Image

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം: പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയില്‍ ഒറ്റത്തവണ ഇളവ്

പി പി ചെറിയാന്‍ Published on 06 November, 2026
ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം: പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയില്‍ ഒറ്റത്തവണ ഇളവ്

ന്യൂയോര്‍ക്ക്/ഹ്യൂസ്റ്റണ്‍ : ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) കാര്‍ഡ് ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട്, പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തിന് ഈടാക്കിയിരുന്ന പിഴത്തുകയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ (ഹ്യൂസ്റ്റണ്‍) ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു.

പുതിയ പാസ്പോര്‍ട്ട് ലഭിച്ച് 90 ദിവസത്തിനകം ഇ-ഒസിഐ (e-OCI) പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി കഴിഞ്ഞുനല്‍കുന്ന അപ്‌ഡേറ്റുകള്‍ക്ക് 25 യു.എസ് ഡോളര്‍ പിഴ ഈടാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പിഴത്തുകയില്‍ നിന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി ഇളവ് അനുവദിച്ചിരിക്കുന്നത്.

2026 ഒക്ടോബര്‍ 31 വരെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് 25 ഡോളര്‍ പിഴയില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റത്തവണ ഇളവ് ലഭിക്കുന്നതാണ്.

2026 നവംബര്‍ 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ സമര്‍പ്പിക്കുന്ന പാസ്പോര്‍ട്ട് അപ്‌ഡേറ്റ് അപേക്ഷകള്‍ക്കും ഈ പിഴ ബാധകമായിരിക്കുന്നതല്ല.

ഈ ഇളവിന്റെ ആനുകൂല്യം അര്‍ഹരായ മുഴുവന്‍ ഒസിഐ കാര്‍ഡ് ഉടമകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി www.cgihouston.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക