Image

നീതിപീഠം പ്രതിക്കൂട്ടിൽ!(ജെ. മാത്യൂസ് )

Published on 05 November, 2026
നീതിപീഠം പ്രതിക്കൂട്ടിൽ!(ജെ. മാത്യൂസ് )

 നീതി ലഭിക്കാൻ  ആശ്രയിക്കുന്ന കോടതിയിൽനിന്ന് നിരപരാധിക്കു ലഭിക്കുന്നത്     അന്യായമായ വിധി ആണെങ്കിലോ!

വികലമായ സാഹചര്യ  തെളിവുകളുടെയോ അവ്യക്തമായ സാക്ഷിമൊഴികളുടെയോ  നിഗൂഢമായ  വർണ്ണവിവേചനത്തിന്റെയോ അടിസ്ഥാനത്തിൽ  പലപ്പോഴും
നിരപരാധികളെ  പ്രതിയാക്കാൻ ചില അന്വേഷണ ഏജൻസികൾ തിടുക്കം കൂട്ടാറുണ്ട്. സമർഥനായ ഒരു വക്കീലിന് ആ ഭാഗ്യഹീനനെ കൊടുംകുറ്റവാളിയാക്കി അവതരിപ്പിക്കാൻ കഴിയുന്നുമുണ്ട്. അങ്ങനെ, ജീവപര്യന്തമോ വധശിക്ഷവരെയോ ഏറ്റുവാങ്ങേണ്ടിവരുന്ന നിരപരാധികളുടെ തേങ്ങൽ തടവറകളുടെ തണുത്ത ഭിത്തികൾ ഏറ്റുവാങ്ങുന്നു!

ഇത്തരം  അന്യായ വിധികൾക്കെതിരെ അപ്പീൽ ബോധിപ്പിച്ച് നിയമപോരാട്ടം നടത്താൻ കഴിയണമെങ്കിൽ കെട്ടുറപ്പുള്ള കുടുംബബലമൊ  വേണ്ടത്ര സാമ്പത്തിക ശേഷിയോ  സന്നദ്ധസംഘടനകളുടെ ഇടപെടലൊ വേണം. അപ്പീൽ നൽകി വർഷങ്ങളോളം നിയമപോരാട്ടം നടത്തി നിരപരാധിത്വം  തെളിയിച്ച ചിലരുടെ അനുഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. 
1965- ൽ നടന്ന കുപ്രസിദ്ധമായ മാൽക്കം എക്സ് കൊലപാതകക്കേസിൽ
പ്രതികളായിരുന്ന ഖലീൽ ഇസ്ലാമും മുഹമ്മദ് അസീസും ജീവപര്യന്തം ജയിൽശിക്ഷക്കു വിധിക്കപ്പെട്ടു.  ഈ വിധിയിൽ പുനർവിചാരണക്കുള്ള അപേക്ഷകൾ പലതവണ തള്ളപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം, മൻഹാട്ടൻ ഡിസ്ട്രിക്‌ട് അറ്റേർണി സൈറസ് വാൻസ് ജൂനിയറും അസീസിന്റെ വക്കീലും ഇന്നസെൻസ് പ്രൊജക്റ്റും സംയുതമായി  വീണ്ടും അപ്പീലിന്  അപേക്ഷിച്ചു. വിധിക്കാധാരമായി പരിഗണിച്ചിരുന്ന പല തെളിവുകളും അടിസ്‌ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു.  കൂട്ടുപ്രതികളിൽ ഒരാളായിരുന്ന മുജാഹിദ് അബ്ദുൾ ഹലിം കൊലക്കുറ്റം ഏറ്റുപറയുകയും അസീസും ഖലീലും നിരപരാധികളെന്ന് ആവർത്തിച്ചു  മൊഴികൊടുക്കുകയും  ചെയ്തു. NYPD-യും FBI-യും ബോധപൂർവം നടത്തിയ  കുറ്റകരമായ നടപടികൾ വെളിച്ചത്തുവന്നു. നിർണ്ണായകമായ പല തെളിവുകളും അവർ മന:പൂർവ്വം മറച്ചുവച്ചു. പ്രതികൾക്കെതിരെ കൃത്രിമമായ 'തെളിവുകൾ' കെട്ടിച്ചമച്ചു.
56 വർഷങ്ങൾക്കുശേഷം, 2021 നവംബർ 18-ന് അവർ നിർദോഷികളാണെന്നു കോടതി വിധിച്ചു. പക്ഷേ ഈ വിധി കേൾക്കാൻ ഖലീൽ ഉണ്ടായിരുന്നില്ല. 2009-ൽ, 'കൊലപ്പുള്ളി' എന്ന അർഹിക്കാത്ത  പേരിൽത്തന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു!

*അതിലും ദയനീയമാണ് കെവിൻ സ്‌ട്രിക്‌ലാൻഡിന്റെ ദുരനുഭവം. 1979-ൽ, പത്തൊൻപതു വയസ്സുകാരനായ ആ ചെറുപ്പക്കാരനെ, മൂന്നുപേരെ കൊന്നു എന്ന കുറ്റം ചുമത്തി ജീവപര്യന്തം ജയിൽ ശിക്ഷക്കു വിധിച്ചു. താൻ നിരപരാധിയാണെന്ന് അയാൾ ആവർത്തിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. 43 വർഷത്തെ ജയിൽവാസത്തിനു
ശേഷം,നിർണ്ണായകമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെവിൻ അല്ല കുറ്റക്കരാനെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു. 2021 നവംബർ 23-ന് , 62-മത്തെ വയസ്സിൽ, കെവിൻ സ്‌ട്രിക്‌ലാൻഡ് നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ട കോടതി അയാളെ സ്വതന്ത്രനാക്കി!
തന്റെ മകൻ കൊലയാളിയല്ലെന്ന്   കെവിന്റെ അമ്മ കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു. കടകളിൽ, വീടുകളിൽ, പള്ളികളിൽ- എല്ലായിടത്തും  കയറിച്ചെന്ന് കെവിൻ കുറ്റക്കാരനല്ലെന്ന് അവർ ആണയിട്ടു നിലവിളിച്ചിരുന്നു. പരിഷ്കൃതസമൂഹം അവൾക്കൊരു പേരുനൽകി- ഭ്രാന്തി ! സ്നേഹമയിയായ  തന്റെ അമ്മ ഭ്രാന്തി അല്ലെന്നും,  43 വർഷത്തിനുശേഷം കോടതിക്കു ബോദ്ധ്യപ്പെട്ടത് അമ്മ മുൻകൂട്ടി  വിശ്വസിച്ചിരുന്നുവെന്നും അമ്മയോടൊപ്പം  ചേർന്നുനിന്നു വിളിച്ചുപറയാൻ ആ 62-കാരന് കഴിയുംമുമ്പേ ആ അമ്മയുടെ വിളക്കണഞ്ഞിരുന്നു!
*18 വയസ്സുകാരനായ ഡേവിഡ് കെയ്ട്ടന്റെ  ( David Keaton, FL ) പേരിൽ കൊലക്കുറ്റം 
ചുമത്തി 1971-ൽ വധശിക്ഷ വിധിച്ചു. മൂന്നു ദിവസത്തെ തുടർച്ചയായ ചോദ്യംചെയ്യലിനും 
പീഡനത്തിനും ശേഷം ഡേവിഡിനെ ഭീഷണിപ്പെടുത്തി കുറ്റം സമ്മദിപ്പിച്ചതാണെന്നും 
വിരലടയാളങ്ങൾ ഡേവിഡിന്റേതല്ലെന്നും ബോദ്ധ്യപ്പെട്ട കോടതി 1973-ൽ അയാളെ കുറ്റവിമുക്തനാക്കി. (1970-നു ശേഷം  U S-ലെ ആദ്യത്തെ EXONERATION )

*ജീവപര്യന്തം തടവുശിക്ഷക്കു  വിധിക്കപ്പെട്ട എർവിൻ ഹാരിസ് ( അലബാമ ) 42 വർഷത്തെ ജയിൽ വാസത്തിനുശേഷം നിർദോഷിയാണെന്ന് തെളിയിക്കപ്പെട്ടു, 8-24-2026- ൽ മോചിതനായി ( exonerated).
*ജീവപര്യന്തം ജയിൽശിക്ഷക്കുവിധിക്കപ്പെട്ട ഷെയ്‌ല ഡെന്റൺ( ജോർജിയ) 21 വർഷത്തെ തടവിനുശേഷം, 9-14-2026-ൽ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
*ചെയ്യാത്ത കൊലക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട എൽവുഡ് ജോൺസ് 
(ഒഹായോ) 27 വർഷത്തെ ജയിൽവാസത്തിനുശേഷം, 12-12-2025-ൽ നിർദോഷിയാണെന്നു കോടതിക്ക് ബോധ്യപ്പെട്ടു. ജോൺസ് സ്വതന്ത്രനായി!
*19- വയസ്സുകാരനായ  കാൾ കെയ്‌സ്  ( Carl Case - New Mexico ), 1982-ൽ വധശിക്ഷക്കു
വിധിക്കപ്പെട്ടത് ബലാത്സംഗവും കൊലക്കുറ്റവും  ചുമത്തിയാണ്. ഫോറൻസിക് പരിശോധന
യുടെയും   ശരിയായ സാക്ഷിമൊഴികളുടെയും വിശദമായ പരിശോധനയിൽ, കാൾ കേയ്സ് അല്ല  കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടു. 44 വർഷത്തെ ജെയിൽജീവിതത്തിനു ശേഷം, 
2026 ഒക്ടോബര് 27-ന് അയാൾ സ്വതന്ത്രനായി!
1973-മുതൽ കുറ്റവിമുക്തരാക്കപ്പെട്ടിട്ടുള്ളവരിൽ (exonerated) ചിലരുടെ വിവരങ്ങളാണിത്.

The Sentencing Project  ഉം   Innocence Project ഉം Death Penalty Information Center (DPIC) ഉം വെളിപ്പെടുത്തുന്നതനുസരിച്ച്  1973 മുതൽ  2026 സെപ്റ്റംബർ വരെ 1682 ‘കുറ്റവാളികളുടെ’ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഈ കാലയളവിൽ, വധശിക്ഷക്കൊ  ജീവപര്യന്തംതടവിനൊ  വിധിക്കപ്പെട്ടിരുന്ന 204 പേരെ കുറ്റവിമുക്തരാക്കിയിട്ടുമുണ്ട് - (exonerated).  അമേരിക്കയിൽ, വധശിക്ഷ നടപ്പാക്കിയിട്ടുള്ള  'ഓരോ എട്ടുപേർക്കും ഒരാൾ വീതം' നിരപരാധിയാണെന്നാണ് DPIC- കണ്ടെത്തുന്നത് !  U S Bureau of Justice നൽകുന്ന കണക്കനുസരിച്ച്-2026-ൽ, 1993 പേർ വധശിക്ഷ കാത്ത്  death row-യിൽ  കഴിയുന്നു. അവരിൽ, എട്ടുപേർക്ക് ഒരാൾവീതം-221 പേരെങ്കിലും നിരപരാധികളാകാൻ സാദ്ധ്യതയുണ്ട്. അവരുടെ വധശിക്ഷ നടപ്പാക്കുന്നുവെങ്കിൽ നീതിപീഠം നടത്തുന്ന കൊലപാതകമാണത്.
National Academy of Science നടത്തിയ  പഠനമനുസരിച്ചു  അമേരിക്കയിൽ വധശിക്ഷ വിധിക്കപ്പെടുന്നതിൽ 4.1 ശതമാനം നിരപരാധികൾ ആണ്!  അതായത്, വധശിക്ഷയുടെ നാളെണ്ണിക്കഴിയുന്ന 1993 പേരിൽ 82 പേരെങ്കിലും നിരപരാധികളാണ് ! 
അമേരിക്കയിൽ ഇപ്പോൾ രണ്ടുലക്ഷത്തോളം 'ജീവപര്യന്തം' തടവുകാരുണ്ടെന്നാണ് 
The Sentencing Project വെളിപ്പെടുത്തുന്നത്. National Academy of Sciences-ന്റെ പഠനമനുസരിച്ച്, അവരിൽ, 4.1 ശതമാനമായ 8200 പേരെങ്കിലും നിരപരാധികളാണ്. അപ്പീൽ ബോധിപ്പിക്കാനോ നീണ്ട നിയമപോരാട്ടങ്ങൾ  നടത്താനോ
കഴിവില്ലാത്തവരാണവരെങ്കിൽ ,  അവരുടെ ജീവിതം തടവറകളിൽ എരിഞ്ഞുതീരുന്നു!

കുറ്റാന്വേഷണത്തിലും ശിക്ഷാവ്യവസ്ഥകളിലും  ആവുന്നത്ര നീതി പുലർത്തുന്ന അമേരിക്കയിൽ  ഇതാണ് സ്ഥിതിയെങ്കിൽ  ഇതൊന്നുമില്ലാത്ത രാജ്യങ്ങളിലെ സ്‌ഥിതിയെന്ത്!
ഐക്യരാഷ്ട്രസഭയിലുള്ള 193 അംഗരാഷ്ട്രങ്ങളിൽ, ഇൻഡ്യ ഉൾപ്പെടെ 54 രാജ്യങ്ങൾ വധശിക്ഷ അംഗീകരിക്കുന്നുണ്ട്. US-ലെ 50-ൽ 27 സ്റ്റേറ്റ്സിൽ കാപിറ്റൽ പണിഷ്മെന്റ് നടപ്പാക്കുന്നുണ്ട് ! വധശിക്ഷ നടപ്പാക്കുന്നതിൽ, ലോകരാഷ്ട്രങ്ങളിൽ അഞ്ചാം സ്‌ഥാനവും  സമ്പന്ന ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാം സ്‌ഥാനവും ആണ് അമേരിക്കയുടേത് .
                                       
കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പക്ഷേ, ഒരിക്കലും ഒരു നിരപരാധിപോലും 
ശിക്ഷിക്കപ്പെടരുത്. കുറ്റാന്വേഷണം നീതിപൂർവ്വവും നിഷ്പക്ഷവുമായിരിക്കണം.
ശിക്ഷിക്കപ്പെടുന്നവരിൽ ഒരു പ്രത്യേക വിഭാഗക്കാരാണ് നിരപരാധികളാണെന്ന്  
തെളിയിക്കപ്പെടുന്നതിൽ വലിയ പങ്കും, കഷ്ടം! എന്തുകൊണ്ടാണത്?
'ചിലരെ ' കുറ്റക്കാരാകാമെന്നു മുൻവിധിയോടെ കരുതുന്നതെന്തുകൊണ്ടാണ്‌?
*ശരീരത്തിൽ മെലാനിന്റെ (melanin) അളവ് അല്പം കൂടിയതുകൊണ്ടാകാം,
*ദേശീയസമ്പത്തിൽനിന്ന് കിട്ടേണ്ട വിഹിതത്തിന്റെ അളവ് തീരെ കുറഞ്ഞതുകൊണ്ടാകാം,
*വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം ഒന്നുംതന്നെ ഇല്ലാത്തതുകൊണ്ടാകാം,
*സാമൂഹ്യ സംഘടനകളിൽ ഉന്നതപദവി ഒന്നുംതന്നെ അലങ്കരിക്കാത്തതുകൊണ്ടാകാം,
*ആകാരസൗഷ്ഠവം അൽപമെങ്കിലും അനുഗ്രഹിക്കാത്തതുകൊണ്ടാകാം.
പ്രത്യേക താൽപര്യസംരക്ഷണത്തിനു വേണ്ടി പ്രവർത്തിന്നുന്ന രാഷ്ട്രീയക്കാരോ മതസംഘടനകളോ കോർപ്പറേറ്റ്  മാദ്ധ്യമങ്ങളോ   ഈ നിരാലംബർക്കുവേണ്ടി കണ്ണുതുറക്കില്ല. 
സാഹിത്യ സുഹൃത്തുക്കളേ ! നിങ്ങൾ: നിറമില്ലാത്തവരുടെ വർണ്ണഭംഗിയാണ്, ശബ്ദമില്ലാത്തവരുടെ കാഹളമാണ്, ആശ്രയമില്ലാത്തവരുടെ അത്താണിയാണ് . എന്തേ നിങ്ങളുടെ തൂലിക ചലിക്കുന്നില്ല? അവർഡ് ലബ്ദ്ധിക്കുവേണ്ടി രചനകളെഴുതി തേഞ്ഞുതേഞ്ഞു തീരുകയാണോ നിങ്ങളുടെ തൂലിക? അങ്ങനെ ആകാതിരിക്കട്ടെ!

Read More: https://www.emalayalee.com/writer/43

 

 

Join WhatsApp News
Jayan varghese 2026-11-05 15:35:50
മനുഷ്യ സ്നേഹത്തിന്റെ മഹാശബ്ദം മുഴങ്ങുന്ന വാക്കുകൾ. അഭിനന്ദനങ്ങൾ ! ഈ വാക്കുകൾ എഴുതിയ ആൾ തന്നെയാണോ മത പുസ്തക ആചാരങ്ങളിൽ കടിച്ചു തൂങ്ങി റബ്ബർ എന്നതിന് പകരം ലവറ് ലവറ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് വിശ്വസിക്കാനാവുന്നില്ല. ജെ മാത്യൂസും ജെ മാത്യുവുംഒരാളാണോ രണ്ടാളാണോ എന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കും എന്ന് പ്രത്യാശിക്കുന്നു. ജയൻ വർഗീസ്.
Sudhir Panikkaveetil 2026-11-05 17:49:52
എങ്ങനെ നീതി ലഭിക്കും? നീതിദേവതയുടെ കണ്ണ് കെട്ടി നിറുത്തുന്നു എന്നിട്ടു പറയുന്നു കോടതിയിൽ സത്യത്തിനു സ്ഥാനമില്ല, തെളിവുകൾക്കാണ് പ്രാധാന്യമെന്നു. തലക്ക് വെളിവില്ലാത്ത ഏതോ ഒരുത്തൻ ഏതു മഹാനായാലും പറഞ്ഞത് തിരുത്താൻ പിന്നീട് വന്ന തലമുറ ശ്രദ്ധിച്ചില്ല. കെട്ടിതൂക്കട്ടെ നിരപരാധികളെ! ഇതൊക്കെ മനുഷ്യന്റെ ദുഷ്പ്രവർത്തികൾ ഇതിൽ ദൈവത്തിന് ഒരു പങ്കുമില്ല. സത്യം ജയിക്കയില്ലെങ്കിൽ പിന്നെ എന്തിനു നമ്മൾ പൊരുതാൻ പോകണം. കള്ള സാക്ഷികളും കള്ളാ തെളിവുകളുമുണ്ടെങ്കിൽ കേസ് ജയിക്കാമെന്നിരിക്കെ എന്തിനു കോടതി എന്തിനീ പ്രഹസനം ????ശ്രീ ജെ മാത്യുസ് സാർ രചന ശക്തം, വിശ്വസനീയം, അനിവാര്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക