
ലോസാഞ്ചലസ്: ലോക സിനിമയുടെയും ഗ്ലാമറിന്റെയും തലസ്ഥാനമായ ലോസാഞ്ചലസിന്റെ ഭരണസാരഥ്യത്തിലേക്ക് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ പെൺപെരുമ. യു.എസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസാഞ്ചലസിന്റെ മേയർ തിരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരെൻ ബാസിനെ അട്ടിമറിച്ച് തിരുവനന്തപുരത്ത് ജനിച്ച നിത്യ രാമൻ ചരിത്രവിജയം സ്വന്തമാക്കി. ഇതോടെ ലോസാഞ്ചലസിന്റെ അമരത്തെത്തുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയെന്ന സുവർണനേട്ടവും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയെന്ന റെക്കോർഡും നിത്യക്ക് സ്വന്തമായി. കടുത്ത പോരാട്ടം കണ്ട തിരഞ്ഞെടുപ്പിൽ 51.1 ശതമാനം വോട്ടുകൾ നേടിയാണ് നിത്യ രാമൻ അധികാരം പിടിച്ചെടുത്തത്; കാരെൻ ബാസിന് 48.33 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. 2028-ലെ ഒളിമ്പിക്സിന് ലോസാഞ്ചലസ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന നിർണായക ഘട്ടത്തിലാണ് ലോകശ്രദ്ധയാകർഷിച്ച ഈ രാഷ്ട്രീയ മുന്നേറ്റം.
കലിഫോർണിയയിലെ അറിയപ്പെടുന്ന അർബൻ പ്ലാനറായ നിത്യ, നഗരത്തിലെ ഭവനരഹിതരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുരംഗത്തേക്ക് ചുവടുവെച്ചത്. ആറു വർഷത്തോളമായി ഡിസ്ട്രിക്റ്റ് 4-നെ പ്രതിനിധീകരിച്ച് ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. സിറ്റി കൗൺസിലിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയെന്ന റെക്കോർഡും മുൻപേ സ്വന്തമാക്കിയ നിത്യ, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ, ഉയരുന്ന ജീവിതച്ചെലവ് എന്നിവ ഉയർത്തിപ്പിടിച്ച് നടത്തിയ പ്രചാരണത്തിലൂടെ യുവതലമുറയുടെയും തൊഴിലാളിവർഗത്തിന്റെയും പൂർണ പിന്തുണ ഉറപ്പാക്കിയാണ് അട്ടിമറി വിജയം നേടിയെടുത്തത്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ കോട്ടയ്ക്കകം രാമസ്വാമി കോവിൽ തെരുവിലാണ് 1981 ജൂലൈ 28-ന് നിത്യ രാമൻ ജനിച്ചത്. കെൽട്രോൺ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരിയായിരുന്ന സുധയുടെയും മകളായ നിത്യക്ക് ആറുവയസ്സുള്ളപ്പോഴാണ് ഇവരുടെ തമിഴ് കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്. പിന്നീട് ലോകപ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽനിന്നും എം.ഐ.ടിയിൽനിന്നും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ നിത്യ 2020-ലും 2024-ലും സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് വംശജനും പ്രമുഖ തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. ഇരട്ടക്കുട്ടികളായ കർണൻ, കാവേരി എന്നിവർക്കൊപ്പം ലോസാഞ്ചലസിലെ സിൽവർലേക്കിലാണ് ഈ പുതിയ മേയറുടെ താമസം.