
യുഎസ് ഇമ്മിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) അടച്ചു പൂട്ടണമെന്ന് കോൺഗ്രസ് അംഗമായ ഇന്ത്യൻ അമേരിക്കൻ റോ ഖന്ന ആവശ്യപ്പെട്ടു. കാലിഫോർണിയ 17ആം ഡിസ്ട്രിക്ടിൽ നിന്നു വീണ്ടും മത്സരിക്കുന്ന ഖന്ന റിപ്പബ്ലിക്കൻ എതിരാളി ഇന്ത്യൻ അമേരിക്കൻ റിതേഷ് ടണ്ഠനുമായുള്ള ഡിബേറ്റിൽ സംസാരിക്കയായിരുന്നു.
ഗ്രീൻ കാർഡുകൾ നൽകാൻ വരുന്ന കാലതാമസം ഒഴിവാക്കാൻ രാജ്യങ്ങൾക്കു നൽകിയിട്ടുള്ള പരിധി എടുത്തു കളയണമെന്നു ടണ്ഠൻ ആവശ്യപ്പെട്ടു.
ടണ്ഠന്റെ യൂട്യൂബ് ചാനലിലാണ് 50 മിനിറ്റ് നീണ്ട സംവാദം സംപ്രേക്ഷണം ചെയ്തത്. ടണ്ഠനു നന്ദി പറഞ്ഞാണ് ഖന്ന ആരംഭിച്ചത്. ഉടനീളം പങ്കെടുക്കയും ചെയ്തു.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയമായിരുന്നു ഏറ്റവും ഭിന്നത പ്രകടമാക്കിയ വിഷയം. "ഞാൻ ഐസ് പിരിച്ചു വിടും," ഖന്ന പറഞ്ഞു. "അതൊരു തെമ്മാടി ഏജൻസിയാണ്. അതിനു പകരം ഐ എൻ എസ് പോലെ മാനുഷികമായ ഏജൻസി വേണം."
ഇന്ത്യയിൽ നിന്ന് 28 വയസിലാണ് യുഎസിൽ എത്തിയതെന്നു ടണ്ഠൻ ഓർമിച്ചു. എല്ലാ നിയമവും അനുസരിച്ചു ഗ്രീൻ കാർഡിനു കാത്തിരുന്നു. "1.2 മില്യണിലധികം പേർ ഗ്രീൻ കാർഡ് കാത്തിരിക്കുന്നുണ്ട്. എന്റെ എതിരാളി 10 വർഷമായി കോൺഗ്രസിൽ ഉണ്ടായിരുന്നു. ക്യൂ പക്ഷെ നീണ്ടിട്ടേയുള്ളൂ."
എച്-1 ബി വിസയുടെ ദുരുപയോഗം നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർ ഐ ഡിയെ പിന്താങ്ങുകയും ചെയ്തു.
സമ്പദ് വ്യവസ്ഥ ശതകോടീശ്വരന്മാർക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നാരോപിച്ച ഖന്ന, അവർക്കു 5% നികുതി ചുമത്തണമെന്നു നിർദേശിച്ചു. "തൊഴിൽ ചെയ്യുന്നവർക്കും ഇടത്തരക്കാർക്കും മുൻഗണന നൽകുന്ന പുതിയൊരു സാമൂഹ്യ വ്യവസ്ഥിതി നമുക്ക് ഉണ്ടാവണം."
ടണ്ഠൻ അതിനെ എതിർത്തു. കമ്പനികളും താമസക്കാരും കാലിഫോർണിയ വിട്ടു പോകുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
Khanna, Tandon clash on ICE, billionaire tax in debate