Image

ടിവി സീരിയലുകൾ സമൂഹത്തിന് ഗുണമാണോ ദോഷമാണോ?. കേരള റൈറ്റേഴ്സ് ഫോറത്തിൽ സംവാദം

Published on 29 October, 2026
ടിവി സീരിയലുകൾ സമൂഹത്തിന് ഗുണമാണോ ദോഷമാണോ?. കേരള റൈറ്റേഴ്സ് ഫോറത്തിൽ  സംവാദം

ഹൂസ്റ്റൻ: ഹൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള റൈറ്റേഴ്സ് ഫോറം ഒക്ടോബർ പതിനെട്ടാം തീയതി വൈകുന്നേരം ഹൂസ്റ്റണിലെ  സ്റ്റാഫോർഡിലുള്ള മസാല ഹട്ട് ഇന്ത്യ റസ്റ്റോറണ്ട് ഹാളിൽ വച്ച് നടത്തിയ പ്രതിമാസ ചർച്ച സമ്മേളനത്തിൽ ഇപ്രാവശ്യം അരങ്ങേറിയത് വാദപ്രതിവാദങ്ങളുടെ ചൂടേറിയ ഒരു സംവാദം ആയിരുന്നു. മോട്ടി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ മാത്യു മോഡറേറ്ററായി പ്രവർത്തിച്ചു. 

പ്രസിദ്ധ എഴുത്തുകാരിയും, കവിയത്രിയുമായ തെരേസ ടോം മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞമാസം അന്തരിച്ച സാഹിത്യകാരനും ഭാഷാ സ്നേഹിയുമായ ജോൺ എബ്രഹാത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ഒക്കൽഹോമയിൽ അധിവസിച്ചിരുന്ന അദ്ദേഹത്തിൻറെ ഭാഷാ സാഹിത്യ സേവനങ്ങളെ കേരള റൈറ്റേഴ്സ് ഫോറം അംഗങ്ങൾ അനുസ്മരിച്ച് സംസാരിച്ചു.  തുടർന്ന്, പ്രസിദ്ധ നോവലിസ്റ്റും, കേരള റൈറ്റേഴ്സ് ഫോറം കൺവീനറുമായ ജോൺ മാത്യു എഴുതിയ “Ages Never End” എന്ന ഇംഗ്ലീഷ് നോവൽ മുഖ്യാതിഥിയായി എത്തിയ തെരേസ ടോമിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

അന്നത്തെ പരിപാടികളുടെ മുഖ്യ ഇനമായി എ.സി. ജോർജ് നയിച്ച സംവാദം ടെലിവിഷൻ സീരിയലുകൾ സമൂഹത്തിന് കൂടുതലായി ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുന്നത് എന്ന വിഷയം വാദപ്രതിവാദങ്ങൾക്കും, ചൂടേറിയ ചർച്ചകൾക്കും തിരികൊളുത്തി. സീരിയൽ തരംഗം ഒരു വിനോദം മാത്രമാണോ, അതോ സമൂഹത്തിൽ വിപത്തുകൾ സൃഷ്ടിക്കുന്നുണ്ടോ? അത് നന്മയാണോ തിന്മയാണോ വിതറുന്നത്? സാംസ്കാരിക പുരോഗതിയോ അതോ ജീർണതയോ? നന്മകളുടെ നേർക്കാഴ്ചയോ നെഗറ്റീവ് ചിന്തകളുടെയും പ്രവർത്തികളുടെയും പ്രഭവ കേന്ദ്രങ്ങളോ?  മിനി സ്ക്രീനിലെ നേരും നെറിയും വിവരിച്ചു കൊണ്ടു ഒരു സീരിയൽ വിചാരണ തന്നെ അദ്ദേഹം സദസ്സിൽ നടത്തി. പ്രതിദിന ജീവിതത്തിലെ സങ്കീർണ്ണതകളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും കുറച്ചുസമയത്തേക്ക് ആശ്വാസം നൽകാൻ ടിവി സീരിയലുകൾ സഹായിക്കുന്നു. തടസ്സമില്ലാത്ത ഒരു വിനോദം എന്ന നിലയിൽ പ്രായമായവർക്കും വീട്ടിൽ ഇരിക്കുന്നവർക്കും വിരസത മാറ്റാനുള്ള ഒരു എളുപ്പവഴിയായി കൂടെ സീരിയലിനെ കാണാം. സ്ത്രീപക്ഷ ശാക്തീകരണം, തിന്മകളുടെ മേൽ നന്മയുടെ വിജയം ഒക്കെയാണ് സീരിയലിൽ കൂടുതലായി ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ദോഷവശമായി നീണ്ടുപോകുന്ന, അല്ലെങ്കിൽ ഒരു യുക്തിക്കും നിരക്കാത്ത വലിച്ചുനീട്ടപ്പെട്ട സന്ദർഭങ്ങൾ മുഹൂർത്തങ്ങൾ കഥകൾ ചിത്രീകരണങ്ങൾ, ജീവിത പിരിമുറുക്കങ്ങൾ, കുടുംബ വഴക്കുകൾ, വഞ്ചന ചതി അസൂയ,  പ്രതികാരചിന്തകൾ, ഭയങ്ങൾ സംശയങ്ങൾ കാണികളിൽ സൃഷ്ടിക്കുന്നു. കൂടാതെ വലിയ സമയ നഷ്ടം, ദിവസവും മണിക്കൂറുകളോളം സീരിയലുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന ആളുകളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളെയും വായനാശീലത്തെയും ചിന്താശക്തികളേയും, വ്യായാമങ്ങളെയും ആരോഗ്യത്തെയും തന്നെ പ്രതികൂലമായി ബാധിക്കുന്നു. എന്നതൊക്കെ നെഗറ്റീവ് വശങ്ങൾ തന്നെയാണ്.

അതിനാൽ പ്രേക്ഷകർ തീരുമാനിക്കുക, സ്വയം നിയന്ത്രിക്കുക. അവർ തന്നെ അവരുടെ പരിമിതികൾ കണക്കാക്കി എന്ത്കാണണം എത്ര സമയം കാണണം എന്ന് അവർ തന്നെ തീരുമാനിക്കണം. കഥകളും ഉള്ളടക്കങ്ങളും ചിത്രീകരണങ്ങളും, നിർമ്മാതാക്കളും അണിയറ പ്രവർത്തകരും കൂടുതൽ പോസിറ്റീവായതും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നതുമായ സീരിയലുകൾ ബ്രോഡ്‌കാസ്റ്റ് ചെയ്യാൻ ശ്രമിക്കുകയെന്നു എ.സി.ജോർജ് പറഞ്ഞു നിർത്തി.

മലയാള സീരിയൽ രംഗത്തെപ്പറ്റിയായിരുന്നു മുഖ്യ ഡിബേറ്റ്. എന്നാൽ സദസ്സിൽ നിന്ന് പലരും. വിവിധ ഭാഷകളിൽ ഇറങ്ങുന്ന സീരിയലുകളെ പറ്റിയും, അതുപോലെ അച്ചടി മാധ്യമ രംഗങ്ങളിൽ ഇറങ്ങുന്ന സീരിയൽ നീണ്ടകഥകളെ പറ്റിയും പരാമർശിച്ചുകൊണ്ട് സംവാദം കൊഴിപ്പിച്ചു. സംവാദ രീതിയിലുള്ള ഈ ചർച്ചാ സമ്മേളനം വളരെയധികം സാമൂഹ്യ സാംസ്കാരിക പരമ്പരകളിലേക്കും ചിന്തകളിലേക്കും വെളിച്ചം വീശി.

തെരേസ ടോം, ഡോളി കാച്ചപ്പള്ളി, ബോബി മാത്യു, സെനി ഉമ്മൻ, ഡോക്ടർ ജോസഫ് പൊന്നോലി, സുരേന്ദ്രൻ നായർ, മോട്ടി മാത്യു, ജോൺ മാത്യു, മെഴ്‌സി തോമസ്, എ.സി.ജോർജ് തുടങ്ങിയവർ സംവാദത്തിലും ചർച്ചയിലും സജീവമായി പങ്കെടുത്തു.

 

Join WhatsApp News
ഒരു വായന സ്നേഹി 2026-10-29 19:19:01
അപ്പോൾ ഇപ്രാവശ്യത്തെ റിപ്പോർട്ടിൽ അമേരിക്കൻ കാലാവസ്ഥയെയും, അമേരിക്കൻ ഉത്സവങ്ങളെയും, ഇന്ത്യൻ ഉത്സവങ്ങളെയും ഒക്കെ പറ്റി നീട്ടിയുള്ള തുടക്കത്തിലെ റൈറ്റർ ഫോറത്തിൽ വിവരണങ്ങളെ പറ്റി കേട്ടില്ലല്ലോ. സത്യത്തിൽ ഈ ഉത്സവങ്ങളും കാലാവസ്ഥയും ഒക്കെ റൈറ്റർ ഫോറത്തിൽ മാത്രമല്ലല്ലോ മറ്റെല്ലാവർക്കും, എല്ലാ സംഘടനയ്ക്കും ഉള്ളതാണല്ലോ. ഏതായാലും ഇപ്രാവശ്യം അതൊക്കെ എഴുതി മനുഷ്യരെ ബോറടിപ്പിക്കാത്തതിന്, ഇപ്രാവശ്യം റിപ്പോർട്ട് എഴുതിയ വ്യക്തിക്ക് നന്ദി. ഇപ്രാവശ്യത്തെ റിപ്പോർട്ട് ആണ് ഒരു റിപ്പോർട്ട് സ്റ്റൈൽ, അതുപോലെ ഒരു ശൈലിയാണ് വേണ്ടത്. മീറ്റിങ്ങിന്റെ വീഡിയോ കണ്ടു കേട്ടോ?. പക്ഷേ ആളുകൾ കുറഞ്ഞുപോയി. എന്നാൽ മീറ്റിംഗ് ഒരുവിധം സ്വൈരമായി പോകുന്നത് വീഡിയോയിൽ കണ്ടു. . കാരണം ചില ആൾക്കാരുടെ പ്രത്യേകിച്ച് ചില നേതാക്കളുടെ ചായയുടെയും അതിൻറെ കടികളുടെയും ഓർഡറിങ്, വിളമ്പൽ, സംസാരം ഓടി നടക്കൽ അങ്ങനെ യോഗ തടസ്സങ്ങൾ കണ്ടില്ല. അത് നന്നായി. പിന്നെ പുസ്തകം പ്രകാശനത്തിൽ കുഴപ്പമില്ല. പക്ഷേ അത് വീണ്ടും വീണ്ടും അനവധി വേദികളിൽ മുഖ്യപരിപാടിയായി റിലീസ് ചെയ്യുന്നത് അത്ര ആശാസ്യം അല്ല. കൂടാതെ ചെറു വേദികളിൽ ആണെങ്കിൽ മുഴുവൻ ഓഡിയൻസിനെയും നിർത്തി ഫോട്ടോയോ വീഡിയോ എടുക്കുന്നതായിരിക്കും കൂടുതൽ സ്വീകാര്യം. കുറച്ച് സ്ത്രീ എഴുത്തുകാരെ എവിടെ നിന്നെങ്കിലും പൊക്കിക്കൊണ്ട് വന്നാൽ ഒരുപക്ഷേ നിങ്ങളുടെ സാഹിത്യ മീറ്റിങ്ങിന് ഒന്നുകൂടെ കൊഴുപ്പ് കൂട്ടാൻ, അതുപോലെ പുരുഷ എഴുത്തുകാരുടെ തള്ളിക്കയറ്റം കൂട്ടാനും സഹായിച്ചു എന്നിരിക്കും. നിങ്ങളുടെ മലയാളം സൊസൈറ്റിയിൽ സംബന്ധിക്കുന്നവരെയും അവിടെയും കാണാറുണ്ടല്ലോ. രണ്ടിടത്തും ആൾക്കാർ പോകട്ടെ ആർക്കും ആരെയും തടയാൻ പറ്റുകയില്ല. പിന്നെ ചെലവൊക്കെ എങ്ങനെ നടന്നു പോകുന്നു. എല്ലാവരിൽ നിന്നും നക്കാപ്പിച്ച എന്തെങ്കിലും ഒക്കെ വാങ്ങാം കേട്ടോ. അല്ലെങ്കിൽ സംഘാടകരുടെ പോക്കറ്റ് കീറി പോകും കേട്ടോ?
മുത്തച്ഛൻ ഈച്ച തോട്ടം 2026-10-29 19:35:58
എൻറെ ഭാര്യ പല്ലു തേക്കാതെ കുളിക്കാതെ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ സീരിയൽ കാണാൻ ടിവിയുടെ മുമ്പിൽ കുത്തിയിരിപ്പാണ്. . അതിനാൽ വീട്ടിലെ സകല പണിയും ചെയ്തിട്ട് ഞാൻ ജോലിക്ക് പോകണം. ടിവി എന്ന വിഡ്ഢിപെട്ടി തല്ലി ഒടക്കാൻ വരെ എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം ഈ സീരിയൽ എന്നത് മഹാ മോശമായി തോന്നുന്നു. സീരിയലിൽ കാണുന്ന കഥകൾ മാതിരിയാണ് ഭാര്യ എന്നോട് പെരുമാറുന്നത്. എന്നെ സർവ്വത്ര സംശയം. എവിടെയും എനിക്കെതിരെ ഒളിക്യാമറകൾ. ഞാൻ എവിടെയെങ്കിലും പോയി വന്നാൽ എന്നെ വിരട്ടിയുള്ള ക്രോസ് ചോദ്യം ചെയ്യൽ. എന്നെ മണത്തു നോക്കൽ. ഞാൻ ആകെ വശംകെട്ടു. അവളെ അങ്ങ് ഡിവോഴ്സ് ചെയ്താലോ എന്ന് പോലും ചിന്തിക്കാറുണ്ട്. പക്ഷേ അവൾ സുന്ദരിയാണ്, കൂടാതെ സ്കൂളിൽ പോകുന്ന രണ്ട് ചെറു മക്കളും. അവരെ ഓർക്കുമ്പോൾ എനിക്ക് ഡിവോഴ്സ് ചെയ്യാൻ മടിയാണ്. ഞാൻ ആകെ ഒരുതരം ഊരാ കുടിക്കലും, സ്ത്രീ ശങ്കു സ്വർഗത്തിലുമാണ്. അതിനാൽ സീരിയൽ എതിരെ ശബ്ദിക്കാനും, സമരം ചെയ്യാനും, സംവാദത്തിനും ഞാൻ തയ്യാറാണ്. അടുത്ത സംവാദം എവിടെയാണെന്ന് പറ. വിമാനം കയറിയാണെങ്കിലും ഞാൻ അവിടെ എത്തിക്കോളാം.
ശ്യാം സുന്ദർ 2026-10-29 22:55:42
ഒരു സാധാ അമേരിക്കൻ മലയാളിയുടെ കുടുംബ ജീവിതത്തെ സാമൂഹ്യ ജീവിതത്തെ ഒക്കെ ആധാരമാക്കി ഒരു സീരിയൽ നിർമ്മിക്കാൻ ഞാൻ പ്ലാൻ ഇടുകയാണ്. അധികം fund പണ്ട് മുടക്കാതെ ചെയ്യാനാണ് ഞാൻ പ്ലാൻ ഇടുന്നത്. ഞാനൊരു ഇന്ത്യൻ ഗ്രോസറി കടയിലെ മാനേജരാണ്. വലിയ പണ്ടും വലിയ ശമ്പളവും ഒന്നുമില്ല. അതിനാൽ അഭിനയിക്കാൻ താല്പര്യം ഉള്ളവർ വരിക. എൻറെ വീട്ടിൽ വച്ചായിരിക്കും അധികപക്ഷവും ഷൂട്ടിംഗ്. ചിലപ്പോഴൊക്കെ ഔട്ട്ഡോറിലും പോകേണ്ടിവരും. എനിക്ക് തരാം പറ്റുന്നത് വെറും ശാപ്പാട് ചെലവ് മാത്രമാണ്. പക്ഷേ എടുക്കുന്ന ഈ സീരിയൽ അനേക ലക്ഷം പേർ കാണാൻ സാധ്യതയുണ്ട്, അങ്ങനെ നിങ്ങൾക്ക് ടിവിയിൽ തിളങ്ങാം വലിയ സ്റ്റാറാകാം. ഒരു 50 ആൾക്കാരെ എങ്കിലും എനിക്ക് ആക്ട് ചെയ്യാൻ വേണം. ഏതാനും ചില റോളുകൾ പേര് പറയാം. FOMA-FOKANA പ്രസിഡണ്ടുമാരായി അഭിനയിക്കാൻ പറ്റിയ ആൾക്കാർ. ഇന്ത്യ റെസ്റ്റോറന്റിലെ cook roll, രണ്ടുമൂന്ന് നേഴ്സുകൾ, ഒന്ന് രണ്ട് ഡോക്ടർമാർ, പുല്ല് വെട്ടുകാർ, വില്ലന്മാരും വില്ലത്തിമാരും, ഒന്ന് രണ്ട് സാഹിത്യകാരന്മാർ, stunt വീരന്മാരും വീരത്തിമാരും. അൽപ വസ്ത്രം മാത്രം ധരിക്കാൻ ധൈര്യമുള്ള പെൺകൊടിമാർ, സുതാര്യമായ ചെറിയ ഷെഡ്‌ഡിയും, ഒക്കെ ധരിക്കേണ്ടി വരും, നീന്തൽ രംഗങ്ങളും കിടപ്പറ രംഗങ്ങളും അഭിനയിക്കേണ്ടി വരും. 80 വയസ്സ്, അങ്ങനെ വയസ്സ് മാരായ ഒരു 5 ആണുങ്ങളെയും ഒരു അഞ്ചുവയസ്സത്തികളെയും ആവശ്യമുണ്ട്. ഇപ്പോൾ തന്നെ എഴുതുകയാണ് പിന്നെ ഫേസ്ബുക്കിലും ഇതിനെപ്പറ്റി കൂടുതലായി അറിയിപ്പുണ്ടാകുന്നതാണ്. ജയൻ വർഗീസ് സാറിൻറെ നാടക ഓർമ്മകൾ വായിച്ചിട്ടുണ്ട്. സാറിന് തയ്യാറുണ്ടെങ്കിൽ സാറിനും ഒരു റോൾ തരാം. അതേപോലെ ഇവിടെ റെസ്പോൺസ് പ്രതികരണം എഴുതിക്കൊണ്ടിരിക്കുന്ന Regis നെടുങ്ങാട് പള്ളി അടക്കം തയ്യാർ ഉണ്ടെങ്കിൽ അറിയിക്കുക. ഞാൻ താൽക്കാലികമായി ഇവിടെ സീരിയലിനെ പറ്റി ചർച്ച നടത്തി എന്നറിഞ്ഞപ്പോൾ, ഇതിൻറെ അടിയിൽ ആദ്യമായി ഒരു കുറിപ്പ് എഴുതി എന്ന് മാത്രം. കഥയും script ഒക്കെ ഏതാണ്ട് റെഡിയായി കഴിഞ്ഞു കേട്ടോ?. കുറച്ചു വാതിൽപ്പുറം കാഴ്ചകളും ചിത്രീകരിക്കണം. റൈറ്റർ ഫോറത്തിലെ ആൾക്കാർക്കും താല്പര്യമുണ്ടെങ്കിൽ അഭിനയിക്കാം അറിയിക്കണം. പക്ഷേ റോളിനു വേണ്ടി ആരും കടിപിടി കൂടരുത്. സീരിയൽ വിജയിപ്പിച്ചെടുക്കുക എന്നത് മാത്രമാണ് നമ്മുടെ കർത്തവ്യം. ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ആയിരിക്കും ചിത്രീകരണം. സാധാരണ സെറ്റിൽ, അല്ലെങ്കിൽ അതിന് വെളിയിൽ ഉണ്ടാകുന്ന യാതൊരു വിധത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങൾക്കും പ്രൊഡക്ഷൻ യൂണിറ്റ് ഉത്തരവാദി ആയിരിക്കുകയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക