
ആലപ്പുഴ: വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സന്യാസിശ്രേഷ്ഠര്‍ ഒരേ വേദിയില്‍ ഒത്തുചേര്‍ന്ന് സൗഹൃദവും പരസ്പര ബഹുമാനവും പങ്കുവച്ചത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) കേരള കണ്‍വെന്‍ഷനിലെ ധര്മസമ്മേളനത്തെ ശ്രദ്ധേയമാക്കി. മഹാകുംഭമേളയുമായി ബന്ധപ്പെട്ട് സന്യാസിമാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന പശ്ചാത്തലത്തില്‍, ആത്മീയ നേതൃത്വങ്ങള്‍ക്കിടയിലെ ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശം പകര്‍ന്ന ഈ സംഗമം പ്രത്യേക പ്രാധാന്യം നേടി.

കൊളത്തൂര്‍ ആശ്രമം മഠാധിപതിയും മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയും ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയും ഒരേ വേദിയില്‍ ഒത്തുചേര്‍ന്നത് സദസ്സിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഇരുവരും പരസ്പരം ആശയവിനിമയം നടത്തുകയും സൗഹൃദം പങ്കിടുകയും ചെയ്തതിലൂടെ വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങള്ക്കിടയില് സംവാദവും പരസ്പര ബഹുമാനവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കപ്പെട്ടു. സനാതന ധര്‍മത്തിന്റെ സമന്വയദര്ശനവും ഐക്യത്തിന്റെ സന്ദേശവും ഉയര്‍ത്തിപ്പിടിച്ച ഈ സംഗമം ധര്മസമ്മേളനത്തിലെ ശ്രദ്ധേയമായ നിമിഷമായി.
ധര്‍മസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി, സ്വാമി ആനന്ദവനം ഭാരതി, സ്വാമി ഗുരുദാസാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

ഭൂപടത്തിലുള്ള ഭാരതത്തെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെങ്കിലും ഭാരതത്തിന്റെ സംസ്കാരത്തെയും ദര്‍ശനത്തെയും ലോകത്തിനു മുന്നിലെത്തിക്കാന്‍ കഴിയുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. രാഗത്തിന്റെയും താളത്തിന്റെയും ഭാവത്തിന്റെയും സമന്വയമാണ് ഭാരതം. ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്കു പിന്നില്‍ വലിയൊരു സമൂഹത്തിന്റെ പിന്തുണയുണ്ട്. പ്രകൃതിയില്‍നിന്ന് സ്വീകരിക്കുന്നതുപോലെ പ്രകൃതിക്കും സമൂഹത്തിനും തിരികെ സംഭാവന നല്‍കാനുള്ള ഉത്തരവാദിത്തം ഓരോ മനുഷ്യനുമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അമേരിക്കയില്‍ ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യങ്ങളെ പരിചയപ്പെടുത്തുന്നതിലും അവയുടെ മൂല്യങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും കെ.എച്ച്.എന്‍.എ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു.

ധര്‍മം പ്രകൃതിയുടെ നിയമമാണെന്ന് സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. ധര്മസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളെ കേവലം സേവനമായി മാത്രം കാണാതെ, ധര്‍മത്തോടുള്ള സമര്‍പ്പണമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തില്‍ ഹിന്ദു സമൂഹത്തിന് ആവശ്യമായ ശ്മശാനസൗകര്യങ്ങള് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സ്വാമി ഗുരുദാസാനന്ദ സരസ്വതി ചൂണ്ടിക്കാട്ടി. മറ്റു മതവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ ഹിന്ദുക്കള്‍ക്കും മതിയായ ശ്മശാനസൗകര്യങ്ങള് ലഭ്യമാകാത്ത സാഹചര്യം ദയനീയമാണെന്നും ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധയും നടപടികളും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും സനാതന ധര്മദര്ശനവും പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച കേരള കണ്‍വെന്‍ഷനില്‍, ആത്മീയ നേതൃത്വങ്ങള്‍ക്കിടയിലെ സൗഹാര്ദത്തിനൊപ്പം ധാര്‍മിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും ചര്‍ച്ചയായ വേദിയായി ധര്മസമ്മേളനം മാറി. വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനവും സഹകരണവും സനാതന ധര്‍മത്തിന്റെ ശക്തിയാണെന്ന സന്ദേശവും സമ്മേളനം ഉയര്‍ത്തിപ്പിടിച്ചു.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളായ സിനു നായര്‍, അശോക് മേനോന്, മന്മഥന് നായര്‍, അപ്പുക്കുട്ടന് പിള്ള, ഡോ. കലാ ഷാഹി, രവി നായര്‍ എന്നിവരും പങ്കെടുത്തു.