Image

സഹജീവികളോട് കരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്‌നേഹവും ഭക്തിയും : മമ്മൂട്ടി

Published on 02 November, 2026
  സഹജീവികളോട് കരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്‌നേഹവും ഭക്തിയും : മമ്മൂട്ടി

പരുമല : കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നതെന്ന് നടന്‍ മമ്മൂട്ടി. അങ്ങനെ പെരുമാറുന്നതാണ് ദൈവത്തോടുള്ള സ്‌നേഹവും ഭക്തിയുമെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 124 -ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.സിനിമാതാരം എന്നതിനപ്പുറത്തേക്ക് ഒരു മുന്‍ഗണന എപ്പോഴും തനിക്ക് നല്‍കുന്നതില്‍ മലങ്കരസഭയോടും, പരിശുദ്ധ ബാവാ തിരുമേനിയോടും നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മലങ്കരസഭയുടെ സ്‌നേഹിതനാണ് പത്മഭൂഷണ്‍ മമ്മൂട്ടിയെന്ന് തീര്‍ത്ഥാടനവാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദൈവം തിരഞ്ഞെടുത്ത മനുഷ്യനാണ്  മമ്മൂട്ടി. അഭിനയ മികവിന് അപ്പുറമുള്ള ആത്മീയ നിറവ് അദ്ദേഹത്തിനുണ്ട് . മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യ ക്യാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതം 2.0 വേദിയില്‍ പ്രഖ്യാപിച്ചു. സ്തനാര്‍ബുദം, തൈറോയിഡ് ക്യാന്‍സര്‍, പീഡിയാട്രിക് ക്യാന്‍സര്‍ എന്നിവയ്ക്കുള്ള ചികിത്സ ഉള്‍പ്പെടുന്നതാണ് പദ്ധതി. പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം.സി പൗലോസ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ഗ്രന്ഥം ചടങ്ങില്‍ വെച്ച് മമ്മൂട്ടി പ്രകാശനം ചെയ്തു.

നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സജി ചെറിയാന്‍ എം.എല്‍.എ,അഡ്വ.വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ വെരി.റവ ഫാ.യാക്കോബ് തോമസ് റമ്പാന്‍,  പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, വെരി.റവ.രാജന്‍ മാത്യു കോര്‍എപ്പിസ്‌കോപ്പാ, ഫാ.മാത്യു ഏബ്രഹാം തലവൂര്‍, മത്തായി ടി വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, ജോസ് പുത്തന്‍പുരയില്‍, മനോജ് പി ജോര്‍ജ് പന്നായികടവില്‍, കെയര്‍ ആന്‍ഡ് ഷെയര്‍ വൈസ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍, മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ, എക്‌സിക്യുട്ടീവ് ട്രസ്റ്റി റോയ് എം. മാത്യു മുത്തൂറ്റ്, ഡയറക്ടര്‍മാരായ റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിത്രം :  നടൻ മമ്മൂട്ടി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തുന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഡോ.​ഗീവർ​ഗീസ് മാർ ബർന്നബാസ്, അഡ്വ.ബിജു ഉമ്മൻ എന്നിവർ സമീപം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക