Image

സ്വപ്നങ്ങളുടെ മണൽക്കൊട്ടാരങ്ങൾ (തുടര്‍ക്കഥ: അദ്ധ്യായം 1: സപ്‌ന അനു ബി ജോര്‍ജ്)

Published on 05 November, 2026
സ്വപ്നങ്ങളുടെ മണൽക്കൊട്ടാരങ്ങൾ (തുടര്‍ക്കഥ: അദ്ധ്യായം 1: സപ്‌ന  അനു ബി ജോര്‍ജ്)

മരുഭൂമിയുടെ ചൂടിലും ജീവിതത്തിന്റെ  സൗഹൃദത്തിന്റെ തണൽമരങ്ങൾ തീർത്ത ഒരു കാലത്തിന്റെ കഥയാണിത്. പ്രവാസത്തിന്റെ ഏകാന്തതകൾക്കിടയിൽ പരസ്പരം താങ്ങും തണലുമായി മാറിയ ഒരുപറ്റം സുഹൃത്തുക്കളുടെ  സ്വപ്നങ്ങൾ, പ്രതീക്ഷകൾ, സ്നേഹം, സന്തോഷങ്ങൾ, സങ്കടങ്ങൾ — അങ്ങനെ അനുഭവങ്ങളുടെ നേർചിത്രം. ഒരുമിച്ച്  പങ്കിട്ട നിമിഷങ്ങളും ഹൃദയത്തിൽ ചേർത്തുവെച്ച സൗഹൃദങ്ങളും ഇന്നും മായാത്ത ഓർമ്മകളായി നിലനിൽക്കുന്നു. പ്രവാസം നൽകിയ സമ്പാദ്യം പണം മാത്രമായിരുന്നില്ല;നെഞ്ചോടു ചേർത്തുവെച്ച സൗഹൃദങ്ങൾ കൂടിയായിരുന്നു. സ്വപ്ന അനു ബി ജോര്‍ജ് എഴുതുന്ന തുടര്‍ക്കഥ

എഴുത്തിന്റെ സ്വപ്നത്തുള്ളികൾ-

“നല്ല ചിന്തകൾ നമ്മുടെ മനസ്സിന്റെ താക്കോലുകളാണ്, സ്വപ്ന. അവ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ.” പ്രിയ, എന്റെ കൗൺസിലർ സുഹൃത്ത്, നൽകിയ ഈ ഓർമ്മപ്പെടുത്തൽ മനസ്സിൽ ഞാൻ എവിടെയോ ശക്തമായി കുറിച്ചിട്ടിരുന്നു.

മഴക്കാറുകളും മഴയും എന്നും സ്നേഹത്തിന്റെയും പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും ഓർമ്മകളെ ഉണർത്താറുണ്ട്. ഓർമ്മകളുടെ മാറ്റൊലികൾ മനസ്സിന്റെ വാതിലിൽ മുട്ടിവിളിക്കാറുണ്ട്. ഓർമ്മകൾ ചിറകടിച്ച് പിന്നിലേക്ക് പറന്നുപോകുമ്പോൾ മനസ്സും അതിന്റെ സന്തോഷങ്ങളും അവയ്ക്കൊപ്പം സഞ്ചരിക്കുന്നു. അകാരണമായി കടന്നുവരുന്ന ഓർമ്മകൾ മനസ്സിനെ അലട്ടാതിരിക്കാൻ, അവയിലെ സന്തോഷം നിറഞ്ഞ ഏടുകൾ മാത്രം ചികഞ്ഞെടുത്ത് മനസ്സിൽ കൂടുകൂട്ടാൻ ഇന്ന് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ജീവിതത്തിൽ വായന എന്നും ഒരു ആവേശമായിരുന്നു. എന്നു തൊട്ടാണ് പുസ്തകങ്ങളെ സ്നേഹിച്ചുതുടങ്ങിയതെന്ന് എനിക്കറിയില്ല. അതിന് ഞാൻ ഡാഡിയോടാണ് എന്നും കടപ്പെട്ടിരിക്കുന്നത്. പുസ്തകം വായിക്കണമെന്ന് ഡാഡി ഒരിക്കലും എന്നെ നിർബന്ധിച്ചിട്ടില്ല.

ജോലി കഴിഞ്ഞെത്തുന്ന അമ്മയും ഡാഡിയും ഇന്ദിരാനഗറിലെ വീട്ടിലെ പുൽത്തകിടിയിൽ ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. സന്ധ്യയുടെ ചുവപ്പും തണുത്ത കാറ്റും ആ വർത്തമാനങ്ങൾക്ക് കൂട്ടായിരുന്നു. ആ വൈകുന്നേരങ്ങളുടെ ഓർമ്മകൾ എന്നും വിലപ്പെട്ടവയായിരുന്നു.

“ഇന്നെന്തുണ്ട്, ബാബുച്ചായാ, ഓഫീസിൽ?” അമ്മയുടെ സ്ഥിരം ചോദ്യങ്ങളിലൊന്നായിരുന്നു അത്.

“എന്തുണ്ടാവാൻ? സെയിം റുട്ടീൻ.” ഡാഡിയുടെ ഒഴുക്കൻ മറുപടി കേൾക്കുമ്പോഴേക്കും അമ്മ അടുത്ത ചോദ്യവുമായി തയ്യാറായിരിക്കും.

“ഇന്ന് ആരോ ചെറുതായി ചൊറിഞ്ഞ ലക്ഷണമുണ്ടല്ലോ?”

“ഏയ്, അത്രമാത്രം ഒരുത്തനും എന്റെ മുന്നിൽ വളർന്നിട്ടില്ല!” കടുത്ത ശബ്ദത്തിൽ ഡാഡി പറയും. പിന്നെ അൽപ്പനേരത്തെ മൗനത്തിനുശേഷം ആ ‘ചൊറിച്ചിലിന്റെ’ കഥ നിരത്തും.

ചില സംഭാഷണങ്ങൾ കുട്ടികളുടെ മുന്നിൽ വേണ്ടെന്നു തോന്നുമ്പോൾ എന്നെ ഒഴിവാക്കാനായി ഡാഡി പറയും: “സ്വപ്ന, നീ എനിക്കൊരു ബ്രാണ്ടി എടുത്തുകൊണ്ടുവരൂ.”

അതോടെ ചില കാര്യങ്ങൾ കുട്ടികളുടെ മുന്നിൽ സംസാരിക്കേണ്ടതല്ലെന്ന് എനിക്കു മനസ്സിലാകും. പക്ഷേ അന്നുകേട്ടതെല്ലാം പിന്നീട് എന്റെ ജീവിതത്തിൽ എനിക്ക് പ്രയോജനപ്പെടേണ്ടതിനായിരുന്നോ? സംസാരങ്ങൾ നീണ്ടുനീണ്ട് ചെന്നെത്തുക കല്ലുപാലത്തിങ്കൽ വീട്ടുകാരുടെ ചരിത്രത്തിലേക്കും പലരുടെയും വീരസാഹസിക കഥകളിലേക്കുമായിരിക്കും.

എന്നാൽ ഡാഡി അധികം ആഴത്തിലേക്ക് പോകാതെ വീണ്ടും വീണ്ടും പറയാറുണ്ടായിരുന്നത് ഒരാളെക്കുറിച്ചായിരുന്നു — ലീലാമ്മകൊച്ചമ്മ. ‘ലീല ജെ. എന്നിരിയിൽ’ എന്ന പേരിൽ എഴുത്തുകാരിയായി ജീവിച്ച, ഒടുവിൽ സ്വയം ഇല്ലാതായ ഡാഡിയുടെ തൊട്ടുമൂത്ത ചേച്ചി.

ലീലാമ്മകൊച്ചമ്മയ്ക്ക് എഴുത്തുകാരി എന്നൊരു പരിവേഷമുണ്ടായിരുന്ന കാര്യം എന്തുകൊണ്ടോ അന്നൊന്നും ഡാഡി എന്നോടു പറഞ്ഞതായി ഓർക്കുന്നില്ല. അതിനെക്കാൾ വലിയ എന്തോ ഒന്ന് അന്നും ഇന്നും ഡാഡിയുടെ മനസ്സിനെ കീറിമുറിച്ചിട്ടുണ്ടാകണം. പക്ഷേ കൊച്ചമ്മയുടെ സ്നേഹത്തെക്കുറിച്ചുള്ള കഥകൾ അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ കൊച്ചമ്മ കൈപിടിച്ചു കരഞ്ഞതും മറ്റും അമ്മയോടു പറഞ്ഞിരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ബ്രാണ്ടി ഗ്ലാസുമായി അടുത്തുവരുന്ന ഞാൻ പലപ്പോഴും കണ്ടിരുന്നത് കൈലിയുടെ തുമ്പുകൊണ്ട് കണ്ണുതുടയ്ക്കുന്ന ഡാഡിയെയായിരുന്നു. ആ ചിത്രം ഇന്നും എന്റെ ഓർമ്മയിൽനിന്നു മാഞ്ഞിട്ടില്ല.

“ഡാഡി, എന്നോട് എന്താ ഇതൊന്നും പറയാത്തത്? ലീലാമ്മകൊച്ചമ്മയ്ക്ക് എന്ത് അസുഖമായിരുന്നു?”

അമ്മയുടെ മുഖത്തേക്ക് ഒരു നോട്ടമെറിഞ്ഞുകൊണ്ട് ഡാഡി പറഞ്ഞു: “ഹൃദയത്തിന്റെ വാൽവിന് ജനിച്ചപ്പോൾമുതൽ തകരാറുണ്ടായിരുന്നു. അതിനാൽ ആശുപത്രിയും മരുന്നുകളുമായിരുന്നു എന്നും കൂട്ടിന്. എങ്കിലും പഠിക്കാൻ മിടുക്കിയായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് റാങ്കോടെ ഇംഗ്ലീഷ് ലിറ്ററേച്ചർ പാസായി.”

ഡാഡി തുടർന്നു: “എന്തു കാര്യവും വെട്ടിത്തുറന്നുപറയുന്ന, വളരെ ശക്തമായ മനസ്സിന്റെ ഉടമയായിരുന്നു. വീട്ടിലെ പല കാര്യങ്ങളിലും അച്ചായനുമായി യോജിച്ചുപോകില്ലായിരുന്നു. ‘കല്ലുപാലത്തെ പെണ്ണുങ്ങൾക്ക് ഒരേല്ല് കൂടുതൽ’ എന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്നുവെന്ന് അച്ചായൻ പറയുന്നതു പലപ്പോഴും കേട്ടിട്ടുണ്ട്.”

ഡാഡി പറഞ്ഞുനിർത്തി.

“എന്നിട്ട്?” ഞാനും വിട്ടില്ല. ചിലതൊക്കെ എന്നോടു പറഞ്ഞാൽ മനസ്സിലാകില്ലെന്ന തോന്നലാകാം ഡാഡിക്കുണ്ടായിരുന്നത്.

“എന്നിട്ടെന്താ? ലീലാമ്മ വീട്ടിൽ അധികം വരാതെയായി. അത് അച്ചായനെ വീണ്ടും വീണ്ടും ദേഷ്യപ്പെടുത്തിക്കൊണ്ടിരുന്നു. അടക്കം പറയുന്നതുപോലെ അമ്മ അച്ചായനോട് എന്തൊക്കെയോ പറയുന്നതും കരയുന്നതും പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ അന്ന് എന്റെ പ്രായത്തിൽ അതൊക്കെ എന്താണെന്ന് ചോദിക്കാറില്ലായിരുന്നു.”

“ഡാഡിയെ കൊച്ചമ്മ വിളിക്കാറൊന്നുമില്ലായിരുന്നോ?”

“അന്ന് ഫോണൊന്നുമില്ല. അത്യാവശ്യ വിവരങ്ങൾ അറിയിക്കാൻ കമ്പിസന്ദേശങ്ങളോ ഇൻലൻഡ് കത്തുകളോ മാത്രം. ‘എടാ ബാബൂ’ എന്ന വിളിയും ഒരു കെട്ടിപ്പിടിത്തവും ‘നന്നായി പഠിക്കണം’ എന്നൊരു സ്വകാര്യമായ ഉപദേശവും ചെവിയിൽ പറഞ്ഞതും, അങ്ങനെ എന്തൊക്കെയോ ഓർമ്മകൾ മാത്രമേ എനിക്കുള്ളൂ.”

വീണ്ടും ഡാഡി വാക്കുകൾ പാതിയിൽ നിർത്തിയതുപോലെ തോന്നി.

“എന്താ കൊച്ചമ്മ വീട്ടിൽ അധികം വരാതെയായത്?” എന്ന എന്റെ ചോദ്യത്തിന് ഉത്തരം ഏറെക്കാലം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.

“ലീലാമ്മയ്ക്ക് അച്ചായന്റെ ഈ ദത്തുകയറ്റവും പേരുമെല്ലാം വലിയ ദേഷ്യമായിരുന്നു,” ഡാഡി പറഞ്ഞു.

“ങേ, ആര് ദത്തുകയറി? ആര് പേരുമാറ്റി?”

“അച്ചായന്റെ വീട്ടുപേര് ‘എന്നിരിയിൽ’ എന്നായിരുന്നു. ദത്തുകയറിയതുകൊണ്ടാണ് ‘കല്ലുപാലത്തിങ്കൽ’ എന്നായത് എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.”

അന്നൊന്നും എനിക്കത് മനസ്സിലായില്ല. എന്നാൽ ഇന്ന് ഡാഡി പറഞ്ഞതിന്റെ അർത്ഥം എനിക്ക് ഊഹിക്കാനും മനസ്സിലാക്കാനും കഴിയുന്നു. സ്വന്തം പേരിൽ കഥയെഴുതിയപ്പോഴും സ്വന്തം കാലിൽ നിന്നപ്പോഴും ‘ഞാൻ’ എന്ന ഭാവം മനസ്സിൽ ശക്തമായി സൂക്ഷിച്ചപ്പോഴും പറഞ്ഞറിയിക്കാനാവാത്ത ആത്മാഭിമാനം അനുഭവപ്പെട്ടു. ആ ആത്മാഭിമാനത്തിന്റെ ഉറവിടം എവിടെയാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

മനസ്സിൽ നിറഞ്ഞ ആവേശത്തിനും സന്തോഷത്തിനും കണക്കില്ലാതായി. അന്നത്തെ ലീലാമ്മകൊച്ചമ്മയുടെ പേരുമാറ്റത്തിന്റെ കഥകളും ഇന്നത്തെ എന്റെ കഥകളുടെ തേങ്ങലുകളും വിങ്ങലുകളും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലാകുന്നു. കഥകൾ മനസ്സിൽ തിങ്ങിനിറയുമ്പോൾ വാക്കുകൾ ഇല്ലാതാകുന്നതുപോലെ തോന്നും. എന്നാൽ മനസ്സിലെ കഥകൾക്ക് ചിറകുമുളയ്ക്കുമ്പോൾ അവയെ താളുകളുമായി സ്നേഹത്തിന്റെ നൂലിൽ കോർക്കാൻ മനസ്സുകൊണ്ട് തയ്യാറായാൽ മതിയെന്ന് ഇന്ന് ഞാൻ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

അന്നത്തെ എന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് മുപ്പതു വർഷങ്ങൾക്കുശേഷമാണ് ഉത്തരം ലഭിച്ചത് — ഒരു ‘ഇമെയിൽ ബോംബ്’ പോലെ. ഡാഡിയുടെ അനുജനായ ജോളിച്ചായൻ ഒരു ക്യാപ്സ്യൂളെന്നപോലെ വിവരങ്ങൾ എന്റെ മുന്നിൽ നിരത്തി. ഒരു ജിഗ്‌സോ പസിലിൽ ഒഴിഞ്ഞുകിടന്ന കള്ളികൾ പൂരിപ്പിക്കപ്പെടുന്നതുപോലെ കാര്യങ്ങൾ എന്റെ മുന്നിൽ വ്യക്തമായി.

ലീലാമ്മ ജേക്കബ് എന്ന ലീലാമ്മ, അപ്പച്ചന്റെ കുടുംബപ്പേരുമായി ബന്ധപ്പെട്ട ‘എന്നിരിയിൽ’ എന്ന തൂലികാനാമത്തിൽ എഴുത്തുതുടങ്ങി. മദ്രാസിലെ സാമ്പാറിനും ഇഡ്ഡലിക്കുമൊപ്പമുള്ള ഒരു പുതിയ ജീവിതം എന്നെന്നേക്കുമായി തിരഞ്ഞെടുത്തു. ഒപ്പം പേരും നിയമപ്രകാരം മാറ്റി. ജീവിതത്തിൽ അച്ചായന്റെ അസ്തിത്വത്തെ വലിച്ചെറിയുന്ന ആ തീരുമാനം അദ്ദേഹത്തിന്റെ മനസ്സിലേക്ക് എറിഞ്ഞ മുള്ളുപോലെയായിരുന്നു. അത് കൊള്ളേണ്ടിടത്ത് തറച്ചു. വർഷങ്ങളോളം അച്ചായന്റെ ഉള്ളിലെ രക്തമായും അമ്മയുടെ കണ്ണുനീരായും ആ വേദന പൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. ബന്ധങ്ങൾ ഏതാണ്ട് മുറിച്ചുമാറ്റിയതുപോലെയായി. ആരുടെയും കണ്ണുനീരോ പരിഭവമോ ആ ശക്തിയെ കുറച്ചില്ല. മറിച്ച്, ലീലാമ്മയുടെ എഴുത്തിന് പർവതങ്ങളെ വെല്ലുന്ന രക്തച്ചുവപ്പ് നൽകി.

ഡാഡി മരിച്ചു.

എന്റെ മനസ്സിലെ ചോദ്യങ്ങൾ വീണ്ടും വീണ്ടും നിർദയമായ നിരാശയിലേക്കു മടങ്ങി. ഇനി ഇതിനൊന്നും ഒരിക്കലും ഉത്തരങ്ങൾ കിട്ടില്ലേ എന്ന് ഞാൻ ഉള്ളിൽ ചോദിച്ചു.

വർഷങ്ങളുടെ തിരച്ചിലിനൊടുവിൽ ലീലാമ്മകൊച്ചമ്മയുടെ ‘നാടിന്റെ മക്കൾ’ എന്ന നോവൽ അച്ചടിച്ച രൂപത്തിൽ എന്റെ കൈയിലെത്തി. അതിലെ കഥാപാത്രങ്ങളുടെ പ്രണയത്തിനും നിരാശകൾക്കുമൊപ്പം എന്റെ സംശയങ്ങളും ചോദ്യങ്ങളും വീണ്ടും പുനർജനിച്ചു.

എന്തോ ഒളിക്കാൻ ശ്രമിച്ചിരുന്നോ ഡാഡി? അതോ എന്നിലേക്ക് കടന്നുവന്ന പ്രണയങ്ങളിലും സ്നേഹങ്ങളിലും ഇഷ്ടങ്ങളിലും ലീലാമ്മകൊച്ചമ്മയുടെ സ്വഭാവസാദൃശ്യം അദ്ദേഹം കണ്ടിരുന്നോ? അതായിരുന്നോ ഡാഡിയെ ഭയപ്പെടുത്തിയത്?

ഇന്ന് എന്റെ ചിന്തകളിലെക്ക് നോക്കുമ്പോൾ, ഓരോ കാര്യത്തിന്റെയും ഏറ്റവും ചെറിയ അംശങ്ങൾപോലും വിശദമായി പറഞ്ഞുമനസ്സിലാക്കിത്തന്നിരുന്ന ഡാഡി ലീലാമ്മകൊച്ചമ്മയുടെ കാര്യംമാത്രം എന്നിൽനിന്ന് എന്തിനു മറച്ചുവെച്ചുവെന്ന് ഞാൻ വീണ്ടും വീണ്ടും ചിന്തിച്ചുപോകുന്നു. എന്തുകൊണ്ട് എന്നോടത് വ്യക്തമായി പറഞ്ഞില്ല?

ഇന്ന് ഞാൻ അനുഭവിക്കുന്ന അനാഥത്വവും എന്റെ എഴുത്തിന്റെ ചേർന്നുചേരാത്ത കണ്ണികളും ഞാൻ ആഗ്രഹിച്ച പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും ,ഇവയെല്ലാം എനിക്ക് ഡാഡിയിൽനിന്ന് എന്തുകൊണ്ട് ലഭിച്ചില്ല? എന്റെ എഴുത്തിന്റെ നറുമുകുളങ്ങൾക്ക് എന്തുകൊണ്ട് ഡാഡി വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിച്ചില്ല?ഞാൻ എഴുതിയിരുന്ന കവിതകളും വായിച്ചിരുന്ന പുസ്തകങ്ങളും എഴുതിവെച്ചിരുന്ന ഡയറിക്കുറിപ്പുകളും എല്ലാം ഡാഡി കണ്ടിരുന്നു, തീർച്ച. എങ്കിലും അവ കണ്ടതായി എന്നോടുപോലും പറയാതെ അദ്ദേഹം എന്തുകൊണ്ട് നിശ്ശബ്ദനായി കടന്നുപോയി?

വർഷങ്ങൾക്കു ശേഷം എന്റെ ജീവിതത്തിന്റെ നീണ്ട പാതയിൽ പ്രണയവും വിവാഹവും കുട്ടികളും എല്ലാം എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ച് ക്രമേണ കടന്നുവന്നു. എന്നിലെ പ്രേരണകളും വിങ്ങലുകളും നഷ്ടങ്ങളും മോഹങ്ങളുടെ ചില കെട്ടുപാടുകളുമാണ് എന്നെ എഴുത്തിലേക്ക് നയിച്ചതെന്ന് ഇന്ന് എനിക്കു മനസ്സിലാകുന്നു. അവിടെനിന്ന് ഞാൻ ശക്തമായി തുഴഞ്ഞു. വാക്കുകളുടെ പേമാരിയിൽ ഞാൻ നനഞ്ഞുകുതിർന്നു.

വിമർശനങ്ങളുടെ ഇടിമുഴക്കങ്ങളെയും മിന്നലുകളെയും എന്റെ പ്രചോദനങ്ങളുടെ തലോടലുകളാക്കാൻ പല സുഹൃത്തുക്കളും എന്നെ സ്നേഹിച്ചവരും പഠിപ്പിച്ചു. ഇക്ബാലിക്കയെപ്പോലുള്ള മിന്നാമിനുങ്ങുകളുടെ നേരിയ വെളിച്ചംപോലും എന്റെ എഴുത്തിന് നേർവഴി കാട്ടി. ഇന്നും പ്രചോദനങ്ങളും ഉത്തരം തേടുന്ന ചോദ്യങ്ങളും എന്റെ മനസ്സിൽ ഉരുൾപൊട്ടലുകളായും നീരൊഴുക്കുകളായും നിറഞ്ഞൊഴുകുന്നു. ഓരോ കരച്ചിലിനും കണ്ണീരിനും ശേഷവും ഒരു ഫീനിക്സ് പക്ഷിയുടെ ചിറകടികൾക്കൊപ്പം ഞാനും എന്റെ പ്രചോദനങ്ങളും ഉയിർത്തെഴുന്നേറ്റു.

ഫീനിക്സ് പക്ഷിയും ഡാഡി പറഞ്ഞുതന്ന ഒരു കഥയിലെ മുഖ്യകഥാപാത്രമായിരുന്നു. കത്തുന്ന തീയിൽനിന്നു രക്ഷപ്പെടാൻ തന്റെ ശേഷിച്ച സർവശക്തിയും സംഭരിച്ച് പറന്നുയരുന്ന പക്ഷി! സ്വയംരക്ഷ എന്ന ആശയത്തെ പ്രതിനിധീകരിക്കാൻ സൃഷ്ടിച്ച സാങ്കൽപ്പിക കഥാപാത്രമാണ് അതെന്ന് ഒരു കള്ളച്ചിരിയോടെ ഡാഡി പറഞ്ഞുതന്നിരുന്നു.

“എല്ലാ പ്രതിബന്ധങ്ങളും അങ്ങനെയാണ്. നമ്മൾ സ്വയം രക്ഷിച്ചാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. കാരണം നമ്മുടെ പ്രശ്നങ്ങളുടെ വ്യാപ്തിയും സ്വഭാവവും നമുക്കുമാത്രമേ അറിയൂ. അതിനുള്ള പരിഹാരവും നമ്മൾതന്നെ കണ്ടെത്തണം. മറ്റുള്ളവരോട് കരയാനും പരിഭവം പറയാനും സഹതാപം പിടിച്ചുപറ്റാനും ആർക്കും സാധിക്കും.”

“നിന്റെ കഥയെല്ലാം കേട്ടുകഴിഞ്ഞില്ലേ? ഇനി എനിക്കൊരു ബ്രാണ്ടി കൂടി എടുത്തുകൊണ്ടുവാ. നിന്നോട് കഥ പറഞ്ഞ് ഞാൻ ക്ഷീണിച്ചു,” ഡാഡി പറയും.

ഡാഡിയുടെ കഥകൾ എന്റെ മനസ്സിലെ നീർത്തുള്ളികളെ  കോർത്തിണക്കുന്നുവെന്ന കാര്യം അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ആ കഥകളുടെ ശക്തിയാണ് ഇന്ന് എന്റെ പ്രചോദനമെന്ന് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

നന്ദി, ഡാഡി.

ഓരോ സന്ധ്യയിലും ഡാഡി കാണിച്ചുതന്നിരുന്ന ധ്രുവനക്ഷത്രത്തെയും ഓറിയോൺ യോദ്ധാക്കളെയും നക്ഷത്രസമൂഹങ്ങളെയും നോക്കുമ്പോൾ, “ഞാനും നിന്നെ എന്നും നോക്കിക്കൊണ്ടിരിക്കും” എന്ന് അന്ന് ഡാഡി പറഞ്ഞത് ഓർക്കും.ഖത്തറിലെയും  ഒമാനിലെയും തിരുവനന്തപുരത്തെയും ആകാശങ്ങളിലേക്കു നോക്കി, കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് ഞാൻ നടന്നു നീങ്ങുന്നു.

അങ്ങനെ  സ്കൂളും കോളേജും എനിക്ക് എന്നും ജേർണൽ എഴുത്തുകളും ഡയറി എഴുത്തുകളും എഴുതാനും ഡാഡി അന്നും ഓർമ്മിപ്പിച്ചിരുന്നു. ഇന്ന് എനിക്കതെല്ലാം ഒരു ഫ്ലാഷ്ബാക്കുകളാണ്. കഥകളുടെ തുടക്കങ്ങൾ ആ ഡയറിക്കുറിപ്പുകളിലായിരുന്നുവെന്ന് ഇന്ന് ഞാൻ അറിയുന്നു.

ഒരു പുതിയ തുടക്കമായി ഞാൻ കഥകളുടെ ലോകത്തേക്ക് ചുവടുവെക്കുന്നു. 1999 മുതൽ ഇന്നുവരെ എനിക്കു പ്രചോദനമായവരെയും ഉപദേശിച്ചവരെയും പ്രോത്സാഹിപ്പിച്ചവരെയും സ്നേഹിതരെയും സ്നേഹത്തോടെ  ഓർക്കുന്നു.

ഈ തുടർക്കഥകൾ ഞാൻ ദൈവത്തിനും സരസ്വതീദേവിക്കും സമർപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക