Image

ഹിന്ദു-ക്രിസ്ത്യന്‍ സഹകരണത്തിന് ആഹ്വാനം നല്‍കി വത്തിക്കാന്റെ ദീപാവലി ആശംസ

Published on 31 October, 2026
 ഹിന്ദു-ക്രിസ്ത്യന്‍ സഹകരണത്തിന് ആഹ്വാനം നല്‍കി വത്തിക്കാന്റെ ദീപാവലി ആശംസ

വത്തിക്കാന്‍: ഹൈന്ദവരും ക്രൈസ്തവരും സമാധാന പാതയില്‍ സഹകരിച്ച് മുന്നോട്ടു പോകണമെന്ന ആഹ്വാനവുമായി വത്തിക്കാന്റെ ദീപാവലി ആശംസ. മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമാണ് സന്ദേശം പുറത്തിറക്കിയത്. സമാധാനത്തിന്റെ സന്ദേശമോതുന്ന അസീസി ചൈതന്യം, സാര്‍വത്രിക സാഹോദര്യം, ദരിദ്രരോടും ദുര്‍ബലരോടുമുള്ള ഐക്യദാര്‍ഢ്യം എന്നിവയും സന്ദേശത്തില്‍ ഊന്നിപ്പറയുന്നു.

ദീപാവലിയുടെ പശ്ചാത്തലത്തില്‍, മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, സെക്രട്ടറി മോണ്‍. ഇന്ദുനില്‍ ജനകരത്‌നെ എന്നിവരാണ് സന്ദേശത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

1986 ഒക്ടോബര്‍ 27ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ക്ഷണപ്രകാരം, സമാധാനത്തിനായി പ്രാര്‍ഥിക്കാന്‍ ലോകമതങ്ങളുടെ പ്രതിനിധികള്‍ അസിസിയില്‍ സമ്മേളിച്ചതിന്റെ നാല്‍പതാം വാര്‍ഷികമാണ് ഈ വര്‍ഷമെന്ന് സന്ദേശം അനുസ്മരിക്കുന്നു.

യുദ്ധങ്ങളും സംഘര്‍ഷങ്ങളും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദുരുപയോഗവും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയും അസമാധാനത്തില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും സവിശേഷ സ്ഥാനമുണ്ടെന്നു രേഖ ഓര്‍മിപ്പിക്കുന്നുണ്ട്.

സമാധാനത്തിനായുള്ള ആഹ്വാനമെന്ന അടിസ്ഥാനചിന്ത എല്ലാ മതങ്ങളിലുമുള്ളതാണെന്നു പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പായുടെ മഞ്ഞീഫിക്ക ഉമാനിത്താസ് എന്ന ചാക്രികലേഖനത്തിലെ വാക്കുകളെ അധികരിച്ച് സന്ദേശം ഓര്‍മിപ്പിക്കുന്നു. അക്രമം മതങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

വിവിധ മതവിശ്വാസികളുമായുള്ള സഹകരണം ഉറപ്പാക്കാനും സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും പാത പിന്തുടരാനും ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും സാധിക്കേണ്ടതിന്റെ പ്രാധാന്യവും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക