Image

ചിക്കാഗോ സെന്റ് മേരീസിൽ സകല വിശുദ്ധരുടെയും തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു

ഡോ. റോയി ചേലമലയിൽ Published on 06 November, 2026
ചിക്കാഗോ സെന്റ് മേരീസിൽ സകല വിശുദ്ധരുടെയും തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ (All Saints Day) നവംബർ 1 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ പത്തു മണിക്ക് നടന്ന വി. കുർബാനക്കും വചനസന്ദേശത്തിനും ഫാ. ടോമി തേർവാലകൊട്ടയിൽ മുഖ്യ കാർമ്മികനായിരുന്നു,

തുടർന്ന് നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയന്റെ കീഴിലുള്ള ഏറ്റവും വലിയ സൺ‌ഡേ സ്കൂളായ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് സൺ‌ഡേ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഓൾ സെയിന്റ്‌സ് ഡേ പരേഡ് നടന്നു. പ്രീ -സ്കൂൾ മുതൽ മുതിർന്ന ക്ലാസ്സുവരെയുള്ള കുട്ടികൾ തങ്ങളുടെ പേരിനോടനുബന്ധിച്ചുള്ള വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞു പരേഡിൽ പങ്കെടുത്തത് ഏവർക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. കുട്ടികൾ ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന സമയത്തു ഗായക സംഘത്തിന്റെ നേതൃത്വത്തിൽ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു. 

തുടർന്ന് അൾത്താരയിൽ എല്ലാ കുട്ടികളും ഒരുമിച്ചു അണിനിരന്നു ഓൾ സെയിന്റ്‌സ് ഡേ പ്രതിജ്ഞ എടുത്തു. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ കുട്ടികളെ ആശീർവദിച്ചു. കുട്ടികളെ ഇത്രയും മനോഹരമായി വിശുദ്ധരുടെ വേഷം അണിയിച്ച് കൊണ്ടുവന്ന മാതാപിതാക്കളെ ഫാ.സിജു, ഫാ. അനീഷ് എന്നിവർ മുക്തകണ്ഠം പ്രശംസിച്ചു. സൺ‌ഡേ സ്കൂൾ ക്‌ളാസ്സുകളിൽ വിശുദ്ധരുടെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേകം ക്ലാസ്സുകളും പ്രദർശനവും നടന്നു.

തുടർന്ന് ശാന്തിയുടെയും നിർമ്മാല്യത്തിന്റെയും പ്രതീകമായി ബലൂണുകൾ ബഹുമാനപ്പെട്ട വൈദികരുടെയും സൺ‌ഡേ സ്കൂൾ അധ്യാപകരുടെയും ട്രസ്റ്റിമാരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ആകാശത്തേക്ക് പറത്തി. തുടർന്ന് കുട്ടികൾക്കു മധുരം വിതരണം ചെയ്തു.

സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂതൃക്കയിൽ, അസിസ്റ്റന്റ് ഡി.ആർ.ഇ. മനീഷ് കൈമൂലയിൽ, സെക്രട്ടറി ബിനു ഇടക്കര, മറ്റു അധ്യാപർ എന്നിവരോടൊപ്പം, ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരും ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക