Image

ഇന്ത്യൻ വംശജയായ പിയ ദണ്ഡിയ ഫ്ലോറിഡയിൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക്

Published on 04 November, 2026
ഇന്ത്യൻ വംശജയായ പിയ ദണ്ഡിയ ഫ്ലോറിഡയിൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക്

ന്യൂയോർക്ക്: രാജസ്ഥാനിൽനിന്ന് കുടിയേറിയ  ഡോക്ടറുടെ മകൾ പിയ ദണ്ഡിയ അമേരിക്കൻ ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറിഡയിലെ കോൺഗ്രസ് ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ പിയ റിപ്പബ്ലിക്കൻ എതിരാളി കേസി അസ്കറിനെ 51.9 ശതമാനം വോട്ടുകൾ നേടിയാണ് പരാജയപ്പെടുത്തിയത്.

അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ വംശജരായ ഒൻപതാമത്തെ വ്യക്തിയാണ് പിയ. 1956-ൽ കാലിഫോർണിയയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ദലീപ് സിങ് സൗണ്ട് ആണ് ഈ പട്ടികയിലെ ആദ്യ വ്യക്തി.

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായി ചില ഡിസ്ട്രിക്ടുകളുടെ അതിർത്തികൾ പുനർനിർണയിക്കാനുള്ള നീക്കത്തിനിടെയാണ് പിയയുടെ വിജയം. പാം ബീച്ച് കൗണ്ടിയിലും സമീപത്തെ മറ്റു മൂന്ന് കൗണ്ടികളിലുമായി വ്യാപിച്ചുകിടക്കുന്ന രീതിയിൽ പിയ മത്സരിച്ച ഡിസ്ട്രിക്ടിന്റെ  അതിർത്തികൾ മാറ്റിയിരുന്നു. ഡെമോക്രാറ്റുകളുടെ സ്വാധീനം കുറച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മണ്ഡലം ഡെമോക്രാറ്റുകൾ നിലനിർത്തി.

ഹാർവഡ് സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് വേനലവധിക്ക് ന്യൂഡൽഹിയിലെത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ പിയ സന്നദ്ധസേവനം നടത്തിയിരുന്നു. പിന്നീട് 'ടീച്ച് ഫോർ അമേരിക്ക' എന്ന സന്നദ്ധ അധ്യാപക പദ്ധതിയിലൂടെ അധ്യാപനരംഗത്തെത്തി.

ന്യൂയോർക്കിലെ ഹാർലെമിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ച് പ്രിൻസിപ്പലായി പ്രവർത്തിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്കൂൾ പ്രിൻസിപ്പൽമാരിൽ ഒരാളായി അവർ മാറി. സ്കൂളിലെ വിദ്യാർഥികളിൽ 86 ശതമാനവും പിന്നാക്ക സാഹചര്യങ്ങളിൽനിന്നുള്ളവരായിരുന്നു. പഠനം പൂർത്തിയാക്കിയ എല്ലാവരും കോളജ് വിദ്യാഭ്യാസത്തിന് പ്രവേശനം നേടി എന്നത് ശ്രദ്ധേയമായി.

പിന്നീട് വൈറ്റ് ഹൗസ് ഫെലോഷിപ്പിനും അർഹയായി. തുടർന്ന് ആപ്പിളിൽ പ്രവർത്തിച്ച അവർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പൊതുവിദ്യാഭ്യാസം, ആരോഗ്യരംഗം, സർക്കാർ സംവിധാനങ്ങൾ എന്നിവ ആധുനികവത്കരിക്കുന്ന പദ്ധതികളിൽ പങ്കാളിയായി.

മാതാപിതാക്കളാണ് തന്റെ പ്രചോദനമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിയ പറഞ്ഞു. 'ലോകത്തെ കണ്ടെത്തിയതിനേക്കാൾ മികച്ചതാക്കി മാറ്റണമെന്നാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്' എന്നായിരുന്നു അവരുടെ വാക്കുകൾ.

ആരോഗ്യപരിരക്ഷാ ചെലവ് കുറയ്ക്കുക, മുതിർന്ന പൗരന്മാർക്കുള്ള സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ പദ്ധതികൾ സംരക്ഷിക്കുക, കോൺഗ്രസ് അംഗങ്ങളുടെ ഓഹരി വ്യാപാരം നിരോധിക്കുക, മധ്യവർഗത്തിന്റെ നികുതി കുറയ്ക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അവർ വ്യക്തമാക്കി.

അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനാണ് കോൺഗ്രസിലേക്ക് മത്സരിച്ചതെന്ന് പിയ പറഞ്ഞു. രാഷ്ട്രീയ ധ്രുവീകരണത്തിനുപകരം പുരോഗതിക്ക് മുൻഗണന നൽകുന്ന ഭാവി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 24,000 സംഭാവനദാതാക്കളിൽനിന്ന് 3.9 മില്യൺ ഡോളർ സമാഹരിച്ചതായി പിയ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സംഭാവന നൽകിയവരിൽ 93 ശതമാനം പേരും 100 ഡോളറോ അതിൽ താഴെയോ നൽകിയവരായിരുന്നു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക