
ഉഴവൂര്‍: സ്വസ്ഥമായി അൽപനേരം നടക്കാം. യോഗയും വ്യായാമവും ചെയ്യാം. ഉഴവൂർ ടൗണിനു തൊട്ടടുത്തടുത്ത് റോഡരികത്ത് സനോജ് സ്റ്റീഫൻ സ്‌മാരക ട്രസ്‌റ്റ് നിർമിക്കുന്ന പാർക്ക് വേറിട്ടൊരു സങ്കൽപത്തിന്റെ സാക്ഷാൽകാരമാണ്.

ഉഴവൂരിൽ നിർമാണം പുരോഗമിക്കുന്ന സനോജ് സ്മാരക പാർക്കിൽ ഇ.എം.സ്‌റ്റീഫനും സുഹൃത്ത് പി.എം.മാത്യുവും.
പ്രവാസി മലയാളിയും സാമൂഹിക പ്രവർത്തകനുമായ ഇലവുങ്കൽ ഇ.എം.സ്റ്റീഫൻ നിർമിക്കുന്ന പാർക്ക് നവംബർ 18ന് തുറക്കും. മാങ്കനാൽ പാലത്തിനു സമീപം സ്ഥലം വാങ്ങി ലക്ഷങ്ങൾ മുടക്കി തയാറാക്കുന്ന പാർക്കിൽ രാവിലെയും വൈകിട്ടും നടക്കാനും വ്യായാമം ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യം. അകാലത്തിൽ പൊലിഞ്ഞ മകൻ സനോജിന്റെ ഓർമകൾ നിലനിർത്തുന്നതിനാണ് സ്റ്റീഫൻ ജന്മദേശത്ത് ഇത്തരത്തിലൊരു സംരംഭത്തിനു തുടക്കം കുറിയ്ക്കുന്നത്. 40 സെന്റ് സ്ഥലത്തു നടപ്പുവഴിയും യോഗ, വ്യായാമ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വഴിയുടെ വശങ്ങൾ പൂച്ചെടികൾ നട്ട് മനോഹരമാക്കി. യേശുക്രിസ്തു മുതൽ വയലാർ രാമവർമ വരെ 18 പേരുടെ അർധകായ പ്രതിമകൾ പാർക്കിലേക്കു ആളുകളെ സ്വാഗതം ചെയ്യുന്നു.

പാർക്കിൽ എത്തുന്ന ഓരോരുത്തരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും സ്വാധീനം ചെലുത്തിയിട്ടുള്ളവരുടെ പ്രതിമകളാണ് ഇവിടെയുള്ളത്. അതിൽ 3 പേര് ഉഴവൂരിലും കുറിച്ചിത്താനത്തും ജനിച്ചു വേറിട്ട പാതയിലൂടെ നടന്നവർ.
നാടൻ ഭക്ഷണം നൽകുന്ന ചെറിയൊരു കഫേ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. നവംബർ 18ന് പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്നു ഇ.എം.സ്റ്റീഫൻ പറഞ്ഞു. രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 6 മുതൽ 7.30 വരെയുമായിരിക്കും പ്രവർത്തനം.

സനോജ് സ്റ്റീഫന്‍
അര നൂറ്റാണ്ട് മുൻപ് 1977ൽ അമേരിക്കയിലേക്കു കുടിയേറിയ സ്റ്റീഫൻ ഇപ്പോഴും സാമൂഹിക രംഗത്ത് സജീവമാണ്. മിലിറ്ററി എൻജിനീയറിങ് സർവിസിൽ സേവനം ചെയ്‌ത ശേഷമായിരുന്നു അമേരിക്കയിലേക്ക് പോയത്.
അമേരിക്കൻ മലയാളികളുടെ കൂട്ടായ്‌മക്കായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യൻ അമേരിക്കൻ ഫോറം ഫോർ പൊളിറ്റിക്കൽ എജ്യൂക്കേഷൻ എന്ന സംഘ ടനയുടെ ന്യൂയോർക്ക് ചാപ്റ്റർ ചാപ്റ്റർ ചെയർമാനായിരുന്നു. കേരള സെൻ്ററിൻ്റെ സ്ഥാപകൻ. കുടുംബാംഗങ്ങൾ എല്ലാവരും അമേരിക്കയിലാണെങ്കിലും സ്റ്റീഫൻ വർഷത്തിൽ പല തവണ നാട്ടിൽ എത്തും.
സ്റ്റീഫന്റെയും ചിന്നമ്മയുടെയും മകനും അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് 'സത്ബീസ് ഇന്റർനാഷണൽ റിയൽറ്റി' യുടെ സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫൻ (51) ഈ ജൂണിലാണ് അന്തരിച്ചത്.
2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്റെ സീനിയർ വൈസ് പ്രസിഡന്റായും ജനറൽ കൗൺസലായും പ്രവർത്തിച്ചു. കമ്പനിയുടെ ഫ്രാഞ്ചൈസി ലീഗൽ അഡൈ്വസറാണ്. സതബീസിൽ വരുന്നതിനു മുമ്പ് ലോ ഫേമായ 'ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ' ൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു.
ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Incയുടെ ജനറൽ കൗൺസിൽ ഓഫീസിലും മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്‌നാർഡ് & ക്രിസ്‌ററൽ എന്നറിയപ്പെടുന്ന റോപ്‌സ് & ഗ്രേ ലോ ഫേമിന്റെ ന്യൂയോർക്ക് ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് സ്‌റ്റേറ്റ് ബാർ അസോസിയേഷന്റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിന്റെ ബോർഡ് ഓഫ് ട്രസ്റ്റിയിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും (Cum Laude) ബിരുദവും ഫോർധാം ലോ സ്‌കൂളിൽ നിന്ന് (J.D) ബിരുദവും നേടി.
ഭാര്യ: ജോമിഷ (അറ്റോർണി, ഡൗർട്ട്മൗത്ത് കോളേജ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോർ സ്ട്രാറ്റജി & സ്‌പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്റാണ്).
മക്കൾ: ബെയ്‌ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ.
സഹോദരങ്ങൾ: ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ.