Image

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

Published on 05 November, 2026
ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ, കുട്ടിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അപകടമുണ്ടാക്കിയ വാഹനം ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രധാന തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചുകഴിഞ്ഞെന്നും കോടതി നിരീക്ഷിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം പ്രോസിക്യൂഷന് ഇല്ലാത്ത സാഹചര്യത്തിൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

​ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ പതിനാറു പേജുള്ള റിപ്പോർട്ടും, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പതിനാലു പേജുള്ള മറുപടിയും കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, സമാനമായ എല്ലാ കേസുകളിലും ഇത്തരത്തിൽ നരഹത്യാക്കുറ്റം ചുമത്താറുണ്ടോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ഈ കേസിൽ മാത്രം സർക്കാരിന് എന്താണ് ഇത്ര പ്രത്യേക താത്പര്യമെന്നും, സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളാണോ മുൻകൂർ ജാമ്യത്തെ എതിർക്കാൻ കാരണമെന്നും പ്രോസിക്യൂഷനോട് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു.

​പ്രതി ആദ്യഘട്ടം മുതൽ തന്നെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ആവശ്യമുള്ളപ്പോഴൊക്കെ അദ്ദേഹം ഹാജരാകുമെന്നും നിരീക്ഷിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു ജില്ലാ ജഡ്ജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുമെന്ന് കരുതാനാകില്ലെന്നും, കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിന് നിലവിൽ ന്യായീകരണമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ബോധ്യപ്പെടുന്ന നിമിഷം പ്രോസിക്യൂഷന് വീണ്ടും കോടതിയെ സമീപിക്കാമെന്നും, അങ്ങനെയുണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക