Image

ഇൽഹാൻ ഒമർ അഞ്ചാം തവണയും കോൺഗ്രസിലേക്ക്; പടുകൂറ്റൻ ഭൂരിപക്ഷം (പിപിഎം)

Published on 04 November, 2026
ഇൽഹാൻ ഒമർ അഞ്ചാം തവണയും കോൺഗ്രസിലേക്ക്;  പടുകൂറ്റൻ ഭൂരിപക്ഷം (പിപിഎം)

ട്രംപ് ഭരണകൂടം വേട്ടയാടിയ ഡെമോക്രാറ്റിക് റെപ്. ഇൽഹാൻ ഒമർ മിനസോട്ടയിൽ നിന്നു അഞ്ചാം തവണയും യുഎസ് ഹൗസിലേക്കു ജയിച്ചു. അതും അത്യുജ്വല ഭൂരിപക്ഷത്തിൽ.  റിപ്പബ്ലിക്കൻ ജോൺ നാഗേലിനെതിരെ ഒമർ നേടിയത് 78% വോട്ടാണ്: 263,166. ട്രംപിന്റെ സ്ഥാനാർഥി നാഗേൽ വെറും  55,805  വോട്ടിൽ (16.22%) ഒതുങ്ങി.

ട്രംപിനു തന്നെയും തന്നെ പിന്തുണയ്ക്കുന്നവരെയും നിശബ്ദരാക്കാൻ കഴിയില്ലെന്നു ഒമർ പറഞ്ഞു. "നന്ദി മിനസോട്ട! ഞാൻ പോരാട്ടം തുടരും."

ഒമറിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും അവർക്കെതിരെ ക്രിമിനൽ കേസുകൾ കൊണ്ടുവരികയും ചെയ്ത ഭരണകൂടത്തിനു മുഖത്തടിയേറ്റ പോലെയായി തിരഞ്ഞെടുപ്പ് ഫലം. 

സൊമാലിയയിൽ നിന്ന് അഭയാർഥിയായി വന്ന ഒമർ നിരന്തരം ട്രംപിന്റെ ആക്രമണങ്ങൾക്കു ലക്ഷ്യമായിട്ടുണ്ട്. ആദ്യ തവണ ജയിച്ചപ്പോൾ ഒമറിനോട് തിരിച്ചു സൊമാലിയയിൽ പോകാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ആ രാജ്യത്തെ ചവറു കൂന എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ജസ്റ്റിസ് ഡിപ്പാർട്മെന്റ് തന്റെ വീട്ടിൽ നടത്തിയ റെയ്ഡ് വെറും രാഷ്ട്രീയ കളിയാണെന്നു ഒമർ ആരോപിച്ചിരുന്നു. ഒമറിനെതിരെ വലതുപക്ഷ വൃത്തങ്ങളിൽ പ്രചരിച്ചു വന്ന ആരോപണങ്ങൾക്കു തെളിവൊന്നും കണ്ടിട്ടില്ലെന്നു 'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തിരുന്നു.

Ilhan Omar wins a fifth time with massive majority 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക