Image

അമർത്യയുടേയും മാത്യുവിന്റേയും ലോകം ഒന്ന്- അനുകമ്പ (കുര്യൻ പാമ്പാടി)

Published on 01 November, 2026
അമർത്യയുടേയും മാത്യുവിന്റേയും  ലോകം ഒന്ന്- അനുകമ്പ (കുര്യൻ പാമ്പാടി)

പ്രഗത്ഭരായ രണ്ടു പേരുടെ ആത്മകഥകൾ  എന്റെമുമ്പിലിരിക്കുന്നു. എക്കണോമിക്സിന് നൊബേൽസമ്മാനം ലഭിച്ചഅമർത്യാസെന്നിന്റെ Home in the World ഒന്ന്. രണ്ടാമത്തേത്  അമർത്യ സെന്നിന്റെ സാമ്പത്തിക സിദ്ധാന്തങ്ങളെ ജീവവായൂ  പോലെ സ്വാത്മീകരിച്ച  മാത്യു കുര്യന്റെ 'ജീവിത കഥ'.

രണ്ടിനുമുള്ള സാധർമ്മ്യം എന്നെ അദ്‌ഭുതപ്പെടുത്തുന്നു. അമർത്യാസെൻ കേംബ്രിഡ്‌ജിൽ തുടങ്ങി ലണ്ടൻ സ്‌കൂൽ ഓഫ് എക്കണോമിക്സ് വഴി  ഹാർവാർഡിലെത്തിയ ലോകപൗരനാണ്. ലോകം മുഴുവൻ എന്റെ ഭവനം  എന്നദ്ദേഹം സിദ്ധാന്തിക്കുന്നു.

രണ്ടു ആത്മകഥകൾ; മാത്യുവായിക്കുന്നത്  അമർത്യാസെന്നിന്റെ Home in the World

ഓക്സ്ഫോർഡിൽ ഡവലപ്മെന്റ് എക്കണോമിക്സ് പഠിച്ച റവ.ജോസഫ് പവ്വത്തിലിന്റെ (പിന്നീടദ്ദേഹം ബിഷപ്പും ആർച്ച് ബിഷപ്പുമായി) കീഴിൽ മാസ്റ്റേഴ്സ് ചെയ്ത മാത്യു കുര്യൻ,  അമർത്യാസെൻ ഭാവനയിൽ കണ്ട ദാരിദ്ര്യവും പട്ടിണിയും നേരിട്ട് അനുഭവിച്ചറിഞ്ഞ ആളാണ്‌. അതിനാൽ സെന്നിന്റെ ഡവലപ്മെന്റ് എക്കണോമിക്‌സും  വെൽഫെയർ എക്കണോമിക്‌സും എന്താണെന്നറിയാൻ എളുപ്പമായി.

നല്ലൊരു ചെരിപ്പുപോലുമില്ലാത്ത കാലത്താണ് മാത്യു എക്കണോമിക്സ് പഠിച്ചതും അതിന്റെ സിദ്ധാന്തങ്ങളെ സാധാരണക്കാരുടെ നന്മക്കു എങ്ങിനെ ഉപയുക്തമാകാം എന്ന് ഗവേഷണ പഠനങ്ങളിലൂടെ കണ്ടെത്തിയതും. ചുരുക്കത്തിൽ പീപ്പിൾസ് എക്കണോമിക്സിന്റെ വക്താവായി അദ്ദേഹം ലോകത്തെ സ്വന്തം ഭവനത്തിലേക്ക് ആവാഹിച്ചു.

ബസേലിയോസ് കോളജിൽ നടന്ന മാത്യുവിന്റെ അശീതി ആഘോഷം

അമർത്യാസെന്നിന് 92 വയസെത്തി. മാത്യു കുര്യൻ പന്ത്രണ്ടു വയസ്‌ പിന്നിൽ. എൺപതാം  പിറന്നാൾ പ്രമാണിച്ചു താൻ  വകുപ്പ് മേധാവിയായി സേവനം ചെയ്ത കോട്ടയം ബസേലിയസ് കോളജിൽ സംഘടിപ്പിച്ച അശീതി ആഘോഷ വേളയിലാണ് 'ജീവിത കഥ' പ്രകാശനം ചെയ്തത്.

പ്രസാധകൻ ലിവിങ് ലീഫ് സിഇഒ  എബ്രഹാം കുര്യൻ എഡിറ്റ് ചെയ്ത 'വി. മാത്യു കുര്യൻ  ജീവിതം കാലം കാഴചപ്പാട്' എന്ന സമഗ്രമായ ഓർമ്മചെപ്പിൽ  ഈ കഥ നിറഞ്ഞു നിൽക്കുന്നു.  സ്പീക്കർ തിരുവഞ്ചൂർ, മന്ത്രി മോൻസ് ജോസഫ്, യുഹാനോൻ മാർ ദിയസ്കോറോസ്, സഖറിയാസ് മാർ സേവേറിയോസ്,അഡ്വ. സുരേഷ് കുറുപ് തുടങ്ങി ഒരുപാടുപേർ മാത്യു കുര്യന് സ്നേഹാദരങ്ങൾ അർപ്പിച്ചു.

ഓർമ്മച്ചെപ്പിന്റെ എഡിറ്റർ എബ്രഹാം കുര്യൻ, ജീവിതകഥ തയ്യാറാക്കിയ ബോബൻ പി.എബ്രഹാം

ഇംഗ്ളീഷിൽ Festschrift എന്നു വിളിക്കുന്ന അനുസ്മരണ ഗ്രന്ഥത്തിനു അഞ്ചു ഭാഗങ്ങളുണ്ട്. ഒന്ന് ജീവിതകഥ, രണ്ട്  പൊതുസമൂഹ കഥ, മൂന്ന്  മാത്യു കുര്യനെഴുതിയ ചില കുറിപ്പുകൾ, നാല് കൊച്ചുമക്കളുടെ കുറിപ്പുകൾ, അഞ്ച് ചിത്രങ്ങൾ  കഥ പറയുന്നു-പതിനാലു അപൂർവ ചിത്രങ്ങൾ.

കഥാപുരുഷന്റെ ലാറി ബേക്കർ ശൈലിയിലുള്ള വീടിന്റെ നടുമുറ്റത്തും കൊക്കോമരങ്ങളുടെയും  മറ്റു പച്ചപ്പുകളുടെയും ഇടയിൽ  പല തവണയായി 14 മണിക്കൂർ നീണ്ട അഭിമുഖസംഭാഷണത്തിലൂടെയാണ് ബോബൻ പി. എബ്രഹാം എന്ന മുൻ ബാങ്കർ ആ കഥ 160 പേജുകളിലായി കോറിയിട്ടത്. മനോഹരം.

എൺപതാം വയസിൽ നടത്തിയ  തിരിഞ്ഞു നോട്ടം മൂന്നോ നാലോ വയസിൽ അമ്മവീട്ടിൽ നിന്നു തുടങ്ങുന്നു. സ്നേഹവതിയയായ വല്യമ്മച്ചിയും താപസനായ വല്യപ്പച്ചനും നൽകിയ സ്നേഹ വാത്സല്യങ്ങൾ. റബറിൽ നിന്ന് നെല്ലും കപ്പയും വാഴയുമായി മാറി, ഒപ്പം  പശു പരിപാലനവുമായി ഇണങ്ങിക്കഴിഞ്ഞ കാലം. കോളജിൽ ചേരാൻ പണമില്ല.

'മാത്യു ജനീവയിൽ നെതർലാൻഡ്‌സ്  മുൻ ധനകാര്യ മന്ത്രി ജാൻ പ്രോങ്കിനോടൊപ്പം

ഒരു നല്ല ചെരിപ്പുപോലുമില്ലാത്ത കാലം' എന്നു  മാത്യു പറഞ്ഞതായി അഭിമുഖത്തിന്റെ ടെക്സ്റ്റിൽ പറയുന്നു. പക്ഷെ  'ഒരു ചെരുപ്പ്[പോലുമില്ലാതെ കോളേജിലേക്ക്' എന്നാണ് അധ്യായത്തിന്റെ ശീർഷകം. അത് തെറ്റിയെന്ന് അത്തരം നിരവധി തെറ്റുകൾ വരുത്തിയിട്ടുള്ള ഒരു ജേര്ണലിസ്റ് എന്ന നിലയിൽ ഞാൻ പറയുന്നു.

പക്ഷെ വിപദിധൈര്യം അദ്ദേഹത്തെ  മുന്നോട്ടു കൊണ്ടുപോയി. കോട്ടയത്തെ സെന്റർ ഫോർ റീജ്യണൽ  ഡവലപ്മെന്റ് സ്റ്റഡീസ് സ്ഥാപകനും മാർക്സിസ്റ് എക്കോണമിസ്റ്റും പാർലമെന്റ് അംഗവുമായ ഡോ. കെ. മാത്യു കുര്യൻ നൽകിയ വഴിത്താരയിലൂടെ. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് അദ്ധ്യക്ഷ പദവിയിലേറിയ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ആയിരുന്നു മറ്റൊരു മെന്റർ.

 ഡോ. മണികണ്ഠനും ഡോ. ജയ്‌മോളുമൊത്ത് മാത്യു രചിച്ച പുസ്തകങ്ങൾ  

ഡോ. കെ മാത്യു കുര്യന്റെ കീഴിൽ ഡോക്ടറൽ ഗവേഷണം നടത്തുന്നതിനിടയിൽ ജനീവയിൽ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് വിളിച്ചു ചേർത്ത ഒരു സെമിനാറിൽ പങ്കെടുത്തു. അവിടത്തെ യു. എൻ. ലൈബ്രറിയിൽ ഗവേഷണ പഠനം തുടരാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി. കോൺഫറൻസ് ചെയർമാൻ ഡച്ച്‌ നേതാവ് ജാൻ പ്രോങ്ക്  കൂടെനിന്നു.

ബസേലിയോസിൽ വകുപ്പ് മേധാവിയും പഴഞ്ഞി കോളജിൽ പ്രിൻസിപ്പലുമായി സേവനം ചെയ്ത മാത്യു അദ്ധ്യാപനം  ഒരിക്കലും കൈവിട്ടിട്ടില്ല. എന്നും ഒരു വിദ്യാർഥിയെപ്പോലെ അദ്ദേഹം പുതിയ കാര്യങ്ങൾ കണ്ടെത്തി പുതിയ തലമുറക്ക് പകർന്നു നൽകി. എംജി സർവകലാശാലയിൽ ആരംഭിച്ച കെ എൻ രാജ് സ്‌കൂൾ ഓഫ് എക്കണോമിക്സിൽ തുടക്കം മുതലേ അധ്യാപകനായി. ഒടുവിൽ ജോയിന്റ് ഡയറക്ടറും. പതിനേഴു പേരുടെ ഡോക്ടറൽ ഗൈഡ് ആയി.

അമർത്യാസെന്നിന്റെ അരുമ സുഹൃത്ത് എംഎ ഉമ്മന്റെ ആത്മകഥയുമായി

മാവേലിക്കരയിലെ 'വിചാര' സംഘടിപ്പിച്ച പീപ്പിൾ'സ്  സ്‌കൂൾ ഓഫ്  എക്കണോമിക്‌സിൽ  വിശ്രുതസാമ്പത്തിക ശാസ്ത്രജ്ഞൻ എംഎ ഉമ്മനോടൊപ്പം അധ്യാപനം നടത്തി. 'പീപ്പിൾസ്റിപോർട്ടറി'ൽ ഇന്റര്നാഷനൽ പോളിറ്റിക്കൽ എക്കോണമിയെക്കുറിച്ച് ഇന്നും തുടർലേഖനം എഴുതുന്നു. വിചാര ഡയറക്ടർ പ്രൊഫ. മാമ്മൻ വർക്കിയും അശീതിയിൽ ആശംസ നേരാൻ എത്തിയിരുന്നു.

അറുപതിറ്റാണ്ടിന്റെ ദാമ്പത്യം; ജീവിത സഖിക്ക് വിവാഹ വാർഷിക മധുരം

ഇത്രയൊക്കെയായിട്ടും അമർത്യാസെന്നിനെപ്പോലെയും കെ എൻ രാജിനെപ്പോലെയും പാവപ്പെട്ടവർക്ക് വേണ്ടിയുള്ള എക്കണോമിക് സിന്റെ പിറകെ അക്ഷീണം യാത്ര തുടരുന്നു. മാർക്സിയൻ എക്കോണമിക് സ് അറിയാം, പക്ഷെ മാർക്സിസ്റ് അല്ല. കീനേഷ്യൻ  എക്കോണമിസ്റ്.

ഒരിക്കൽ കൊച്ചുവെളുപ്പാൻ കാലത്ത് ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. പലതവണ ബെല്ലടിച്ചു. ഒടുവിൽ  ഭാര്യ മോളിക്കുട്ടി  ഫോണെടുത്തു. അദ്ദേഹം ജോലിയിലാണ് എന്ന് മറുപടി. നിർബന്ധിച്ചപ്പോൾ പറഞ്ഞു പശുവിനെ കറക്കുന്നു.

ലേഖകനുമൊത്ത്

പിന്നീട് നേരിൽ  കണ്ടപ്പോൾ ഞാൻ പരിഹസിച്ചു. താങ്കളെപ്പോലെ ഒരു കോളജ് പ്രൊഫസറുടെ പണിയാണോ പശുവിനെകറക്കുന്നതും ചാണകം കോരുന്നതും? അദ്ദേഹത്തിന്റെ മറുപടിയാണ് ഏറ്റവും രസകരം. സുഹൃത്തെ, പശുവിനെകറക്കാൻ  നിലത്ത് കാലു മടിഞ്ഞു  ഇരിക്കണം. അതിനേക്കൾ എളിമയുള്ള ഒരു പണി ലോകത്തിൽ ഇല്ല!

മകൻ ഗിരീഷിന്റെ ഫേവറൈറ്റ് പിസേറിയയിൽ ; ഗിരീശും നിഷയും
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക