Image

അമേരിക്കൻ സെനറ്റിലെ ആദ്യ മുസ്ലിം അംഗമായി അബ്ദുൽ എൽ-സയ്ദ്

Published on 05 November, 2026
അമേരിക്കൻ സെനറ്റിലെ ആദ്യ മുസ്ലിം അംഗമായി അബ്ദുൽ എൽ-സയ്ദ്

ഡെട്രോയിറ്റ്: അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് മിഷിഗണിൽനിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ എൽ-സയ്ദ്. അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വ്യക്തിയെന്ന ചരിത്രനേട്ടമാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ എൽ-സയ്ദ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ വിജയത്തിന് മറ്റൊരു ഇന്ത്യൻ ബന്ധം കൂടിയുണ്ട്. ഭാര്യ സാറ ജുകാക്കുവിന്റെ കുടുംബവേരുകൾ കർണാടകയിലെ ഭട്കലിലാണ്. മിഷിഗണിൽ ജനിച്ചുവളർന്ന സാറയുടെ മാതാപിതാക്കൾ ഇന്ത്യയിൽനിന്ന് കുടിയേറിയവരാണ്. കർണാടകയിലെ ഭട്കൽ സ്വദേശിയായ പിതാവ് തയേബ് ജുകാക്കു നെഫ്രോളജിസ്റ്റാണ്. കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) മിഷിഗൺ ഘടകത്തിന്റെ ബോർഡ് അംഗമായ അദ്ദേഹം ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായിരുന്നു മുത്തച്ഛൻ ജെ.എച്ച്. ഷംസുദ്ദീൻ ജുകാക്കു.

നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് എൽ-സയ്ദ് സെനറ്റിലെത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ പ്രചാരണത്തിലുടനീളം പ്രതീക്ഷ പ്രകടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന അറബി വാക്കുകൾ അദ്ദേഹം പരാമർശിച്ചു. 'ഇൻഷാ അള്ളാ' (ദൈവം അനുവദിച്ചാൽ) എന്ന പ്രയോഗത്തിനു പകരം ഇനി 'അൽഹംദുലില്ലാഹ്' (ദൈവത്തിന് സ്തുതി) എന്നു പറയാനുള്ള സമയമായെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ പേരിനെയും മുസ്ലിം മതവിശ്വാസത്തെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. വോട്ടർമാരുടെ ജീവിതച്ചെലവ്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുപകരം തന്റെ മതവും വംശീയ പശ്ചാത്തലവും വിവാദമാക്കാനാണ് എതിരാളികൾ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

പെട്രോളിനും പലചരക്ക് സാധനങ്ങൾക്കും പണം കണ്ടെത്താൻ അമേരിക്കക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് തന്റെ പേരുമായോ മതവിശ്വാസവുമായോ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേര് ഉച്ചരിക്കുന്നതിനെ പരിഹസിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹം വിമർശിച്ചു. പ്രസിഡന്റിന്റെ പരാമർശങ്ങൾ കൂടുതൽ മോശമായ ഭാഷയിലേക്ക് മാറുകയാണെന്നും എൽ-സയ്ദ് അഭിപ്രായപ്പെട്ടു.

ഇത്തരം അധിക്ഷേപങ്ങൾ കുട്ടികൾക്ക് വിശദീകരിക്കേണ്ടിവന്ന മാതാപിതാക്കളോട്, ഇത്തരം ആക്രമണങ്ങൾ നടത്തിയവർ പരാജയപ്പെട്ടുവെന്ന് കുട്ടികളോട് പറയാൻ അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെയോ വംശത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്താത്ത അമേരിക്കയാണ് തന്റെ സ്വപ്നമെന്നും എല്ലാവർക്കും ഇടമുള്ള വിശാലമായ രാജ്യമാണ് അമേരിക്കയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. അറബിയിൽ സ്നേഹപൂർവം അഭിസംബോധന ചെയ്യുന്ന 'ഹബീബി' എന്ന വാക്കുപയോഗിച്ചാണ് വാൻസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ജനുവരിയിൽ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുക്കേണ്ട ഭരണഘടനാപരമായ ചുമതല വാൻസിനായിരിക്കുമെന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഈജിപ്ഷ്യൻ വംശജനായ അമേരിക്കൻ ഡെമോക്രാറ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ എൽ-സയ്ദ് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഒരു പദവിയും വഹിച്ചിട്ടില്ല. 1969നുശേഷം സെനറ്റിലെത്തുന്ന ആദ്യ ഡെമോക്രാറ്റിക് ഡോക്ടർ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

2018ൽ മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെട്ടിരുന്നു. സാർവത്രിക ആരോഗ്യപരിരക്ഷ, തിരഞ്ഞെടുപ്പുകളിൽ പുറത്തുനിന്നുള്ള പണത്തിന്റെ സ്വാധീനം നിയന്ത്രിക്കൽ, ഇസ്രയേൽ നയങ്ങളോടുള്ള വിമർശനം, സാധാരണക്കാരുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം തുടങ്ങിയവയായിരുന്നു ഇത്തവണത്തെ പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ.

മിഷിഗണിലെ തെക്കുകിഴക്കൻ മേഖലയിലാണ് എൽ-സയ്ദ് ജനിച്ചുവളർന്നത്. പിതാവ് മുഹമ്മദ് ഈജിപ്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. മിഷിഗൺ സർവകലാശാലയിൽ പഠിക്കുമ്പോൾ ലാക്രോസ് ടീമിൽ അംഗമായിരുന്ന അദ്ദേഹം പിന്നീട് കൊളംബിയ സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദം നേടി. എൻഐഎച്ച് ഫെലോഷിപ്പിന്റെ പിന്തുണയോടെയായിരുന്നു പഠനം. റോഡ്സ് സ്കോളറായി ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് രണ്ടാമത്തെ ഡോക്ടറേറ്റും നേടി.

മിഷിഗൺ സർവകലാശാലയിൽനിന്ന് സോഷ്യോളജിയിലും നിയർ ഈസ്റ്റ് സ്റ്റഡീസിലും ഇരട്ട ബിരുദം നേടിയ സാറ പിന്നീട് ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കൊളംബിയ സർവകലാശാലയിലെ വാഗെലോസ് കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസവും പൂർത്തിയാക്കി.

മിഷിഗൺ സർവകലാശാലയിൽ പഠിക്കുന്ന കാലത്താണ് സാറയുമായി പരിചയപ്പെട്ടത്. സർവകലാശാലയിലെ മുസ്ലിം സ്റ്റുഡന്റ്സ് അസോസിയേഷനുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നു. 2006 മേയിൽ വിവാഹിതരായ ഇവർക്ക് എമ്മലീ, സെറീൻ എന്നീ രണ്ടു പെൺമക്കളുണ്ട്. മിഷിഗണിലെ ആൻ ആർബറിലാണ് കുടുംബം താമസിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക