
ഫ്ലോറിഡ പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ലിയർജെറ്റ് 60 തകർന്നു 9 പേർ മരിച്ചതായി യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. ക്രെസ്റ്റ്ഹാവനു സമീപം പാർപ്പിട മേഖലയിൽ ഉണ്ടായ അപകടം അവിടെ കനത്ത നാശനഷ്ടങ്ങൾ വരുത്തി വച്ചു.
നൂറോളം കുടുംബങ്ങൾക്കു അടിയന്തരമായി അഭയകേന്ദ്രങ്ങൾ ഒരുക്കേണ്ടി വന്നു. റോഡിൽ വലിയൊരു കുഴി രൂപം കൊണ്ടു.
ഉച്ചയ്ക്ക് 12:50 നായിരുന്നു അപകടമെന്നു എഫ് എ എ പറഞ്ഞു. ടെക്സസ് ഓസ്റ്റിൻ-ബെർഗ്സ്ട്രോം എയർപോർട്ടിൽ നിന്നു പറന്നുയർന്ന വിമാനം ബഹാമാസിലേക്കു പറക്കുകയായിരുന്നു.
എ ടി സി റെക്കോർഡിങ്ങിൽ കാണുന്നത് ഏറെ പ്രതികൂലമായ കാലാവസ്ഥയാണ് അപകട കാരണം എന്നാണ്. വല്ലാത്ത കുലുക്കം അനുഭവപ്പെട്ടതായും ഐസ് കനത്തു കൂടുന്നതായും പൈലറ്റ് എ ടി സിയെ അറിയിച്ചിരുന്നു. "ഞങ്ങൾ മിനിറ്റിൽ 10,000 അടി താഴുകയാണ്," ഒരു സന്ദേശത്തിൽ പറയുന്നു.
വിമാനത്തിൽ 9 പേരാണ് ഉണ്ടായിരുന്നതെന്നും ആരും രക്ഷപെട്ടില്ലെന്നും ഡഫി എക്സിൽ കുറിച്ചു.
ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് അപകടസ്ഥലം സന്ദർശിച്ചു. "ഒരു മിസൈൽ പതിക്കുന്നത് പോലെയാണ് വിമാനം വീണത്," അദ്ദേഹം പറഞ്ഞു. വിമാനം വീണ ഭാഗത്തു ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരമില്ലെന്നും അദ്ദേഹം അറിയിച്ചു.
All nine on board killed in Florida Learjet crash