
ഡാളസ് : അമേരിക്കയിലെയും ഇന്ത്യയിലെയും ശ്രോതാക്കളെ കോര്‍ത്തിണക്കിക്കൊണ്ട് ആഗോളതലത്തില്‍ സംപ്രേക്ഷണം ചെയ്ത വര്‍ണ്ണാഭമായ ചടങ്ങില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'നമ്മുടെ റേഡിയോ' ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഔദ്യോഗികമായി പ്രവര്‍ത്തനം കേരളം പിറവി ദിനമായ നവംബര് 1 ഞായറാഴ്ച ആരംഭിച്ചു. ഫൗണ്ടറും സി.ഇ.ഒ.യുമായ ജോസി ജോര്‍ജ്, കോ-ഫൗണ്ടറും സി.ഒ.ഒ.യുമായ ഫ്രാന്‍സിസ് പൈനാപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ ഈ പുതിയ ഡിജിറ്റല്‍ മാധ്യമ സംരംഭം യാഥാര്‍ത്ഥ്യമായത്. നിഷ, ജീജി പി. സ്‌കറിയ എന്നിവര്‍ ഡാളസ് സെന്റ് തോമസ് കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ അവതാരകരായിരുന്നു.

എം.സിമാരുടെ സ്വാഗതത്തോടെയും കൗണ്ട്ഡൗണോടെയും ആരംഭിച്ച ചടങ്ങില്‍ ഫാ. സിബി സെബാസ്റ്റ്യന്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. തുടര്‍ന്ന് കമ്മ്യൂണിറ്റി അംഗങ്ങളെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റേഡിയോ കേള്‍ക്കാന്‍ ക്ഷണിച്ചുകൊണ്ട് ആപ്പ് സൈന്‍-അപ്പ് ക്യാമ്പയിന്‍ നടന്നു. ഉദ്ഘാടന പ്രഖ്യാപനത്തിന് പിന്നാലെ, ഫൗണ്ടര്‍ ജോസി ജോര്‍ജ് സ്റ്റേഷന്റെ ഭാവി കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും അവതരണ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ച കോ-ഫൗണ്ടര്‍ ഫ്രാന്‍സിസ് പൈനാപ്പള്ളി റേഡിയോയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കമ്മ്യൂണിറ്റി ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമാക്കി.
പ്രാരംഭ ചടങ്ങുകള്‍ക്ക് ശേഷം തൃശൂര്‍ സ്റ്റേഷനില്‍ നിന്നുള്ള ലൈവ് സംപ്രേക്ഷണം ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര നെറ്റ്വര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊട്ടുപിന്നാലെ സ്റ്റേഷന്റെ ഔദ്യോഗിക ജിംഗിളിന്റെ ലൈവ് പ്രകാശനവും നടന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും ആഗോള സാമൂഹിക നേതാക്കളുടെയും ആശംസകള്‍ ചടങ്ങിന് മാറ്റുകൂട്ടി.

ബ്രോഡ്കാസ്റ്റ് ഡയറക്ടര്‍ മീനാ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്ന 'മീറ്റ് ദ ടീം' (Meet the Team) വിഭാഗം ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ഇന്ത്യയിലും അമേരിക്കയിലുമായി പ്രവര്‍ത്തിക്കുന്ന അണിയറപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. ടീം അംഗങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോയ്ക്ക് ശേഷം പ്രവര്‍ത്തകരെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
യുവതലമുറയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി 'യൂത്ത് റേഡിയോ വീഡിയോ' പ്രകാശനം ചെയ്യുകയും ജുവലിന്‍ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ജോസഫ് ചിറയില്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യൂത്ത് സഗ്മെന്റില്‍ അരിസോണയിലെ ഫീനിക്‌സില്‍ നിന്നുള്ള പ്രത്യേക സംഗീത പരിപാടിയും അരങ്ങേറി.

പ്രദേശിക കൂട്ടായ്മ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ച പ്രമുഖ വ്യക്തികളെ ആദരിക്കുന്ന പ്രത്യേക ചടങ്ങും വേദിയില്‍ നടന്നു. കമ്മ്യൂണിറ്റി നേതാക്കളെ വേദിയിലേക്ക് ക്ഷണിക്കുകയും റേഡിയോയുടെ വളര്‍ച്ചയിലെ പങ്കാളികളായി അവരെ ആദരിക്കുകയും ചെയ്തു. കൂടാതെ, 'നമ്മുടെ ഇവന്റ്‌സ്', 'നമ്മുടെ ലോക്കല്‍' എന്നീ സംരംഭങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകളും പ്രദര്‍ശിപ്പിച്ചു.
ജോബി പാലായുടെ മിമിക്രി, മെന്റലിസ്റ്റ് നിവിന്‍ വില്‍ഫ്രഡിന്റെ മാജിക്/ഇല്യൂഷന്‍ ഷോ എന്നിവയും കാണികള്‍ക്കായി സംഘടിപ്പിച്ച 'പ്ലേ ആന്‍ഡ് വിന്‍' മത്സരങ്ങളും ചടങ്ങിന് വിനോദമേകി.
അന്തരിച്ച പ്രശസ്ത സാംസ്‌കാരിക നായകന്‍ ശ്രീ. സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് പ്രത്യേക അനുസ്മരണ വീഡിയോ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് 'പാടുന്ന പാതിരി' എന്നറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞന്‍ ഫാദര്‍ പോള്‍ പൂവത്തിങ്കലിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്നും നടന്നു. അനുസ്മരണത്തിനും സംഗീത പരിപാടിക്കും ശേഷം പങ്കെടുത്തവര്‍ക്കായി വിഭവസമൃദ്ധമായ അത്താഴവും ഒരുക്കിയിരുന്നു. കോ-ഫൗണ്ടര്‍ ഫ്രാന്‍സിസ് പൈനാപ്പള്ളി നന്ദി പ്രകാശിപ്പിച്ചതോടെ ചരിത്രപരമായ ഈ റേഡിയോ ലോഞ്ച് ചടങ്ങ് സമാപിച്ചു.