
ചൊവാഴ്ച്ച നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ 57 ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളെങ്കിലും മത്സരിക്കുന്നു. ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കൻ വിവേക് രാമസ്വാമി, ലോസ് ഏഞ്ജലസ് മേയർ സ്ഥാനാർഥി ഡെമോക്രാറ്റ് നിത്യ രാമൻ എന്നീ മലയാളികളും അക്കൂട്ടത്തിൽ മുനിരയിലുണ്ട്.
സെനറ്റിലേക്കു മൂന്നു പേർ, സംസ്ഥാന അധികാര സ്ഥാനങ്ങളിലേക്കു മൂന്നു പേർ.
ഡെമോക്രാറ്റ് ഡോക്ടർ ആമി ആക്ടനെ നേരിടുന്ന രാമസ്വാമിയാണ് ഏറ്റവും ഉയർന്ന അധികാര സ്ഥാനത്തിനു മത്സരിക്കുന്നത്. ഞായറാഴ്ച്ച ഫിഫ്റ്റിവൺപ്ലസ്വൺ നൽകിയ സർവേ ഫലം ആക്ടനു മൂന്ന് പോയിന്റ് ലീഡുണ്ട് എന്നാണ്.
നിത്യാ രാമൻ നേരിടുന്നത് കരുത്തയായ മേയർ കാരൻ ബാസിനെയാണ്. ഇരുവരും 40% വീതം പിന്തുണ നേടി എന്നാണ് യുസി ബെർക്കിലി ഇൻസ്ടിട്യൂറ്റ് ഓഫ് ഗവൺമെന്റ് സ്റ്റഡീസ് ഏറ്റവും ഒടുവിൽ നൽകിയ പോളിംഗ് ഫലം.
ന്യൂ യോർക്കിൽ അറ്റോണി ജനറൽ സ്ഥാനത്തേക്കു ഇപ്പോഴത്തെ എ ജി ലെറ്റീഷ്യ ജെയിംസിനെ നേരിടുന്ന സരിത കോമാട്ടിറെഡ്ഡി ആണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട സ്ഥാനാർഥി. പ്രസിഡന്റ് ട്രംപിന്റെ ശത്രുവായ ജെയിംസിനെതിരെ ട്രംപ് സരിതയെ പിന്തുണച്ചിട്ടുമുണ്ട്. എന്നാൽ ഒക്ടോബർ 28നു സിയന്ന പോളിൽ ജെയിംസ് 54-39 മാർജിനിൽ മുന്നിലാണ്.
മെരിലാൻഡിന്റെ ഡെമോക്രാറ്റ് ലെഫ് ഗവർണർ അരുണ മില്ലർ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നു. മാസച്യുസെറ്സിൽ ശിവ അയ്യാദുരൈ ഡെമോക്രാറ്റിക് സെനറ്റർ എഡ് മാർക്കിക്ക് എതിരെ സ്വതന്ത്ര സ്ഥാനാർഥിയാണ്.
യുഎസ് ഹൗസിലേക്കു മത്സരിക്കുന്ന 11 പേരിൽ നാലു പേർ നിലവിൽ കോൺഗ്രസ് അംഗങ്ങളാണ്:കാലിഫോർണിയയിൽ റോ ഖന്നയും ആമി ബെറയും, വാഷിംഗ്ടണിൽ പ്രമീള ജയപാൽ, വിർജിനിയയിൽ സുഹാസ് സുബ്രമണ്യം.
ഖന്നയും ജയപാലും ഇന്ത്യക്കാരായ എതിരാളികളെയാണ് നേരിടുന്നത്. ഖന്നയെ വെല്ലുവിളിക്കുന്നത് സിലിക്കൺ വാലി സംരംഭകൻ റിതേഷ് ടണ്ഠനാണ്. പ്രമീളയ്ക്കെതിരെ മുൻ മറീനായ റിപ്പബ്ലിക്കൻ നീരവ് സേഥ്. രണ്ടു സീറ്റും ഡെമോക്രാറ്റുകൾക്കു സുരക്ഷിതമാണെന്നു സർവേകൾ കാണിക്കുന്നു.
അരിസോണ ഡിസ്ട്രിക്ട് ഒന്നിൽ അമിഷ് ഷാ, ഫ്ലോറിഡ രണ്ടിൽ പിയ ദണ്ഡിയ എന്നിവർ കടുത്ത മത്സരം നേരിടുന്നു. ഇരു സീറ്റുകളിലും പണം ഇപ്പോഴും ഒഴുകുന്നു എന്നാണ് റിപ്പോർട്ട്.
നോർത്ത് കരളിന ഡിസ്ട്രിക്ട് 4ൽ റിപ്പബ്ലിക്കൻ മഹേഷ് 'മാക്സ്' ഗണോക്കർ യുഎസ് ഹൗസിലേക്കു മത്സരിക്കുന്നുണ്ട്. ഒഹായോ 13ൽ സന്ദീപ് ദിക്ഷിത്, മിഷിഗൺ 11ൽ അനിൽ കുമാർ എന്നിവർ സ്വതന്ത്രരായി കോൺഗ്രസ് അംഗത്വം തേടുന്നു.
സംസ്ഥാനതലത്തിൽ 22 സ്റ്റേറ്റുകളിലായി 36 സ്ഥാനാർഥികളുണ്ട്. കാലിഫോർണിയ, ഇല്ലിനോയ്, ന്യൂ യോർക്ക് എന്നിവിടങ്ങളിൽ നാലു പേർ വീതം.
57 Indian American candidates are on the ballot