
ന്യൂജേഴ്സി: ഇന്ത്യൻ സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വർണാഭമായ ആഘോഷമായി ന്യൂജേഴ്സിയിലെ ഓക്ക് ട്രീ റോഡിൽ സംഘടിപ്പിച്ച ഓപ്പൺ എയർ ഗർബ. ഒക്ടോബർ 22, 23 തീയതികളിൽ നടന്ന രണ്ടു ദിവസത്തെ ആഘോഷത്തിൽ ന്യൂജേഴ്സിയിലും സമീപ സംസ്ഥാനങ്ങളിലുമായി 9,000ത്തിലേറെ പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
വുഡ്ബ്രിഡ്ജ് ടൗൺഷിപ്പിന്റെയും മേയർ ജോൺ ഇ. മക്കോർമാക്കിന്റെയും നേതൃത്വത്തിൽ ഓക്ക് ട്രീ റോഡിലെ വ്യാപാരികളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന പരമ്പരാഗത ഗർബ നൃത്തം പൊതുവഴിയിൽ അവതരിപ്പിക്കാൻ സൗകര്യമൊരുക്കിയതോടെ പ്രദേശം വലിയ സാംസ്കാരിക വേദിയായി മാറി.
മിഡിൽസെക്സ് അവന്യൂവിനും കൊറേജ അവന്യൂവിനുമിടയിലെ റോഡ് ഗതാഗതത്തിനായി അടച്ചാണ് പരിപാടി നടത്തിയത്. വൈകിട്ട് ഏഴു മുതൽ രാത്രി 10 വരെ സൗജന്യ ഗർബ നൃത്തം അരങ്ങേറി. പങ്കെടുത്ത വ്യാപാരസ്ഥാപനങ്ങൾ വൈകിട്ട് അഞ്ചു മുതൽ രാത്രി 11 വരെ തുറന്നുപ്രവർത്തിച്ചു.
ഗായകൻ ഉമേഷ് പട്ടേൽ ആദ്യദിവസവും റെക്സ് ഡിസൂസ രണ്ടാം ദിവസവും സംഗീതപരിപാടികൾ അവതരിപ്പിച്ചു. ജാൻവി മേത്തയും കിം കുമാരിയും അവതാരകരായി. പരമ്പരാഗത ആരതിയും സമ്മാനനറുക്കെടുപ്പും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അലങ്കാരവിളക്കുകളും ചെണ്ടുമല്ലിപ്പൂക്കളും ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ ഓക്ക് ട്രീ റോഡിനെ ഉത്സവാന്തരീക്ഷത്തിലാക്കി.
വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് റോഡ് അടയ്ക്കൽ, പൊലീസ് സുരക്ഷ, വെളിച്ചം, വൈദ്യുതി, ബാരിക്കേഡുകൾ എന്നിവയുടെ ക്രമീകരണങ്ങൾ നടത്തി. പരിപാടിയുടെ നടത്തിപ്പ്, കലാകാരന്മാർ, അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പ്രചാരണം എന്നിവയിൽ ഓക്ക് ട്രീ റോഡിലെ വ്യാപാരികൾ പങ്കാളികളായി.
സന്ദർശകർക്കായി നാലു സൗജന്യ പാർക്കിങ് കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. ടിവി ഏഷ്യ, ദി ഇന്ത്യൻ ഐ ന്യൂസ് ഗ്രൂപ്പ്, റേഡിയോ സിന്ദഗി, വുഡ്ബ്രിഡ്ജ് ടിവി-35, ഗുജറാത്ത് ദർപ്പൺ, ഇന്ത്യ ടുഡേ ഗ്ലോബൽ, ന്യൂസ് ഇന്ത്യ ടൈംസ്, മസാല ജങ്ഷൻ, ഇബിസി റേഡിയോ, ആജ് തക്, ഐടിവി ഗോൾഡ് തുടങ്ങിയ മാധ്യമങ്ങൾ പരിപാടിക്ക് പിന്തുണ നൽകി.
പ്രാദേശിക വ്യാപാരസ്ഥാപനങ്ങളുമായി സന്ദർശകരെ ബന്ധിപ്പിക്കുന്നതിനായി അവതരിപ്പിച്ച 'ഓക്ക് ട്രീ റോഡ് പാസ്പോർട്ട്' പരിപാടിയുടെ പ്രത്യേക ആകർഷണമായി. പങ്കെടുത്ത ഓരോ സ്ഥാപനത്തിലും സ്ഥാപിച്ച ക്യുആർ കോഡ് സ്കാൻ ചെയ്ത് സന്ദർശകർക്ക് ഡിജിറ്റൽ സ്റ്റാമ്പുകൾ ശേഖരിക്കാമായിരുന്നു. ഓരോ സ്റ്റാമ്പും അന്നത്തെ സൗജന്യ സമ്മാനനറുക്കെടുപ്പിൽ ഒരു അവസരം നൽകി. വാങ്ങൽ നടത്തേണ്ടതോ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതോ ഉണ്ടായിരുന്നില്ല.
49 വ്യാപാരസ്ഥാപനങ്ങൾ പങ്കെടുത്ത പാസ്പോർട്ട് പദ്ധതിയിലൂടെ രണ്ടു ദിവസങ്ങളിലായി 3,000ത്തിലേറെ സ്റ്റോർ സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. ന്യൂജേഴ്സി ആസ്ഥാനമായ ഡോട്ട്കോഡ് നെറ്റ്വർക്ക്സാണ് പദ്ധതി വികസിപ്പിച്ച് നടപ്പാക്കിയത്.
രണ്ടു ദിവസങ്ങളിലായി നടന്ന നറുക്കെടുപ്പുകളിൽ 12,000 ഡോളറിലേറെ മൂല്യമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തതായി സംഘാടകർ അറിയിച്ചു.
ആദ്യദിവസം ഗോലം മൗല 20 ഗ്രാം സ്വർണബാർ (2,800 ഡോളർ മൂല്യം) നേടി. ഡൽഹിയിലേക്കോ മുംബൈയിലേക്കോ ഉള്ള ബൈ വൺ ഗെറ്റ് വൺ സൗജന്യ റൗണ്ട് ട്രിപ്പ് വിമാനടിക്കറ്റ് മോനിറ മിയാഹിന് ലഭിച്ചു. ശ്രദ്ധ, ഇഷ ചാഡ, കൃഷ്ണ ജഗന്നല്ല എന്നിവർക്ക് വിവിധ വ്യാപാരസ്ഥാപനങ്ങളുടെ 200 ഡോളർ വീതമുള്ള ഗിഫ്റ്റ് വൗച്ചറുകളും ലഭിച്ചു.
രണ്ടാം ദിവസം റയ്ഹാൻ സോർവർ 4,500 ഡോളർ മൂല്യമുള്ള ഒരു ഔൺസ് സ്വർണനാണയം നേടി. റിജു ഗുപ്ത, ശ്രേയ പട്ടേൽ, ശർവിൽ പട്ടേൽ എന്നിവർക്ക് ദുബായ്, ഇസ്താംബുൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള മൂന്നു ദിവസത്തെ ടൂർ സമ്മാനമായി ലഭിച്ചു. ദേവാൻഷ് നായിക്കും വീരേൻ കവാതേക്കറിനും വിവിധ വ്യാപാരസ്ഥാപനങ്ങളുടെ 650 ഡോളർ വരെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളും ലഭിച്ചു.
പരിപാടിയുടെ വിജയത്തിൽ ഓക്ക് ട്രീ റോഡിലെ വ്യാപാരികളെയും സംഘാടകരെയും അഭിനന്ദിക്കുന്നതായി വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് മേയർ ജോൺ ഇ. മക്കോർമാക് പറഞ്ഞു.
'നവരാത്രി ആഘോഷങ്ങളെ വീണ്ടും നമ്മുടെ സമൂഹം വ്യാപാരം നടത്തുന്ന തെരുവിലേക്ക് കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. തെരുവ് അതിനോട് പ്രതികരിച്ചു. എല്ലാ കടകളും വൈകിയും തുറന്നു, ഓരോ സന്ദർശകനും സമ്മാനം നേടാനുള്ള അവസരം ലഭിച്ചു. പാസ്പോർട്ട് പദ്ധതി ആളുകളെ മുമ്പ് സന്ദർശിച്ചിട്ടില്ലാത്ത കടകളിലേക്കും എത്തിച്ചു. ഇത് വ്യാപാരികളുടെ ആഘോഷമായിരുന്നു. ഓരോരുത്തരും ചേർന്നാണ് ഇതിനെ വിജയമാക്കിയത്,' പരിപാടിയുടെ സംഘാടകയായ ജാൻവി മേത്ത അഭിപ്രായപ്പെട്ടു.
വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ്, മേയർ, വ്യാപാരികൾ, സന്നദ്ധപ്രവർത്തകർ, കലാകാരന്മാർ, മാധ്യമങ്ങൾ, സന്ദർശകർ എന്നിവരുടെ സഹകരണമാണ് ആഘോഷത്തിന്റെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ അറിയിച്ചു.
വുഡ്ബ്രിഡ്ജ് ടൗൺഷിപ്പിന്റെ 'ബൈ ലോക്കൽ' പദ്ധതിയുടെ ഭാഗമായി സൗജന്യമായി സംഘടിപ്പിച്ച ഓപ്പൺ എയർ ഗർബ, ഓക്ക് ട്രീ റോഡിനെ വലിയ സാംസ്കാരിക പരിപാടികൾക്കുള്ള പ്രധാന വേദിയായി ഉയർത്താനുള്ള സാധ്യതയും തെളിയിച്ചു.