
ഷിക്കാഗോ: ഷിക്കാഗോയിലെ സമീപ നഗരമായ ഒറോറയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിന് നേരെ നടന്ന ഭീകരാക്രമണ പദ്ധതിയുടെ പശ്ചാത്തലത്തില്‍, അമേരിക്കയിലെ ഷിക്കാഗോ സബര്‍ബന്‍ മേഖലകളിലെ ആരാധനാലയങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായി വസിക്കുന്ന നേപ്പര്‍വില്ലില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായി സൗജന്യ സുരക്ഷാ പരിശോധനയും പ്രത്യേക പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്.വെസ്ലി യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ കൂട്ടായ്മയിലാണ് നേപ്പര്‍വില്ല് പൊലീസ് ചീഫ് ജേസണ്‍ ആറസ് പുതിയ സുരക്ഷാ നടപടികള്‍ വിശദീകരിച്ചത്.
വെളിച്ച സംവിധാനങ്ങള്‍ ഉറപ്പുവരുത്തല്‍, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനങ്ങള്‍ തുടങ്ങിയ സൗജന്യ സേവനങ്ങള്‍ പൊലീസ് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി 911-ല്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 11-ന് നവരാത്രി ആഘോഷങ്ങളുടെ തുടക്കത്തിലാണ് ഒറോറയിലെ ബാലാജി ക്ഷേത്രത്തെ ലക്ഷ്യമിട്ട് അക്രമണ പദ്ധതി തയ്യാറാക്കിയത്.
പിടിയിലായ പ്രതിയുടെ മാനെഫെസ്റ്റോയില്‍ ഇന്ത്യക്കാര്‍, ജൂതന്മാര്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള വിവിധ സമൂഹങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷ സന്ദേശങ്ങള്‍ അടങ്ങിയിരുന്നതായി സംഘാടകര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രദേശത്തെ ഇന്ത്യന്‍ സമൂഹവും മറ്റ് മതവിഭാഗങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു.