
2036 ലെ ഒളിംപിക്‌സിന് വേദിയാകാന്‍ ഇന്ത്യക്കൊപ്പം ആറു രാജ്യങ്ങള്‍ മാത്രം. ഒക്ടോബര്‍ 31ന് ആതിഥേയരാകാനുള്ള അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി കഴിഞ്ഞു. നേരത്തെ അപേക്ഷ നല്‍കിയ ഏഴു രാജ്യങ്ങള്‍ മാത്രമാണ് രംഗത്തുള്ളത്. ഐ.ഓ.സി. പ്രഖ്യാപിച്ചു. ജര്‍മ്മനി, ഹംഗറി, ഖത്തര്‍, ദക്ഷിണ അഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം ഒളിംപിക്‌സിന് ശ്രമിക്കുന്നത്. അഹമ്മദാബാദ് ആയിരിക്കും ഇന്ത്യ വേദിയായി ഒരുക്കുക.
ഒളിംപിക്‌സ് ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മി ഷനു മുന്നില്‍ 'വര്‍ച്വല്‍ പ്രസന്റേഷന്‍' ഈ മാസമാണ്. മിക്കവാറും 26ന്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സാധ്യതാ വിലയിരുത്തല്‍ ഉണ്ടാകും. 1930 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദിലാണു നടക്കുക. അതിനുള്ള ഒരുക്കങ്ങളുടെ തുടര്‍ച്ചയാകും 2036 ലെ ഒളിംപിക്‌സ് ഒരുക്കങ്ങള്‍. 2028 ല്‍ ലൊസാഞ്ചലസിലും 2032 ല്‍ ബ്രിസ്‌ബെയിനിലുമാണ് ഒളിംപിക്‌സ് നടക്കുക. 2028 ജനുവരിയില്‍ ഓരോ രാജ്യങ്ങളും തങ്ങളുടെ പദ്ധതികളും സാമ്പത്തിക ഉറപ്പുകളും ഹോസ്റ്റ് കമ്മി ഷന്‍ മുമ്പാകെ അവതരിപ്പിക്കണം.
2028 ല്‍ ഐ.ഓ.സി. സംഘം വേദികള്‍ പരിശോധിക്കും. 2028 ഡിസംബറില്‍ പ്രാഥമിക തിരഞ്ഞെടുപ്പ് നടക്കും. 2029 പകുതിയോടെയാകും ഐ.ഓ.സി. അംഗങ്ങള്‍ ആതിഥേയ നഗരം തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുക. അതായത് 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് നടക്കുമ്പോള്‍ 2036 ലെ ആതിഥേയര്‍ ആരെന്ന് തീരമാനമായിട്ടുണ്ടാകില്ല.
ജര്‍മ്മനിയിലും ദക്ഷിണ കൊറിയയിലും ഇതിനു മുമ്പ് ഒളിംപിക്‌സ് നടന്നിട്ടുണ്ട്. 1936 ല്‍ ബര്‍ലിനിലും 1972 ല്‍ മ്യൂണിക്കിലും ഒളിംപിക്‌സ് നടന്നു. 1936 ലെ ശീതകാല ഒളിംപിക്‌സും ജര്‍മ്മനിയില്‍ ആയിരുന്നു. കൊറിയയിലെ സോള്‍ 1988 ലെ ഒളിംപിക്‌സ് വേദിയായിരുന്നു. 2018 ലെ ശീതകാല ഒളിംപിക്‌സിനും കൊറിയ ആതിഥേയത്വം വഹിച്ചു.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.ഉഷയും ഐ.ഒ.സി.പ്രസിഡൻ്റ് കിർസ്റ്റി കവെൻ്ററിയും
ആഫ്രിക്കയില്‍ ഇതുവരെ ഒളിംപിക്‌സ് നടന്നിട്ടില്ല എന്ന ആനുകൂല്യം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കാം. ഖത്തര്‍ അകട്ടെ ലോകകപ്പ് ഫുട്‌ബോളും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുമൊക്കെ വിജയകരമായി നടത്തി. ഇന്ത്യയുടെ അനുഭവജ്ഞാനം 1951 ലെയും 1982 ലെയും ഏഷ്യന്‍ ഗെയിംസും 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസും നടത്തിയതാണ്. അഴിമതി ആരോപണങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രശ്‌നങ്ങള്‍ കൂടാതെ നടത്തുവാന്‍ ഇന്ത്യക്കു കഴിഞ്ഞുവെന്ന് ആശ്വസിക്കാം.
കഴിഞ്ഞ മൂന്ന് ഒളിപിംകിസിലെ മെഡല്‍ നേട്ടം കണക്കിലെടുത്താല്‍ ജര്‍മ്മനി ഏറെ മുന്നിലാണ്. ഖത്തര്‍ ആണ് ഏറ്റവും പിന്നില്‍. തൊട്ടു മുന്നില്‍, അഥവാ ആറാം സ്ഥാനത്താണ് ഇന്ത്യ. ജനസംഖ്യയില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. ഇത് കണക്കിലെടുക്കണമെന്നില്ല. ഖത്തറിനെ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. ഇസ്രയേല്‍-ഇറാന്‍-യു.എസ്. സംഘര്‍ഷം അയയുമെന്നു പ്രതീക്ഷിക്കാം. ഉപതിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രമ്പിനു നേരിട്ട കനത്ത തിരിച്ചടി ഗള്‍ഫ് മേഖലയില്‍ സമാധാനത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
ചൈന, ഗ്രീഷ്മകാല, ശീതകാല ഒളിംപിക്‌സ് നടത്തിക്കഴിഞ്ഞു. ചൈനയുടെ പിന്തുണ ഇന്ത്യക്ക് കിട്ടിയാല്‍ നല്ലത്. ഉത്തര കൊറിയയുമായി സൗഹൃദമുള്ളതിനാല്‍ ചൈനയും പാക്കിസ്ഥാനും ദക്ഷിണ കൊറിയയെ പിന്തുണയ്ക്കില്ല. പക്ഷേ, അവര്‍ ഖത്തറിനെയോ തുര്‍ക്കിയെയോ പിന്തുണച്ചേക്കാം. ഒളിംപിക്‌സില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഇന്ത്യ നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്തണം. കടമ്പകള്‍ ഒട്ടേറെയുണ്ടെങ്കിലും ഇന്ത്യ പ്രതീക്ഷയോടെയാണ് ഒരുങ്ങുന്നത്. കാത്തിരിക്കാം.