
ഇടക്കാല തിരഞ്ഞെടുപ്പിൽ ഉണ്ടായത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉന്മൂലനം പോലുള്ള അവസ്ഥയാണെന്നും അതിനു കാരണം പാർട്ടിയുടെ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്താത്തതാണെന്നും ഫ്ളോറിഡ ഗവർണർ റോൺ ഡിസന്റിസ്.
എച്-1 ബി വിസ പ്രോഗ്രാം തകർക്കാൻ സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ശ്രമിക്കാതിരുന്നതു വിനയായെന്നും അദ്ദേഹം ആരോപിച്ചു.
"എന്തു കൊണ്ട് അവർ എച്-ബി 1 അടച്ചു പൂട്ടിയില്ല? എന്തു കൊണ്ട് ട്രംപിന്റെ ഉത്തരവുകൾ നടപ്പാക്കിയില്ല? അവർ ഒന്ന് ശ്രമിക്കുക പോലും ചെയ്തില്ല."
തിരഞ്ഞെടുപ്പ് ഫലം പ്രസിഡന്റിനും കോൺഗ്രസിനും തിരിച്ചടിയാണെന്നു പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കും എന്നു കരുതപ്പെടുന്ന ഡിസന്റിസ് പറഞ്ഞു. "പക്ഷെ നമ്മുടെ വോട്ടർമാരിൽ ഒട്ടേറെപ്പേർ വീട്ടിലിരുന്നു. ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കന്മാർ ഒന്നും ചെയ്യാതിരുന്നതു കൊണ്ടാണത്."
രാജ്യത്തിൻറെ പല ഭാഗത്തും തിരഞ്ഞെടുപ്പ് ഫലം കൊണ്ടു പാർട്ടിയെ തുടച്ചു നീക്കിയ അവസ്ഥയാണ് ഉണ്ടായതെന്നു ബുധനാഴ്ച്ച പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. "100 വർഷത്തിൽ ഇങ്ങിനെ കണ്ടിട്ടില്ല.
"ഇത് ഡെമോക്രാറ്റുകൾക്കുള്ള അംഗീകാരമല്ല. ഇത് റിപ്പബ്ലിക്കന്മാരെ വോട്ടർമാർ തള്ളിയതാണ്."
റിപ്പബ്ലിക്കൻ കിരീടത്തിലെ രത്നം ആയിരുന്നു ടെക്സസ് എന്നു ഡിസന്റിസ് പറഞ്ഞു. "അവിടെ സെനറ്റ് സീറ്റിൽ തോറ്റു, ഗവർണർ, അറ്റോണി ജനറൽ, അങ്ങിനെ പലതും തോറ്റു. അടിത്തറയാണ് നഷ്ടമായത്."
Florida Governor calls Midterm rout 'close to extinction-level event'