Image

അരിസോണയിൽ നിന്ന് അമിഷ് ഷാ കോൺഗ്രസിലേക്ക്, 'സമോസ കോക്കസി'ൽ വീണ്ടും 6 പേർ (പിപിഎം)

Published on 06 November, 2026
അരിസോണയിൽ നിന്ന് അമിഷ് ഷാ കോൺഗ്രസിലേക്ക്, 'സമോസ കോക്കസി'ൽ  വീണ്ടും 6 പേർ   (പിപിഎം)

ഗുജറാത്തിൽ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമായ ഡോക്ടർ അമിഷ് ഷാ അരിസോണയിൽ ചരിത്ര വിജയം നേടി യുഎസ് ഹൗസിലേക്ക്. സംസ്ഥാനത്തു നിന്നു കോൺഗ്രസിൽ എത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കനാണ് ഡെമോക്രാറ്റ് ഷാ.

ഇതോടെ യുഎസ് ഹൗസിൽ 'സമോസ കോക്കസ്' എന്നറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ അംഗങ്ങളുടെ എണ്ണം വീണ്ടും ആറായി. സെനറ്റിലേക്കു മത്സരിക്കാൻ ഹൗസ് വിട്ട ഇലിനോയ് റെപ്. രാജ കൃഷ്ണമൂർത്തി, മിഷിഗണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ തോറ്റ റെപ്. ശ്രീ തനെദർ എന്നിവർക്കു പകരം ഷായും റിപ്പബ്ലിക്കൻ കോട്ട തകർത്തു ഫ്ലോറിഡയിൽ ജയിച്ച പിയ ദണ്ഡിയയും എത്തിയതോടെയാണിത്.

മറ്റു അംഗങ്ങൾ ആമി ബെറ, പ്രമീള ജയപാൽ, സുഹാസ് സുബ്രമണ്യം, റോ ഖന്ന എന്നിവരാണ്.        

ഷിക്കാഗോയിൽ ജനിച്ച എമർജൻസി റൂം ഫിസിഷ്യൻ അമിഷ് ഷാ (48) അരിസോണ ഡിസ്‌ട്രിക്‌ട് ഒന്നിൽ തോല്പിച്ചത് മുൻ ഫുടബോൾ താരം റിപ്പബ്ലിക്കൻ ജെയ് ഫീലിയെ ആണ്. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്ന ഫീലിക്കു നീല സുനാമിയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.

ഷാ 53% വോട്ട് നേടിയപ്പോൾ മാധ്യമങ്ങൾ വിജയം പ്രഖ്യാപിച്ചു. ഫീലി നേടിയത് 46%.

"ഞാൻ ഈ വിജയത്തിനു മുന്നിൽ വിനീതനാകുന്നു," ഷാ പറഞ്ഞു. "ഡിസ്ട്രിക്ടിലെ ഓരോ വോട്ടരോടും ഞാൻ പറയുന്നു, നിങ്ങൾ എല്ലാവർക്കും വേണ്ടി ഞാൻ പ്രവർത്തിക്കും."

2008ൽ ന്യൂ യോർക്ക് ജെറ്റ്സ് ടീമിൽ ഫീലി കളിച്ചിരുന്നപ്പോൾ ഷാ അവരുടെ എമർജൻസി ഫിസിഷ്യൻ ആയിരുന്നു. ഇരുവരും ജനിച്ചത് ഷിക്കാഗോയിൽ. 1969ൽ കുടിയേറിയ ഗുജറാത്തി എൻജിനിയർമാരുടെ മകനാണ് ഷാ.  

നോർത്തവെസ്റേൺ യൂണിവേഴ്സിറ്റിയിലാണ് ഷാ പഠിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലിയിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സ് നേടി.

ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് മൂന്നു തവണ അരിസോണ ഹൗസ് അംഗമായിരുന്നു. 2024ൽ കോൺഗ്രസിലേക്കു മത്സരിച്ചു നേരിയ മാർജിനിൽ തോറ്റു.

ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഷാ പ്രധാനമായും ഉയർത്തിയത്.  

Amish Shah elected to Congress 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക