Image

സമാധാനത്തിനായി ഹൈന്ദവ-ക്രൈസ്‌തവ സഹകരണത്തിന് ആഹ്വാനമേകി പരിശുദ്ധ സിംഹാസനം

മോൺസിഞ്ഞോർ ജോജി വടകര Published on 31 October, 2026
സമാധാനത്തിനായി ഹൈന്ദവ-ക്രൈസ്‌തവ സഹകരണത്തിന് ആഹ്വാനമേകി പരിശുദ്ധ സിംഹാസനം

വത്തിക്കാന്‍ :സമാധാനത്തിനായി ഹിന്ദുക്കളും ക്രൈസ്തവരും സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതി പരിശുദ്ധ സിംഹാസനത്തിന്റെ സന്ദേശം. 2026 നവംബർ 8-ന് ആചരിക്കപ്പെടുന്ന ദീപാവലിയുടെ പശ്ചാത്തലത്തിൽ, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട് (Card. George Jacob Koovakad), സെക്രെട്ടറി മോൺ. ഇന്ദുനിൽ ജനകരത്നെ കൊടിത്തുവക്കു കങ്കണമലഗെ (Msgr. Indunil Janakaratne Kodithuwakku Kankanamalage) എന്നിവർ ഒപ്പിട്ട സന്ദേശത്തിലൂടെയാണ് പരിശുദ്ധ സിംഹാസനം ഇത്തരമൊരു ആഹ്വാനം മുന്നോട്ടു വച്ചത്.

1986 ഒക്ടോബർ 27-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ക്ഷണപ്രകാരം, സമാധാനത്തിനായി പ്രാർത്ഥിക്കാൻ ലോകമതങ്ങളുടെ പ്രതിനിധികൾ അസ്സീസിയിൽ ഒത്തുചേർന്നതിന്റെ നാൽപ്പതാം വാർഷികമാണ് ഈ വർഷമെന്നത് അനുസ്മരിക്കുന്ന സന്ദേശം, സമാധാനത്തിന്റെ മനുഷ്യനെന്ന് പേരുകേട്ട വിശുദ്ധ ഫ്രാൻസിസിന്റെ സാഹോദര്യ, സമാധാന ചിന്തകൾ മുന്നോട്ടുവയ്ക്കുന്ന "അസ്സീസി ചൈതന്യം" ആധുനികലോകത്തും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.

ആഗോളതലത്തിൽത്തന്നെ യുദ്ധങ്ങളും സംഘർഷങ്ങളും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദുരുപയോഗവും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയും, അസമാധാനത്തിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്കും പ്രാർത്ഥനയ്ക്കും സവിശേഷമായ സ്ഥാനമാണുള്ളതെന്ന് മാനവരാശിയെ മുഴുവനും ഈ രേഖ ഓർമ്മിപ്പിക്കുന്നുണ്ട്.

തങ്ങളുടെ മതപാരമ്പര്യങ്ങൾ മാനിച്ചുകൊണ്ടുതന്നെ സമാധാനത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കാൻ, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സാർവ്വത്രിക സാഹോദര്യ മാതൃക ജീവിതത്തിൽ പകർത്താൻ പരിശ്രമിക്കാനും, സമൂഹത്തിലെ ദരിദ്രരോടും ദുർബലരോടും ഐക്യദാർഢ്യം പുലർത്താൻ പരിശ്രമിക്കാനും അതുവഴി സമാധാനത്തിലേക്കുള്ള യാത്രയിൽ മുന്നോട്ടുപോകാനും മതാന്തരസംവാദങ്ങൾക്കായുള്ള കാര്യാലയത്തിന്റെ സന്ദേശം ക്ഷണിക്കുന്നു.

സമാധാനത്തിനായുള്ള ആഹ്വാനമെന്ന അടിസ്ഥാനചിന്ത എല്ലാ മതങ്ങളിലുമുള്ളതാണെന്ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ "മഞ്ഞീഫിക്ക ഉമാനിത്താസ്" (Magnifica Humanitas) എന്ന ചാക്രികലേഖനത്തിലെ വാക്കുകളെ അധികരിച്ച് ഓർമ്മിപ്പിക്കുന്ന ഈ സന്ദേശം, അക്രമം മതങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഉദ്ബോധിപ്പിക്കുന്നുണ്ട്. ലോകസമാധാനത്തിനായി പ്രാർത്ഥിക്കാനും, വിവിധ മതവിശ്വാസികളുമായുള്ള സഹകരണം ഉറപ്പാക്കാനും, സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും പാത പിന്തുടരാനും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും സാധിക്കേണ്ടതിന്റെ പ്രാധാന്യവും ഈ സന്ദേശം വിളിച്ചോതുന്നുണ്ട്.

മതങ്ങളുടെ പേരിൽ സ്പർദ്ധ വളർത്തുകയും, സഹോദര്യത്തിലും സൗഹൃദത്തിലും കഴിഞ്ഞിരുന്ന സമൂഹങ്ങളിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളും വ്യവസ്ഥകളും നിലനിൽക്കുന്ന ഇന്നത്തെ ആഗോളസാഹചര്യത്തിൽ സമാധാനത്തിനും മെച്ചപ്പെട്ട ഒരു ലോകവ്യവസ്ഥയ്ക്കുമായി ഒരുമിച്ച് പ്രവർത്തിക്കാനും പ്രാർത്ഥിക്കാനും ക്ഷണിക്കുന്ന ഈ സന്ദേശത്തിന് സവിശേഷമായ സ്ഥാനമുണ്ട്. 
 

Join WhatsApp News
ഇന്ത്യയിലെ തീരുമാനങ്ങൾ 2026-10-31 02:25:09
കർദിനാൾ കൂവകാടൻ, ആദ്യം, RSS മായി ചർച്ച നടത്തുക. ഇന്ത്യയിൽ, ഇപ്പോൾ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് RSS ആണ്‌. പോപ്പിന്റെ ഇന്ത്യ സന്നർശനം പോലും തീരുമാനിച്ചത് RSS ആണ്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക