Image

ലൈഫല്ലേ ജീവിതം? (പുസ്തകലോകം: എം.കെ നാരായണമൂർത്തി)

Published on 04 November, 2026
ലൈഫല്ലേ ജീവിതം? (പുസ്തകലോകം: എം.കെ നാരായണമൂർത്തി)

സക്കറിയയുമായി ബന്ധപ്പെട്ട് മലയാളി കേൾക്കാത്ത ചിലതൊക്കെ ഇപ്പോഴും ബാക്കിയാണ്.ആ ബാക്കികളിലേക്ക് സഞ്ചരിക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനും യാത്രികനുമായ മാങ്ങാട് രത്നാകരൻ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഒരു സക്കറിയ പുസ്തകം’ എന്ന കൃതിയിലൂടെ.


സക്കറിയയെന്ന എഴുത്തുകാരനെ മലയാളി വായനക്കാരന് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.പക്ഷേ അദ്ദേഹവുമായി ബന്ധപ്പെട്ട് മലയാളി കേൾക്കാത്ത ചിലതൊക്കെ ഇപ്പോഴും ബാക്കിയാണ്.ആ ബാക്കികളിലേക്ക് സഞ്ചരിക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനും യാത്രികനുമായ മാങ്ങാട് രത്നാകരൻ തന്റെ ഏറ്റവും പുതിയ പുസ്കമായ ഒരു സക്കറിയ പുസ്കതം എന്ന കൃതിയിലൂടെ.പുസ്തകത്തിന്റെ വ്യത്യസ്ത തലക്കെട്ടിൽ തന്നെയുണ്ട്.ഹിമാലയം കാണാനാഗ്രഹിച്ച്,അതു നടക്കാതെ പോയതിനാൽ ഡൽഹിയിൽ ചെന്ന് സക്കറിയയെ കണ്ടു എന്ന കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥാവരികളിൽ പുസ്തകം തുടങ്ങിയത് തന്നെ സക്കറിയ എന്ന ഹിമാലയത്തെ വായനക്കാരന് മുന്നിലേക്ക് അവതരിപ്പിച്ചു കൊണ്ടാണ്.ഞാൻ വെറുമൊരു എഴുത്തുകാരൻ എന്ന് സ്വയം അടയാളപ്പെടുത്തുന്ന സക്കറിയയിലെ സാമൂഹ്യനിരീക്ഷകനേയും മലയാളിക്ക് പരിചയപ്പെടുത്താൻ ഈ പുസ്തകത്തില്‍  ഗ്രന്ഥകാരൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നിടത്താണ് ഇവിടെ വേറിട്ടൊരു വായന സാധ്യമാകുന്നത്.ആദർശശുദ്ധിയില്ലാത്ത മാധ്യമങ്ങളേയും ക്രിമിനൽവൽക്കരിക്കപ്പെട്ട രാഷ്ട്രീയത്തെ കുറിച്ച് സക്കറിയ തന്നെ എഴുതിയ കുറിപ്പ് പുസ്തകത്തില്‍  ചേർത്തത് സക്കറിയയുടെ സാമൂഹ്യവീക്ഷണത്തെ വായനക്കാരന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ മനസ്സിലാക്കാൻ സഹായകമായിട്ടുണ്ട്.സാഹിത്യജീവിതത്തിനുമപ്പുറം മറ്റൊരു ജീവിതത്തിന്റെ കൂടി ഉടമയാണ് സക്കറിയയെന്ന് മാലോകരെ അറിയിക്കാൻ മാങ്ങാട് രത്നാകരന് സാധിച്ചിട്ടുണ്ട്.

സക്കറിയ 

"ഇതാണ് മഹാന്മാർക്ക് പറ്റുന്ന കുഴപ്പം.അവർ പോയി വല്ല പുൽത്തൊട്ടിലിലോ ചെറ്റക്കുടിലിലോ ജനിക്കും.പിന്നാലെ വരുന്നവർ അവർക്കായി മണിമാളിക പണിയും."ഒരുമിച്ചുള്ള യാത്രയിൽ ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിന്റെ മുന്നിലെ ചത്വരത്തിൽ നിന്നും സക്കറിയ മാങ്ങാട് രത്നാകരനോട് പറഞ്ഞതാണ് ഈ വാക്യം.ഇതിലും നന്നായി എങ്ങനെയാണ് ഒരാൾ തന്റെ രാഷ്ട്രീയം വെളിപ്പെടുത്തുക?.യേശുരാജ്യത്തിൽ സക്കറിയയ്ക്കൊപ്പം എന്ന അദ്ധ്യായം വെറുമൊരു യാത്രാവിവരണം എന്നതിൽ നിന്ന് മാറിനിൽക്കുന്നത് സക്കറിയയുടെയും ഗ്രന്ഥകാരന്റേയും മനോവിചാരങ്ങളിലെ രാഷ്ട്രീയം കൂടി വെളിപ്പെടുന്നത് കൊണ്ടാണ്."നമ്മുടെ പി.സി ജോർജ്ജിനേക്കാളും മുട്ടൻതെറികളല്ലേ പുള്ളിക്കാരൻ പുരോഹിതവർഗ്ഗത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്?" എന്ന് ഇവിടെ വച്ച് സക്കറിയ മാങ്ങാടിനോട് ചോദിക്കുന്നുണ്ട്.പൗരോഹത്യത്തോട് എഴുത്തുകാരനുള്ള വെറുപ്പിന്റെ രേഖപ്പെടുത്തലാണത്.ഒരു ശവകൂടീരം സന്ദർശിക്കുന്നതിനെ കുറിച്ച് മാങ്ങാട് സക്കറിയയോട് ചോദിക്കുമ്പോൾ ഉത്തരമിങ്ങനെ."എന്റെ ആശാനെ.യേശുവിന്റേതായി എല്ലോ പല്ലോ മറ്റെന്തെങ്കിലും കിട്ടിയാൽ അച്ചന്മാർ അത് അപ്പോൾ തന്നെ കുഴിച്ചുമൂടിക്കളയും.കാരണം,അതോടെ ക്രിസ്തുമതത്തിൻ്റെ കഥകഴിയും.ക്രിസ്തുമതത്തിന്റെ ആണിക്കല്ല് തന്നെ ഉയിർത്തെഴുന്നേൽപ്പാണ്."മതങ്ങളോടുള്ള സക്കറിയയുടെ കാഴ്ചപ്പാടും ചരിത്രത്തോടുളള സമീപനവും വെളിവാക്കുന്ന ഈ വാചകങ്ങൾ ഈ പുസ്തകത്തെ ലിഖിത ചരിത്രത്തിന്റെ ഭാഗമാക്കുന്നു.

സക്കറിയയും ആമോസ് ഓസും

യാസർ അരാഫത്തിന്റെ ശവകുടീരം കാണാൻ ഗ്രന്ഥകാരനും സക്കറിയയും കൂടി പോകുന്നത് ഇതേ അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്.മുഹമ്മദ് എന്ന ഡ്രൈവറുടെ സഹായത്തോടെ രാമള്ളയിലെ അരാഫത്തിന്റെ ശവകൂടീരത്തിലേക്കുള്ള യാത്രാമദ്ധ്യേ കാണുന്ന കാഴ്ചകൾ മാങ്ങാട് രത്നാകരൻ വിവരിക്കുന്നത് വളരെയേറെ ദൃശ്യാത്മകമായിട്ടാണ്.യാസർ അറാഫത്തിന്റെ ശവസംസ്കാര ചടങ്ങുകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനായിരുന്നത് കൊണ്ടാകണം ഇത്തരം ഒരു ദൃശ്യാത്മകവിവരണത്തിന് അദ്ദേഹത്തിന് സാധിച്ചത്.ഫ്രാൻസിലെ ആശുപത്രിയിൽ വച്ചുള്ള അറാഫത്തിന്റെ മരണവും കെയ്റോവിൽ വച്ചു നടത്തപ്പെട്ട സൈനിക ശവസംസ്കാരവും റാമള്ളയിലേക്കുള്ള മൃതദേഹത്തിന്റെ വരവും മരണത്തെച്ചൊല്ലിയുള്ള നിലയ്ക്കാത്ത വിവാദങ്ങളുമെല്ലാം ദൃശ്യപരമ്പരയായി തന്റെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടെന്ന് ഗ്രന്ഥകാരൻ തന്നെ ഉറപ്പിക്കുന്നുണ്ട്.ജെറുസലേമിൽ അൽ-അഖ്സ പള്ളിക്ക് സമീപം അറാഫത്തിന്റെ ഭൗതികശരീരം കബറടക്കണമെന്ന് പാലസ്തീൻ നേതാക്കളുടെ ആവശ്യം ഇസ്രായേൽ അംഗീകരിച്ചിരുന്നില്ല.ഒടുവിൽ അൽ-അഖ്സ പള്ളിയുടെ സമീപത്ത് നിന്നെടുത്ത ഒരു പിടി മണ്ണിനുമേൽ മൃതദേഹം വച്ചാണ് അദ്ദേഹത്തെ കബറടക്കിയത്.ഈ ചരിത്രമെല്ലാം ഹൃദയസ്പർശിയായി മാങ്ങാട് രത്നാകരൻ വിവരിക്കുന്നുണ്ട്.ആ ശവകൂടീരം കണ്ടിറങ്ങിയപ്പോൾ സക്കറിയ മാങ്ങാടിനോട് പറഞ്ഞത് "അപ്പോൾ നാം പാലസ്തീനിൽ പകുതിയുദ്ധം ജയിച്ചു" എന്നാണ്.ഭാവനയും സത്യവും ഇടകലരുന്ന ഒരു വലിയ മനുഷ്യസ്നേഹിയായ എഴുത്തുകാരന് മാത്രമേ ഇത്തരത്തിൽ പറയാൻ കഴിയൂ.

സക്കറിയയും മങ്ങാട് രത്നാകരനും  അല്‍ അഖ്സ പള്ളിയില്‍ 

പ്രശസ്ത ഇസ്രായേലി എഴുത്തുകാരനും ബുദ്ധിജീവിയും പത്രപ്രവർത്തകനും അദ്ധ്യാപകതനുമായ ആമോസ് ഒസ്സിന്റെ വീട്ടിൽ ഇവർ ഇരുവരും എത്തുന്നതും അവിടത്തെ കാഴ്ചകളും അനുഭവങ്ങളും വിസ്തരിച്ച് തന്നെ പുസ്തകത്തിലുണ്ട്.ഇസ്രായേലും പാലസ്തീനും രണ്ടു രാഷ്ട്രങ്ങളായി തന്നെ തുടരണമെന്ന ദ്വിരാഷ്ട്രവാദത്തിന്റെ ശക്തനായ വക്താവായിരുന്നു ആമോസ്.നെഗേവിലെ ബെൻഗുറിയോൺ സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ആമോസിന്റേതായി 42 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.45 ഭാഷകളിൽ അതിന്റെ വിവർത്തനങ്ങളും വന്നിട്ടുണ്ട്.നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആമോസിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിക്കണമെന്ന മോഹം രണ്ടാൾക്കും ഉണ്ടായിരുന്നത് ആ സന്ദർശനത്തെ ഊഷ്മളമാക്കുന്നു.ചൂട് കാപ്പി നൽകി കൊണ്ടാണ് ആമോസ് ഇരുവരേയും സ്വീകരിച്ചത്.കൂട്ടത്തിൽ തന്റെ ഇരുപത് വയസ്സുള്ള പൂച്ചയേയും പരിചയപ്പെടുത്തി.ഇസ്രായേലി മാധ്യമങ്ങൾക്ക് സമയം നൽകാറില്ലാത്ത ആമോസ് സക്കറിയയ്ക്കും മാങ്ങാട് രത്നാകരനും ഒരു മണിക്കൂർ നൽകിയെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പോലും ഇവരുടെ പെകു സുഹൃത്തുക്കൾക്കു പോലും പ്രയാസമായിരുന്നത്രെ!ഒരു മൗലികവാദിയെ എങ്ങനെ ചികിൽസിക്കാം എന്ന ആമോസിന്റെ പുസ്കത്തെ കുറിച്ച് ഇതിൽ അദ്ദേഹത്തിന്റെ തന്നെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്നത് ആധുനികകാലത്ത് വളരെ പ്രസക്തമാണ്.സക്കറിയ ഇസ്രായേൽ-പാലസ്തീൻ പ്രശ്നത്തിന്റെ ഉൾപ്പിരിലുകളെ കുറിച്ച് സംസാരിച്ചപ്പോൾ താൻ ആമോസിന്റെ ഏറ്റവും പുതിയ നോവലായ യൂദാസിനെ കുറിച്ചാണ് സംസാരിച്ചതെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.അവരുടെ സംഭാഷണ മദ്ധ്യേ  വീട്ടിലേക്ക് തിരികെയെത്തിയ ആമോസിൻ്റെ ഭാര്യ നിലിയെ ആമോസ് അവർക്ക് പരിചയപ്പെടുത്തിയത് അഞ്ചാറു വർഷങ്ങൾക്ക് മുമ്പ് നിലി കേരളത്തിൽ വന്നിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു."അയാം ഇൻ ലൗ വിത്ത് കേരള"എന്നായിരുന്നു നിലിയുടെ പ്രതികരണം.

സക്കറിയ ഗെത്സമെനില്‍ 

ഇരുവരുടേയും ഡൽഹി,മദ്രാസ് ജീവിതകാലത്തെ കുറിച്ചുള്ള  അറിയാതെയെങ്കിലും നർമ്മം തൊട്ട ലേഖനങ്ങൾ മലയാളി അനുവാചകന് തികച്ചും പുതുമ നിറഞ്ഞതായിരിക്കും.ഗൗരവതരമായ പത്രപ്രവർത്തനത്തിന് പറ്റിയ സ്ഥലം ഡൽഹിയാണെന്ന് തിരിച്ചറിഞ്ഞ് ധാരാളം പേർ ഡൽഹിയിലെത്തിയ കാലത്താണ് മാങ്ങാട് രത്നാകരനും ഡൽഹിയിലെത്തിയത്.അന്വേഷണം മാസികയുടെ പത്രാധിപർ ടി.വി.കെ മാഷെന്ന് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിക്കുന്ന ടി.വി കുഞ്ഞികൃഷ്ണൻ തുടങ്ങാൻ പോകുന്ന 'ന്യൂഡൽഹി ഇന്ന്' എന്ന ടാബ്ളോയിഡ് വാരികയിലാണ് മാങ്ങാ‌ട് രത്നാകരന്റേയും തുടക്കം.ഒരു ദിവസം ഒരു മധ്യവയസ്കനായ സുമുഖനേയും കൂട്ടി ടി.വി.കെ മാഷ് മാങ്ങാട് രത്നാകരന്റെ മുന്നിലേക്ക് വരികയും പന്ത്രണ്ട് പേജ് വരുന്ന കൈയ്യെഴുത്ത് പ്രതി മാങ്ങാടിനെ ഏൽപ്പിക്കുകയും ചെയ്തു.കൈയ്യെഴുത്ത് പ്രതിയിലൂടെ കടന്നു പോയപ്പോൾ ചില്ലറ അക്ഷരത്തെറ്റുകളല്ലാതെ വായിക്കാൻ ഹരമായിരുന്നുവെന്ന് മാങ്ങാട് ഓർമ്മിക്കുന്നു.അതിനു ശേഷമാണ് ടി.വി.കെ മാഷ് കൈയ്യെഴുത്ത് പ്രതിയുടെ രചയിതാവായ മധ്യവയസ്ക്കനായ സമുഖനെ പരിചയപ്പെടുത്തിയത്."അറിയില്ലേ.ഇത് സക്കറിയ."അതായിരുന്നു സക്കറിയയും മാങ്ങാട് രത്നാകരനും തമ്മിലുള്ള ആദ്യ കണ്ടുമുട്ടൽ.ഒരു നീണ്ട ഓർമ്മക്കുറിപ്പായിരുന്നു ആ കൈയ്യെഴുത്ത് പ്രതി.ഗോവിന്ദം ഭജ മൂഢമതെ എന്ന പേരിൽ  ന്യൂഡൽഹി ഇന്നിൽ അത് അച്ചടിച്ചു വന്നു.പിന്നീട് ഇറങ്ങിയ ഒരു ലേഖനസമാഹാരത്തിന്റെ ശീർഷകവും അതായിരുന്നു.

മാങ്ങാട് രത്നാകരൻ 

ഇത്തരത്തിലുള്ള അനുഭവകഥകളിൽ കുഞ്ഞബ്ദുള്ളയും കെ.സി നാരായണനും ജോൺ എബ്രഹാമും ഒക്കെ വിവിധ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.പ്രശസ്ത ചിത്രകാരനായ ബാരഭാസ്കരനാണ് പുസ്തകത്തിന്റെ കവർ പെയിന്റിംഗ് നിർവഹിച്ചിട്ടുള്ളത്.സലീം രഹ്മാൻ്റേതാണ് കവർ ഡിസൈൻ.കാർനെറ്റ് ബുക്സാണ് പ്രസാധകർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക