Image

പേവിഷബാധയേറ്റ് എട്ടുവയസ്സുകാരിയുടെ മരണം : ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്

Published on 02 November, 2026
പേവിഷബാധയേറ്റ് എട്ടുവയസ്സുകാരിയുടെ  മരണം : ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്

കൊല്ലം: പുനലൂരിൽ പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പുനലൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് കുട്ടിയുടെ ശരീരഭാരത്തിന് അനുസരിച്ചുള്ള ഇമ്മ്യൂണോഗ്ലോബുലിൻ വാക്സിൻ ഡോസ് കൃത്യമായി തന്നെ നൽകിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മേധാവിക്ക് കൈമാറി.

കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് ഏപ്രിൽ എട്ടിനാണ് നിയ ഫൈസലിന് തെരുവുനായയുടെ കടിയേൽക്കുന്നത്. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മെയ് മാസത്തിലാണ് കുട്ടി മരണപ്പെടുന്നത്. പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിൻ വാക്സിൻ കുത്തിവെച്ചതിൽ ഗുരുതര പിഴവ് സംഭവിച്ചെന്നും പരിചരണത്തിൽ അലംഭാവമുണ്ടായെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി.

കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ജീവനക്കാരെ പ്രതിചേർത്ത് പുനലൂർ പോലീസ് എടുത്ത കേസിൽ നടത്തിയ പുനരന്വേഷണത്തിലാണ് ഇപ്പോൾ ചികിത്സാ പിഴവില്ലെന്ന കണ്ടെത്തൽ. അതേസമയം, മെഡിക്കൽ ബോർഡിന്റെ നിർണായക നിഗമനങ്ങൾക്ക് ശേഷം മാത്രമേ ചികിത്സാ പിഴവ് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക