
ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ചുനിർത്തുമ്പോൾ തന്നെ പ്രേക്ഷകന്റെ അബോധമനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകാൻ നാനായുടെ സൂക്ഷ്മമായ ഭാവചലനങ്ങൾക്കായിരുന്നു.
ഹിന്ദി വെള്ളിത്തിരയിലെ നായക-പ്രതിനായക ദ്വന്ദ്വങ്ങളുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ തച്ചുതകർത്ത അഭിനയ പ്രതിഭയാണ് ഈയിടെ അന്തരിച്ച നാനാ പടേക്കർ. ശബ്ദ ഗാംഭീര്യവും , പ്രവചനാതീതമായ ഭാവുകത്വങ്ങളും നിശബ്ദതയുടെ വിഹ്വലതകളും ഒരുമിക്കുന്ന ഒരു വിഷ്വൽ ട്രീറ്റാണ് നാനാ പടേക്കർ അഭിനയിച്ച സിനിമകൾ കാണികൾക്ക് . അതുല്യ പ്രതിഭയായ കൊടിയേറ്റം ഗോപിയെ അനുസ്മരിപ്പിക്കുന്ന മൊണ്ടാഷ് ആക്ടിംഗിൻ്റെ ത്രസിപ്പിക്കുന്ന മാസ്മരികതയാണ് നാനാ പടേക്കർ ഹിന്ദി സിനിമക്ക് സമ്മാനിച്ചത്.
ബോളിവുഡ് അധോലോകത്തെ വെറുമൊരു റൊമാന്റിക് ഫാന്റസിയായി മാത്രം ആഘോഷിച്ചിരുന്ന ഒരു കാലമുണ്ട്. ആ കാലഘട്ടത്തിലെ കുറ്റവാളികളുടെ ജീവിതയാഥാർത്ഥ്യങ്ങളെ അതിന്റെ സകലമാന ജീർണ്ണതകളോടെയും കൂടി സ്ക്രീനിൽ ആവിഷ്കരിച്ച നാനാ പടേക്കറുടെ അഭിനയ തികവ് വേറിട്ടതാണ്. മീരാ നായരുടെ 'സലാം ബോംബെ'യിലെ ബാബ ഗോലുബ് എന്ന കഥാപാത്രം 'സിറ്റി ഓഫ് ഗോഡ്', 'ടാക്സി ഡ്രൈവർ' എന്നീ ലോകക്ലാസിക്കുകളിലെ കഥാപാത്രങ്ങളുമായിട്ടാണ് ഇന്ന് താരതമ്യം ചെയ്യപ്പെടുന്നത്. അധികാരത്തിന്റെയും സമ്പത്തിൻ്റെയും മട്ടുപ്പാവുകളിലേക്കുള്ള കടന്നു കയറ്റമല്ല; മറിച്ച് അടുത്ത ദിവസത്തെ അതിജീവനത്തിനു വേണ്ടിയുള്ള ഒരു തെരുവ് വേട്ടക്കാരന്റെ ശരീരഭാഷയാണ് അദ്ദേഹം ഈ ചിത്രത്തിൽ പരീക്ഷിച്ചത്. ദയയോ ഗ്ലാമറോ അല്പം പോലും ഇല്ലാത്ത ആ അഭിനയ തികവ് ലോകസിനിമയുടെ ഉത്തുംഗ ശൃംഗങ്ങളോട് മാത്രമേ ഇന്ന് നമുക്ക് താരതമ്യം ചെയ്യാൻ കഴിയൂ. പ്രതിനായകർ എപ്പോഴും ക്രോധത്താൽ ജ്വലിച്ചുനിൽക്കണമെന്ന വാർപ്പുമാതൃകകളെയാണു് മീരാ നായരുടെ ചിത്രത്തിൽ നാനാ പടേക്കർ പൊളിച്ചെഴുതിയത്.

ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ചുനിർത്തുമ്പോൾ തന്നെ പ്രേക്ഷകന്റെ അബോധമനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകാൻ നാനായുടെ സൂക്ഷ്മമായ ഭാവചലനങ്ങൾക്കായിരുന്നു.
'പരിന്ദ'യിലെ അണ്ണാ സേത്തും 'അഗ്നിസാക്ഷി'യിലെ വിശ്വനാഥും ആത്തരം ടെററിൻ്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. 'ഫോർ എ ഫ്യൂ ഡോളേഴ്സ് മോർ' ലെ എൽ ഇൻഡിയോയെപ്പോലെ കാത്തിരുന്ന് ഇരയെ റാഞ്ചുന്നവനായിരുന്നില്ല അണ്ണാ സേത്ത്; മറിച്ച്, ഏതു നിമിഷവും പൊട്ടിത്തെറിക്കാൻ വെമ്പുന്ന ഒരു ഒരഗ്നിപർവ്വതമായിരുന്നു. എങ്കിലും യാതൊരുവിധ കുറ്റബോധവുമില്ലാത്ത പെരുമാറ്റങ്ങളും, തീപ്പെട്ടിക്കൊള്ളിയോടുള്ള അണ്ണാ സേത്തിന്റെ ഭയം പോലെയുള്ള സൂക്ഷ്മാംശങ്ങളും എത്ര മിഴിവോടെയാണ് നാനാ പടേക്കർ വരച്ചുകാട്ടിയത്. 'അഗ്നിസാക്ഷി'യിലാകട്ടെ, 'സ്ലീപ്പിംഗ് വിത്ത് ദി എനിമി'യിലെ വില്ലനിൽ നിന്നും വഴിമാറി, ക്ഷണികമായ മാനസികാസ്ഥിരതകളിലൂടെ ഗാർഹിക പീഡനത്തിന്റെ ഗ്യാസ് ലൈറ്റിംഗിനെ അദ്ദേഹം അരങ്ങിലെത്തിച്ചു. ആ കഥാപാത്രത്തിൻ്റെ ആന്തരിക സംഘർഷങ്ങളെ അങ്ങേയറ്റം ആവഹിച്ചു.
തീപ്പൊരി പാറുന്ന സംഭാഷണങ്ങളിലൂടെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച നടൻ തന്നെ, വാക്കുകളുടെ പിൻബലമില്ലാതെ പ്രേക്ഷകന്റെ കണ്ണീർ വാർക്കാനും പ്രാപ്തനായിരുന്നു എന്നത് ഒരത്ഭുതമാണ്. 'ഖാമോഷി'യിലെ ജോസഫ് എന്ന കഥാപാത്രം ഓർക്കുക. പതിറ്റാണ്ടുകൾ കഴിഞ്ഞ് ഓസ്കാർ വേദിയിൽ തിളങ്ങിയ 'കോഡ'യിലെ ഫ്രാങ്ക് എന്ന നിശബ്ദനായ പിതാവിന്റെ സ്നേഹവും നിസ്സഹായതയും വിഹ്വലതകളും നാനാ പടേക്കർ കാലങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യൻ സ്ക്രീനിൽ അനശ്വരമാക്കിയിരുന്നു. ഒരിടത്ത് സ്നേഹത്തെ മാരകമായ ആയുധമാക്കുന്ന സൈക്കോപാത്തായി ഭയപ്പെടുത്തിയ ആൾ തന്നെ, മറ്റൊരിടത്ത് സ്നേഹത്തിന്റെ നിശബ്ദതയെ പുൽകുന്നത് ഒരഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആക്ടിംഗ് റേഞ്ചിന്റെ വൈപുല്യത്തെയാണ് ചൂണ്ടി കാട്ടുന്നത്.
വൈകാരികതയുടെ വേലിയേറ്റങ്ങളെ പൂർണ്ണമായും ഉപേക്ഷിച്ച്, മസ്തിഷ്കം കൊണ്ടുമാത്രം ഒരു കഥാപാത്രത്തെ എങ്ങനെ ജീവസുറ്റതാക്കാം എന്ന് 'രാജനീതി'യിലെ ബ്രിജ് ഗോപാലിലൂടെ അദ്ദേഹം കാട്ടിത്തന്നു. 'ദി ഗോഡ്ഫാദറി'ലെ ടോം ഹേഗനെ അനുസ്മരിപ്പിക്കും വിധം, മുൻനിര പോരാട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, ഒരിക്കൽപ്പോലും ശബ്ദമുയർത്താതെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അധികാരത്തിന്റെ ചരടുകൾ വലിക്കുന്ന തന്ത്രശാലിയായ ഉപദേശകനായി അദ്ദേഹം പരകായപ്രവേശം ചെയ്തു. ആക്രോശങ്ങളോ പേശീബലമോ ഇല്ലാത്ത ഈ അണ്ടർപ്ലേ നാനായുടെ അഭിനയ വൈവിധ്യത്തിന്റെ മറ്റൊരു പ്രഹേളികയാണ്.

സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കുന്ന കഥാപാത്രങ്ങളെ അണിഞ്ഞപ്പോൾ, അത് കേവലമൊരു അഭിനയത്തിനപ്പുറം നാനാ പടേക്കർ എന്ന വ്യക്തിയുടെ തന്നെ ആന്തരിക ഊർജ്ജത്തിന്റെ വിസ്ഫോടനങ്ങളായി മാറി. 'പ്രഹാർ'ലെ മേജർ ചവാനും 'ക്രാന്തിവീറി'ലെ പ്രതാപും 'അബ് തക് ഛപ്പനി'ലെ സാധു അഗാഷെയുമെല്ലാം ഈ ഊർജ്ജത്തിന്റെ പല വകഭേദങ്ങളാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി സൈനിക പരിശീലനം നേടിയ അദ്ദേഹത്തിന്റെ ആത്മസമർപ്പണവും, വ്യവസ്ഥിതിയോടുള്ള സാധാരണക്കാരന്റെ അടങ്ങാത്ത രോഷവും, കർക്കശക്കാരനായ പോലീസുകാരനിൽ നിന്ന് സ്നേഹനിധിയായ ഭർത്താവിലേക്കുള്ള സൂക്ഷ്മമായ പകർന്നാട്ടങ്ങളുമെല്ലാം അദ്ദേഹത്തിലെ പെർഫെക്ഷനിസ്റ്റിനെ അടയാളപ്പെടുത്തുന്നു.
രൗദ്രഭീമഭാവങ്ങളുടെ പ്രതിരൂപമായിരുന്ന ഒരു നടൻ തന്നിലെ പരുക്കൻ ശരീരഭാഷയെ അതിവിദഗ്ദ്ധമായി ഹാസ്യത്തിന്റെ രസതന്ത്രത്തിലേക്ക് വഴി മാറ്റുന്ന അത്ഭുതക്കാഴ്ചയാണ് 'വെൽക്കം' എന്ന ചിത്രത്തിലെ ഉദയ് ഷെട്ടിയിലൂടെ പ്രേക്ഷകർ കണ്ടത്. അതുവരെ സ്ക്രീനിൽ ഭയം വിതച്ചിരുന്ന നാനാ പടേക്കർ, പൊടുന്നനെ ഒരു മുഴുനീള കോമഡി ചിത്രത്തിൽ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചയക്കാൻ വെപ്രാളപ്പെടുന്ന, നിസ്സഹായനായ ഒരു അധോലോക നായകനായി മാറിയത് അഭിനയത്തിന്റെ മറ്റൊരു മാന്ത്രികതയായിരുന്നു. കൺട്രോൾ ഉദയ്, കൺട്രോൾ" എന്ന് സ്വയം ആശ്വസിപ്പിച്ചുകൊണ്ട് തന്നിലെ ആദിമമായ മുൻകോപത്തെയും അക്രമവാസനയെയും അടക്കിനിർത്താൻ പാടുപെടുന്ന ഉദയ് ഷെട്ടി, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച കോമിക് സൃഷ്ടികളിലൊന്നാണ്. 'അനലൈസ് ദിസ്' എന്ന ഹോളിവുഡ് ചിത്രത്തിൽ പാനിക് അറ്റാക്ക് നേരിടുന്ന കോമിക് മാഫിയ ബോസായി റോബർട്ട് ഡി നിറോ നടത്തിയ അവിശ്വസനീയമായ പരകായപ്രവേശത്തോടാണ് ഈ പ്രകടനത്തെ നിരൂപകർ ഇന്ന് ചേർത്തുവായിക്കുന്നത്. സദാ ഗൗരവം സ്ഫുരിക്കുന്ന മുഖഭാവങ്ങളുള്ള ഒരു ഇതിഹാസ നടൻ പൂർണ്ണമായും ഡെഡ്-പാൻ കോമഡി കൈകാര്യം ചെയ്യുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വൈരുദ്ധ്യത്തിന്റെ സൗന്ദര്യമാണ് നാനാ പടേക്കർ ഈ ചിത്രത്തിലൂടെ അനാവരണം ചെയ്തത്. ചിരിപ്പിക്കാൻ വിദൂഷകനാകേണ്ടതില്ലെന്നും, വില്ലന്റെ അതേ ശരീരഭാഷ കൊണ്ടുതന്നെ തിയേറ്ററുകളിൽ ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാമെന്നും ഈ കഥാപാത്രത്തിലൂടെ
അദ്ദേഹം തെളിയിച്ചു.
കലയും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത അതിർവരമ്പുകൾ അലിഞ്ഞില്ലാതാകുന്ന 'നട്‌സമ്രാട്ടി'ലെ ഗൺപത് റാവു "അപ്പ" ബെൽവാൽക്കർ എന്ന കഥാപാത്രം നാനാ പടേക്കർ എന്ന നടന്റെ ആത്മാവിൽ നിന്നടർന്നു വീണ ഒരു രക്തബിന്ദുവാണ്. ഷേക്സ്പിയറുടെ 'കിംഗ് ലിയറി'നെ അനുസ്മരിപ്പിക്കുന്ന വിധം, പ്രതാപത്തിന്റെ കൊടുമുടിയിൽ നിന്നും വാർദ്ധക്യത്തിന്റെ ദാർശനികമായ ഏകാന്തതയിലേക്കും തിരസ്കാരത്തിലേക്കും വഴുതിവീഴുന്ന ഒരു കലാകാരന്റെ അസ്തിത്വ ദുഃഖത്തെ അങ്ങേയറ്റം തീവ്രതയോടെയാണ് അദ്ദേഹം ഈ ചിത്രത്തിൽ ആവാഹിച്ചത്. വേദിയിലെ കയ്യടികൾ നിലച്ചതിന് ശേഷമുള്ള ശൂന്യതയെയും, സ്വന്തം മക്കളാൽ അനാഥനാക്കപ്പെടുന്നതിന്റെ നിസ്സഹായതയെയും നാടകീയമായ സ്വരഭേദങ്ങളിലൂടെയും വിറയാർന്ന ശരീരചലനങ്ങളിലൂടെയും അദ്ദേഹം വെള്ളിത്തിരയിൽ അനശ്വരമാക്കി. അഭിനയം എവിടെ അവസാനിക്കുന്നുവെന്നും നാനാ പടേക്കർ എന്ന പച്ചമനുഷ്യൻ എവിടെ തുടങ്ങുന്നുവെന്നും വേർതിരിച്ചറിയാനാവാത്ത വിധം, സ്വന്തം നാടകാനുഭവങ്ങളുടെ കനലുകൾ കൂടി ഈ കഥാപാത്രത്തിലേക്ക് അദ്ദേഹം പകർന്നുനൽകിയപ്പോൾ, അത് ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദകമായ പരകായപ്രവേശങ്ങളിലൊന്നായി മാറി.
മറുവശത്ത് 'കാലാ'യിലെ ഹരി ദാദയിലൂടെ കോർപ്പറേറ്റ് അധികാരത്തിന്റെ ഏറ്റവും ശാന്തവും എന്നാൽ പൈശാചികവുമായ മറ്റൊരു മുഖമാണ് നാനാ പടേക്കർ അനാവരണം ചെയ്തത്. അലറിക്കൂവുന്ന പതിവ് തെന്നിന്ത്യൻ പ്രതിനായക സങ്കൽപ്പങ്ങളെ നിഷ്കരുണം റദ്ദാക്കിക്കൊണ്ട്, രാഷ്ട്രീയക്കാരനെ പോലെ വെളുത്ത വസ്ത്രങ്ങൾക്കുള്ളിൽ കൊടുംക്രൂരതകളെ ഒളിച്ചുവെക്കുന്ന ഒരു ഫാസിസ്റ്റിന്റെ ആന്തരിക ഭൂപടമാണ് അദ്ദേഹം ഈ ചിത്രത്തിൽ വരച്ചുകാട്ടിയത്. കറുപ്പിനും അധ്വാനിക്കുന്ന വർഗ്ഗത്തിനും മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഭരണകൂട ബോധത്തിന്റെ സകലവിധ ഗർവ്വും അഹങ്കാരവും, വിറയാർന്ന ഒരു ചെറുപുഞ്ചിരിയിലും ശബ്ദമുയർത്താതെയുള്ള സംഭാഷണങ്ങളിലും അദ്ദേഹം ഭദ്രമായി ഒളിച്ചുവെച്ചു. ആയുധങ്ങളേക്കാൾ മൂർച്ചയുള്ള അയാളുടെ ശാന്തതയും, 'ശുദ്ധിയോടുള്ള' അയാളുടെ ഭ്രാന്തമായ അഭിനിവേശവും, ഭരണകൂട ഭീകരതയുടെ ഏറ്റവും കൃത്യവും സൂക്ഷ്മവുമായ പ്രതിരൂപമായി ഹരി ദാദയെ മാറ്റിത്തീർത്തു; ലോകസിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരുടെ നിരയിലേക്ക് യാതൊരുവിധ ആക്രോശങ്ങളുമില്ലാതെ അയാൾ നടന്നു കയറുകയും ചെയ്തു.
ഇന്ത്യൻ മുഖ്യധാരാ സിനിമ ആവശ്യപ്പെടുന്ന പരമ്പരാഗത ശരീരപ്രകൃതിയോ ബാഹ്യസൗന്ദര്യമോ ഇല്ലാതിരുന്നിട്ടും, യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന അഭിനയശൈലികൊണ്ട് നാനാ പടേക്കർ തന്റേതായൊരു സിംഹാസനം പണിതുയർത്തി. ഉച്ചസ്ഥായിയിലുള്ള സംഭാഷണങ്ങൾ, അണപൊട്ടിയൊഴുകുന്ന ഊർജ്ജം, മാനസികനില തെറ്റിയ വില്ലനിസം, വാക്കുകളില്ലാത്തവന്റെ വിങ്ങലുകൾ, അധികാരത്തിന്റെ ഇടനാഴികളിലെ തണുത്ത മസ്തിഷ്കം എന്നിങ്ങനെ ചലച്ചിത്ര അഭിനയത്തിന്റെ സമസ്ത തലങ്ങളെയും അങ്ങേയറ്റം സ്വാഭാവികതയോടെ അദ്ദേഹം സ്ക്രീനിൽ ആവാഹിച്ചു.
ലോകസിനിമയിലെ അഭിനയ ഇതിഹാസങ്ങളോട് സധൈര്യം സംവദിക്കുന്ന, കാലാതിവർത്തിയായ പ്രകടനങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു നാനാ പടേക്കർ എന്ന നടന്റെ ചലച്ചിത്രജീവിതമെന്നു് നിസംശയം പറയാം. മൂന്ന് തവണ അഭിനയത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്.