
ഇസ്രയേലി തിരഞ്ഞെടുപ്പിൽ ഖത്തർ പണമിറക്കി അറബ് പാർട്ടികളെ സഹായിച്ചു എന്ന ആരോപണം അന്വേഷിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു നീട്ടി വയ്ക്കണം എന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ആവശ്യം തിരഞ്ഞെടുപ്പിനു മേൽനോട്ടം വഹിക്കുന്ന സുപ്രീം കോടതി ജസ്റ്റിസ് നോവം സോൾബെർഗ് തള്ളി. ബുധനാഴ്ച്ച ഔദ്യോഗിക ഫലങ്ങൾ പ്രസിദ്ധീകരിക്കും.
"ഫലങ്ങൾ സർട്ടിഫൈ ചെയ്യുന്നത് നിർത്തി വയ്ക്കാൻ സെൻട്രൽ ഇലെക്ഷൻസ് കമ്മിറ്റിക്കു യാതൊരു അധികാരവും ഇല്ല," സോൾബെർഗ് പറഞ്ഞു. "അന്വേഷണത്തിൽ ഇടപെടാനും കമ്മിറ്റിക്കു അധികാരമില്ല."
തിരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടത്തിയതെന്നും അല്ലെന്നു അന്വേഷണത്തിൽ കണ്ടാൽ പോലും ഫലങ്ങളെ കാര്യമായി ബാധിക്കുന്ന യാതൊന്നും സംഭവിച്ചിട്ടില്ലെന്നും സോൾബർഗ് അധ്യക്ഷനായ കമ്മിറ്റി ഞായറാഴ്ച്ച പറഞ്ഞിരുന്നു.
ഫലങ്ങൾ എട്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കണം എന്നാണ് നിയമം. ബുധനാഴ്ച്ച കമ്മിറ്റി പ്രസിഡന്റ് ഇസാക് ഹെർസോഗിനു റിപ്പോർട്ട് നൽകണം.
അതു വൈകിയാൽ നിലവിലുള്ള നെസറ്റ് (പാർലമെന്റ്) തുടരേണ്ടി വരുമെന്നു സോൾബെർഗ് പറഞ്ഞു. അത് ജനാധിപത്യ വിരുദ്ധമാണ്.
നെതന്യാഹുവും പാർട്ടിയും തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കയാണെന്നു യാഷർ പാർട്ടി ചെയർമാൻ ഗഡി എയ്‌സൻകോട്ട് പറഞ്ഞു.
അഴിമതി കേസിൽ ജയിൽ ശിക്ഷ നേരിടുന്ന നെതന്യാഹുവിനു അധികാരത്തിൽ തുടരുകയും യുദ്ധം വീണ്ടും ആരംഭിക്കുകയും ചെയ്താൽ മാത്രമേ സംരക്ഷണം ലഭിക്കൂ. എന്നാൽ വീണ്ടും ഭരണം ലഭിക്കുന്ന കാര്യം സംശയത്തിലാണ്.
ഏറ്റവും ഒടുവിൽ തീവ്ര നിലപാടുകളുളള യിസ്രയേൽ ബെയ്‌തെനു പാർട്ടി നേതാവ് അവിഗ്‌ദോർ ലിബർമാൻ എയ്‌സൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ചു. യഹൂദ പാർട്ടികളെ എയ്‌സൻകോട്ടിനു പിന്നിൽ അണിനിരത്താനാണ് ശ്രമം.
എന്നാൽ 19 നിർണായക സീറ്റുകളുള്ള അറബ് പാർട്ടികളുമായി ബന്ധം സ്ഥാപിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.
Netanyahu fails in bid to block results