Image

തൂഫാന്‍! (പി എസ് ജോസഫ്‌)

Published on 03 November, 2026
തൂഫാന്‍!   (പി എസ് ജോസഫ്‌)

അധികാരത്തില്‍  പുതുമുഖം അല്ലെങ്കിലും ആദ്യത്തെ നാല് മാസങ്ങള്‍ക്കുള്ളില്‍ അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വി ഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും തിളങ്ങുന്ന മുഖമായി മാറിയിരിക്കുന്നു .

പതിനാറാമത്തെ നിയമസഭയില്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ടായിരുന്നു രമേഷ് ചെന്നിത്തല ഹരിപ്പാട് നിന്ന് ഏഴാം തവണയും വിജയിച്ചത് .പക്ഷെ  കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ കെ സി വേണുഗോപാലും  യു ഡി എഫില്‍ വി ഡി സതീശനും മേല്‍ക്കൈ നേടിയപ്പോള്‍ നാല് ദശകം നീണ്ട  ആ രാഷ്ട്രീയ മോഹം പൂവണിഞ്ഞില്ല. സുപ്രധാനം എങ്കിലും എല്ലാത്തവണയും അധികാരത്തിനും അപ്പുറം വിമര്‍ശനം നേരിടുന്ന ആഭ്യന്തര വകുപ്പാണ് അദ്ദേഹത്തിനു കിട്ടിയത് .പൊതുവേ മുഖ്യമന്ത്രി കൈവശം വെയ്ക്കുന്ന ഈ വകുപ്പ് തലമുതിര്‍ന്ന ഒരു നേതാവിന് കിട്ടിയപ്പോള്‍ അധികാര പ്രമത്തതയും അതേപോലെ നേതൃത്വത്തിനെതിരെയുള്ള അസ്വാരസ്യങ്ങളും ആണ് പ്രതീക്ഷിക്കപ്പെട്ടത്‌ .ഏറെ വെല്ലുവിളി നിറഞ്ഞ ഈ മേഖലയില്‍ മറ്റു മന്ത്രിമാരുടെ നിഴലില്‍ നിന്ന് രക്ഷപെടാന്‍ ഒരു സാധാരണ രാഷ്ട്രീയ നേതാവിന് കഴിയില്ല .ആഭ്യന്തര മന്ത്രിയായ വയലാര്‍ രവിയും  മുഖ്യമത്രിയായ കരുണാകരനും തമ്മില്‍ ഉള്ള ബന്ധം ഉലഞ്ഞെങ്കില്‍ പിണറായി മന്ത്രിസഭയില്‍ സ്വന്തം വകുപ്പില്‍ തിളങ്ങാന്‍ കോടിയേരിക്ക്  അത്ര കഴിഞ്ഞില്ല.കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തരം കൈവശം വെച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ  ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ആഭ്യന്തര വകുപ്പിലെ പാളിച്ചകളായിരുന്നു പ്രധാനം .. പക്ഷെ അധികാരത്തില്‍  പുതു മുഖം അല്ലെങ്കിലും ആദ്യത്തെ നാല് മാസങ്ങള്‍ക്കുള്ളില്‍ അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വി ഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും തിളങ്ങുന്ന മുഖമായി മാറിയിരിക്കുന്നു .

 ഭരണത്തിലുള്ള മുന്‍പരിചയം പലപ്പോഴും ബാധ്യത  ആകാറുള്ള ഒരിടത്ത് നിശ്ചയിച്ചു ഉറപ്പിച്ച പോലെ രമേശ്‌ ചെന്നിത്തല കൈക്കൊണ്ട നടപടികള്‍ ആണ് അദ്ദേഹത്തെ ഈ മന്ത്രിസഭയില്‍ വേറിട്ട്‌ നിര്‍ത്തുന്നത് .അതില്‍ ഏറ്റവും പ്രധാനം മയക്കു മരുന്നിനു എതിരെ അദ്ദേഹം  നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ തന്നെ.സംസ്ഥാനം ലഹരിയുടെ പിടിയില്‍ ആണെന്ന് അറിയാന്‍ അദ്ദേഹം  നേതൃത്വം നല്‍കിയ ഈ പദ്ധതിയാണ് സഹായകമായത് .അതിഥി തൊഴിലാളികള്‍ മാത്രമല്ല സാധാരണ സ്കൂള്‍ വിദ്യാര്‍ഥികളും വരെ ആ ദൂഷിത വലയത്തിലെ കണ്ണികള്‍ ആണെന്നു  കേരളം തിരിച്ചറിഞ്ഞു .സ്കൂള്‍ അധ്യാപികമാര്‍ വരെ മയക്കു മരുന്ന് വ്യാപാരത്തില്‍ പങ്കാളികളാണ് എന്നത് കേരളം ശ്രവിച്ചത് വല്ലാത്ത ഞെട്ടലോടെയാണ് .ദേശവ്യാപകമായി മയക്കു മരുന്ന് വേട്ടക്കു പ്രേരണയായി അദ്ദേഹത്തിന്‍റെ ഈ ദൌത്യം .ആരംഭ ശൂരത്വം അല്ല സ്ഥിരമായ അന്വേഷണവും നടപടികളുമാണ് ഈ ദൗത്യത്തെ ശ്രദ്ധേയമാക്കുന്നത് .ഒരു പക്ഷെ കേരളത്തിലെ ഭാവി തലമുറ അദ്ദേഹത്തെ നന്ദിയോടെ ഇതിന്റെ ഒറ്റപ്പേരില്‍ ഓര്‍ക്കും .

  പക്ഷെ അദ്ദേഹം ഞെട്ടിച്ചത് നിയമസഭയില്‍ തന്‍റെ വകുപ്പിന്റെ കീഴില്‍ ഉള്ള പോലീസിനു നേരെ കര്‍ക്കശമായ പരാമര്‍ശം നടത്തി കൊണ്ടാണ് .ചേരാനല്ലൂര്‍  വാഹനാപകടത്തില്‍ ഒരു ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെ  ലാഘവത്തോടെ ചെറിയ വകുപ്പുകള്‍ ചുമത്തി പോലിസ് അറസ്റ്റ്‌ ചെയ്ത നടപടിയെ അദ്ദേഹം ന്യായീകരിച്ചില്ല എന്ന് മാത്രമല്ല  പോലിസ് ആരുടെ മകനാണ് പ്രതി എന്ന് നോക്കാതെ കര്‍ക്കശമായ നടപടി എടുക്കണം എന്ന് തുറന്നു പറയുകയും ചെയ്തു  .അവസാനം പോലിസ് കുട്ടിക്കെതിരെ കുറ്റകരമല്ലാത്ത  നരഹത്യ വകുപ്പു ചുമത്തി .കാറിന്‍റെ ലൈസന്‍സിന്റെ ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുത്തു അര്‍ദ്ധരാത്രിയില്‍ ബെന്‍സ് കാര്‍ നൂറു കിലോ മീറ്റര്‍ സ്പീഡില്‍ ഓടിച്ചു ഒരാളെ കൊലപ്പെടുത്തിയ പതിനേഴുകാരന്‍ ശക്തമായ  പൊതുജന രോഷത്തിനു ഇരയായതാണ് ആ കുട്ടിയെ രക്ഷപെടുത്താന്‍ സഹായിച്ച പൊലിസിനെതിരേ കുടുംബവും പൊതു സമൂഹവും ശക്തമായി രംഗത്തിറങ്ങി .നെടുമ്പാശേരിയില്‍ ഒരു പത്തൊമ്പതുകാരന്‍ മദ്യ ലഹരിയില്‍ മൂന്ന് പേരെ വണ്ടി  ഇടിച്ചു  കൊല  ചെയ്തതിനു പിന്നലെയായിരുന്നു ഈ കൊല .

എല്ലാക്കാലത്തും പോലീസിന്റെ മുന്നില്‍ നല്ല പിള്ള ചമയാനും ,അവരുടെ മനോ വീര്യം ചോരാതിരിക്കാന്‍ എന്ന പേരില്‍ അവരുടെ ക്രൂരതകളെ ന്യായീകരിക്കുകയും ചെയ്തിരുന്ന മന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം അവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നു  നിയമസഭയില്‍ പ്രഖ്യാപിച്ചു . നടപടി എടുക്കുകയും ചെയ്തു ..മേലധികാരികളുടെ നിയമവിരുദ്ധമായ ഉത്തരവുകള്‍ മാനിക്കേണ്ട  എന്ന് പറഞ്ഞ മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഹേമചന്ദ്രന്‍ ആണ് അദ്ദേഹത്തിന്‍റെ ഉപദേശകന്‍ എന്നത് ഇവിടെ ശ്രദ്ധേയം .ഒരു പക്ഷെ കേരളത്തിലെ ശക്തമായ സിവില്‍ റൈറ്റ്സ് പ്രസ്ഥാനം  കാത്തിരുന്ന പോലിസ് മന്ത്രി ആവുകയാകാം അദ്ദേഹം

   വ്യക്തിപരമായും ചെന്നിത്തലയില്‍ സാമൂഹിക ബോധവും സഹാനുഭൂതിയും പ്രകടമാണ് .ഒരു എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം  പദവിയുടെ ചട്ടക്കൂടിനും അപ്പുറം ജനപക്ഷത്തു നില്ക്കാന്‍ ശ്രമിക്കുന്നു .തന്‍റെ സര്‍ക്കാരിന്റെ കാലത്ത് നക്സലുകളെ കൊല്ലുകയല്ല പിടി കൂടി നിയമത്തിനു വിധേരാക്കുകയാണ് ഉണ്ടായത് എന്ന് അദേഹം ഓര്‍മ്മിപ്പിക്കുന്നു .മുന്‍ നക്സല്‍ ആയ മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിതക്ക് അവാര്‍ഡ് സമ്മാനിക്കുമ്പോഴാണ്‌  അദേഹം ഇത് പറയുന്നത് .നക്സല്‍ നേതാവ് രുപേഷിനെ ഒരു കാരണവശാലും വധിക്കരുതെന്നു  താന്‍ ഉത്തരവിട്ടതായി അദേഹം പറയുന്നു .ഇടതു പക്ഷത്തിന്‍റെ കാലത്ത് അഞ്ചു പേരെയാണ്

പോലിസ് ഏറ്റുമുട്ടലില്‍  കൊലപ്പെടൂത്തിയതു എന്നത് ഇവിടെ കൂട്ടി വായിക്കണം.ഗാര്‍ഹിക പീഡനങ്ങള്‍ക്ക് നേരെ പോലിസിനെ സന്നദ്ധമാക്കാനും അദ്ദേഹം ശ്രമിക്കുന്നു. .

ആല്മാര്‍ത്ഥമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് അഭ്യന്തര വകുപ്പ് ഒരു മുള്‍ക്കിരീടം ആണ്.ഒരു തെറ്റായ തീരുമാനം മതി ജനരോഷത്തിന് മന്ത്രി ഇരയാകാന്‍ .പക്ഷെ ഒരു ശരിയായ തീരുമാനം സംസ്ഥാനത്തിന് മൊത്തം  ആശ്വാസം ആകും .അതറിയുന്ന ആളാണ്‌ രമേശ്‌ ചെന്നിത്തല. തന്‍റേതായ വ്യക്തി മുദ്ര അദേഹം ഈ രംഗത്ത് പതിപ്പിക്കുമെന്ന് വേണം കരുതാന്‍

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-11-03 17:18:42
💥🔥 രമേശ്‌ ആരുടെയോ കയ്യിലെ ഒരു ചട്ടുകം മാത്രമാണ്. ഏതായാലും ഇനിയും ഉണ്ടല്ലോ 4 വർഷം കൂടി. നോക്കാം..... ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക