
ഇറാൻ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ ദയനീയ പരാജയത്തിനു കാരണമെന്നു പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തുറന്നു സമ്മതിക്കുമ്പോൾ യുദ്ധത്തിനു മേൽനോട്ടം വഹിക്കുന്ന ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ബലിയാടാവും എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു.
താൻ രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നു സെനറ്റ് സ്ഥിരീകരണത്തിനു വെള്ളം കുടിക്കേണ്ടി വന്ന ഹേഗ്സേഥ് ബുധനാഴ്ച്ച പറഞ്ഞു. അതേ സമയം, ടെന്നസിയിൽ ഒഴിവുള്ള സെനറ്റർ സ്ഥാനത്തേക്കു ഹേഗ്സേഥ് വമ്പിച്ച വിജയമാവുമെന്നു ട്രംപും പറഞ്ഞു.
എന്നാൽ സെക്രട്ടറി എന്ന നിലയ്ക്കു മികച്ച ജോലിയാണ് ഹേഗ്സേഥ് ചെയ്യുന്നതെന്നു കൂട്ടിച്ചേർക്കാൻ ട്രംപ് മറന്നില്ല. അറ്റോണി ജനറൽ പാം ബോണ്ടി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം എന്നിവരെ നീക്കം ചെയ്യുന്നതിനു മുൻപും അദ്ദേഹം ആ രീതിയിലുള്ള പ്രശംസ ചൊരിഞ്ഞിരുന്നു എന്നതും ഓർക്കണം.
ടെന്നസി സെനറ്റർ മാർഷാ ബ്ലാക്‌ബേൺ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവായ സെനറ്റ് സീറ്റിലേക്കു ഹേഗ്സേഥിനെ ട്രംപ് നിയോഗിക്കും എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പാർട്ടിക്കു ഭൂരിപക്ഷം ഇല്ലാത്ത സെനറ്റിൽ ഹേഗ്സേഥ് കരുത്തുറ്റ സാന്നിധ്യമാവും എന്നതാണ് പ്രതീക്ഷ.
ഇറാനിൽ യുദ്ധത്തിനു പോകണം എന്നു ശക്തമായി വാദിച്ച ഹേഗ്സേഥ് അവിടെ യുഎസ് സേനയ്ക്ക് ഏറ്റ തിരിച്ചടികൾ മറച്ചു വച്ച് എല്ലാ ദിവസവും ആവേശം പകരുന്ന വിവരങ്ങളാണ് ട്രംപിനു നൽകിയതെന്ന് ആരോപണമണമുണ്ട്. യുദ്ധമാണ് പാർട്ടിയെ തളർത്തിയതെങ്കിൽ അതിന്റെ കൂലി ഡിഫൻസ് സെക്രട്ടറിയിൽ നിന്നു വാങ്ങുന്നത് സ്വാഭാവികം. കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ യുദ്ധത്തിനു പോയി എന്ന കുറ്റം ചുമത്തി ട്രംപിനെ ഇംപീച്ച് ചെയ്യാൻ ഡെമോക്രാറ്റുകൾ ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്.
ഹേഗ്സേഥ് അതു പ്രതീക്ഷിക്കുന്നതു കൊണ്ട് ടെന്നസി സെനറ്റ് സീറ്റിനു വേണ്ടി രഹസ്യമായി നീക്കങ്ങൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ആർമിയിൽ നാഷനൽ ഗാർഡ് മേജർ ആയിരുന്ന അദ്ദേഹത്തിനു മത്സരം കൂടാതെ സെനറ്ററാവാം.
"അദ്ദേഹം സെനറ്ററായാൽ വലിയ ജനപ്രീതി നേടും," ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. "എന്നാൽ അതിനു നീക്കം നടത്തുന്നതായി ഞാൻ അറിഞ്ഞില്ല."
2006ൽ ഇറാഖ് യുദ്ധത്തിന്റെ പേരിൽ റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല തിരഞ്ഞെടുപ്പു തോറ്റതിന്റെ പിറ്റേന്നു പ്രസിഡന്റ് ജോർജ് ഡബ്ലിയു. ബുഷ് ഡിഫൻസ് സെക്രട്ടറി ഡൊണാൾഡ് റംസ്‌ഫെല്ഡിനെ പറഞ്ഞു വിട്ടതാണ് സമാന ചരിത്രം.
Hegseth could lose job over GOP election disaster