴയെ സ്വീകരിക്കാൻ നമ്മുടെ ഭൂമിയെ എത്രത്തോളം ഒരുക്കിനിർത്തിയിട്ടുണ്ട് എന്നുകൂടി നാം ചിന്തിക്കണം. മഴ പെയ്യുമ്പോൾ അത് മണ്ണിലേക്കിറങ്ങാനും ഭൂമിയിൽ സംഭരിക്കപ്പെടാനും സ്വാഭാവികമായി ഒഴുകിപ്പോകേണ്ടിടത്ത് ഒഴുകിപ്പോകാനും കഴിയുന്ന സാഹചര്യം സംരക്ഷിക്കണം. പ്രകൃതിയുടെ സ്വാഭാവിക വഴികൾ അടച്ചുപൂട്ടിയിട്ട് പ്രകൃതി നമ്മളോട് കരുണ കാണിക്കണമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.

കാലം മാറിക്കൊണ്ടിരിക്കും. കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകും. എന്നാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാൻ നാം ഇപ്പോഴെങ്കിലും തയ്യാറായില്ലെങ്കിൽ, വരുംവർഷങ്ങളിൽ നമുക്ക് നഷ്ടപ്പെടുന്നത് മഴയുടെ ക്രമം മാത്രമായിരിക്കില്ല; ജീവിക്കാൻ ആവശ്യമായ ജലവും പച്ചപ്പും തണലും കൂടിയായിരിക്കും.

വർഷങ്ങൾ മാറിമാറി വരും. പക്ഷേ, വർഷം പെയ്യേണ്ട ഭൂമിയെ നാം തന്നെ ഇല്ലാതാക്കിയാൽ, കലണ്ടറിൽ മഴക്കാലമുണ്ടായതുകൊണ്ടുമാത്രം പ്രകൃതി നമ്മളിലേക്ക് തിരിച്ചെത്തില്ല.

നല്ലൊരു നാളേക്കുവേണ്ടി, പ്രകൃതിയിലേക്ക് നമുക്ക് തിരിച്ചിറങ്ങാം. അതിനായി മാറേണ്ടതും മാറി ചിന്തിക്കേണ്ടതും നമ്മൾ തന്നെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക