Image

എക്കോ വാര്‍ഷിക ഡിന്നര്‍ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ദാന ചടങ്ങും നാളെ 31 ശനി വൈകിട്ട് 5-ന്

മാത്യുക്കുട്ടി ഈശോ Published on 30 October, 2026
എക്കോ വാര്‍ഷിക ഡിന്നര്‍ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ദാന ചടങ്ങും നാളെ 31 ശനി വൈകിട്ട് 5-ന്

ന്യൂയോര്‍ക്ക്: ചാരിറ്റി സംഘടനയായ എക്കോയുടെ (ECHO - Enhance Community through Harmonious Outreach) വാര്‍ഷിക ഡിന്നര്‍ മീറ്റിങ്ങും  ആറാമത്  ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ദാന ചടങ്ങും നാളെ ഒക്ടോബര്‍ 31 ശനി വൈകിട്ട് 5-ന് നടക്കും. ജെറിക്കോയിലുള്ള കൊട്ടിലിയന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് (The Cotillion, 440 Jericho Turnpike, Jericho, NY 11753) ക്ഷണിക്കപ്പെട്ട അതിഥികളുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ പ്രൗഢഗംഭീരമായി നടത്തുവാനാണ് സംഘാടകര്‍ ക്രമീകരിക്കുന്നത്.

പതിമൂന്ന് വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനത്തിനും  സാമൂഹിക പ്രതിബദ്ധതക്കും മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എക്കോ. ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന മറ്റു വ്യക്തികളെയും സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നതിയി കഴിഞ്ഞ അഞ്ചു വര്‍ഷമായി എക്കോ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് നല്‍കിവരുന്നു. ഈ വര്‍ഷം  ആറാമത് അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത് ന്യൂയോര്‍ക്കിലെ പയനിയര്‍ ക്ലബ്ബ് ഓഫ് കേരളൈറ്റ്‌സാണ്.  രണ്ടായിരത്തി അഞ്ഞൂറ് ഡോളറും പ്രശംസാഫലകവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്.

ഏതാനും വര്‍ഷമായി എക്കോ നടത്തിവരുന്ന വാര്‍ഷിക ഡിന്നറിനോടൊപ്പം സാമൂഹിക സേവനത്തിനായി ഫണ്ട് ശേഖരണവും നടത്തുന്നുണ്ട്. പ്രസ്തുത ഫണ്ടിലൂടെ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയും, പ്രകൃതി ദുരിതത്തിന് ഇരയായവര്‍ക്ക് സഹായഹസ്തം നല്‍കിയും, രോഗികള്‍ക്ക് വൈദ്യസഹായം കൊടുത്തും, നിര്‍ധന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ചെയ്തും സാമൂഹിക പ്രതിബദ്ധതയില്‍ മുന്‍ പന്തിയിലാണ്. ലോങ്ങ് ഐലന്‍ഡിലെ ന്യൂഹൈഡ് പാര്‍ക്കും ലെവിടൗണും കേന്ദ്രീകരിച്ച് ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ അമേരിക്കന്‍ കുടിയേറ്റ മലയാളീ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം നടത്തിപ്പിലൂടെയാണ് എക്കോയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം മനസ്സിലാക്കി തുടങ്ങിയത്.  നിലവില്‍ മുന്നൂറ്റമ്പതിലധികം സീനിയര്‍ പൗരന്മാര്‍ അംഗത്വം എടുത്തിരിക്കുന്ന സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാമിനായി സ്വന്തമായി ഒരു കെട്ടിടം കണ്ടെത്തുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കാണ് ഇനി എക്കോ മുന്‍തൂക്കം നല്‍കുന്നത്. ഏകദേശം മൂന്നു മില്യണ്‍ ആവശ്യമായ പദ്ധതിയാണ്  മുതിര്‍ന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനും എല്ലാ ദിവസവും ഒത്തുചേരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമായുള്ള പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്.

ഈ വര്‍ഷത്തെ ഫണ്ട് ശേഖരണത്തില്‍ ലഭിക്കുന്ന തുകയുടെ നല്ലൊരു പങ്ക് നേപ്പാളിലെ ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി നല്കുവാനാണ്   ഉദ്ദേശിക്കുന്നുത്. പ്രസ്തുത ഫണ്ട് സ്വീകരിക്കുന്നതിനായി ന്യൂയോര്‍ക്കിലെ നേപ്പാള്‍ രാജ്യതന്ത്ര പ്രതിനിധിയായ കോണ്‍സുല്‍ ജനറല്‍ ആദരണീയനായ ശ്രീ.  ദാധിറാം ഭണ്ടാരി വിശിഷ്ട അതിഥിയായി വാര്‍ഷിക ഡിന്നര്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്. അതോടൊപ്പം ചടങ്ങില്‍ മുഖ്യാതിഥിയായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമേലും പങ്കെടുക്കുന്നു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബിജു എബ്രഹാം നയിക്കുന്ന ഗാനസന്ധ്യയും സ്‌കൂള്‍  ഓഫ് ഡാന്‍സിലെ അനുഗ്രഹീത കലാകാരികളുടെ മനോഹരമായ നൃത്ത വിരുന്നും ചടങ്ങിന് മാറ്റ് കൂട്ടുന്നു.

എക്കോ പോലെ തന്നെ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  ചെയ്യുന്ന  പയനിയര്‍ ക്ലബ്ബിനാണ് ഈ വര്‍ഷത്തെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് നല്‍കുന്നത്. അമേരിക്കയില്‍ ആദ്യകാലങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന മലയാളികളെ അംഗങ്ങളാക്കിയുള്ള പയനിയര്‍ ക്ലബ്ബ് വൈദ്യ സഹായവും, വിദ്യാഭ്യാസ സഹായവും, ഭവന നിര്‍മ്മാണ സഹായവും നല്‍കി വരുന്നു. ജീവിതത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് എത്തിച്ചേരുന്നവരെ കൂട്ടിച്ചേര്‍ത്ത് സാന്ത്വനം നല്‍കുന്ന പ്രവര്‍ത്തിക്കും പയനിയര്‍ ക്ലബ്ബ് പ്രാധാന്യം നല്‍കുന്നു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പയനിയര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനമാണ് അവരെ അവാര്‍ഡിന് അര്‍ഹ രാക്കിയത്.

നാളെ നടക്കുന്ന ഫണ്ട് ശേഖരണ ഡിന്നര്‍ മീറ്റിംഗ് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സഹായ മനസ്‌കരായ എല്ലാവരെയും സംഘാടകര്‍ ഡിന്നര്‍ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു. ഫണ്ട് റൈസിംഗ് മീറ്റിംഗിനെ സംബന്ധിച്ചും എക്കോയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 516-902-4300. Visit:  www.echoforhelp.org
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക