
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്നയെ 2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കവുമായി പിന്തുണക്കാർ രംഗത്ത്. ‘റൺ റോ’ (Run Ro) എന്ന പേരിൽ ആരംഭിച്ച പ്രചാരണത്തിന് മുൻ കോൺഗ്രസ് അംഗം ജമാൽ ബൗമാനും പുരോഗമന രാഷ്ട്രീയ തന്ത്രജ്ഞ നോമിക്കി കോൺസ്റ്റുമാണ് നേതൃത്വം നൽകുന്നത്.
എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം റോ ഖന്ന ഇതുവരെ നടത്തിയിട്ടില്ല. അവധിക്കാലത്തിനുശേഷം കുടുംബവുമായി ആലോചിച്ച് മത്സരിക്കണമോ അതോ മറ്റൊരു സ്ഥാനാർഥിയെ പിന്തുണയ്ക്കണമോ എന്ന് തീരുമാനിക്കുമെന്നുമാണ് അറിയുന്നത്.
പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന ‘മെഡികെയർ ഫോർ ഓൾ’, വിദേശയുദ്ധങ്ങൾ അവസാനിപ്പിക്കൽ, ബില്യണെയർമാർക്ക് കൂടുതൽ നികുതി ചുമത്തൽ തുടങ്ങിയ വിഷയങ്ങൾ തന്റെ പ്രധാന രാഷ്ട്രീയ മുൻഗണനകളാണെന്ന് ഖന്ന പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരസാധ്യത അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഖന്നയുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെയാണ് ‘റൺ റോ’ പ്രചാരണ സമിതി രൂപീകരിച്ചതെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ മത്സരത്തിന് പ്രേരിപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഇതിനായി ധനസമാഹരണവും രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
2026ലെ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പുതിയ നീക്കം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക മത്സരങ്ങൾ നേരത്തേ നടക്കുന്ന സംസ്ഥാനങ്ങളിൽ ഖന്ന സന്ദർശനം നടത്തിയതും രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
പുരോഗമന സാമ്പത്തിക നയങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചകളുടെ കേന്ദ്രത്തിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് നോമിക്കി കോൺസ്റ്റ് പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയിലെ മധ്യനിലപാടുകാർക്ക് ഇതിനകം ശക്തമായ സാമ്പത്തിക-രാഷ്ട്രീയ പിന്തുണാ സംവിധാനങ്ങളുണ്ടെന്നും പുരോഗമന ചിന്താഗതിക്കാർക്ക് തുടക്കത്തിൽത്തന്നെ സംഘടിത പിന്തുണ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സമ്പന്നർക്കുള്ള നികുതി, ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ഖന്നയുടെ നിലപാടുകളും അദ്ദേഹത്തിന്റെ പിന്തുണക്കാർ ഉയർത്തിക്കാട്ടുന്നു.
1976ൽ പെൻസിൽവേനിയയിലെ ഫിലഡൽഫിയയിൽ ഇന്ത്യൻ കുടിയേറ്റ കുടുംബത്തിലാണ് റോ ഖന്ന ജനിച്ചത്. കാലിഫോർണിയയിലെ സിലിക്കൺ വാലി ഉൾപ്പെടുന്ന 17-ാം കോൺഗ്രസ് ഡിസ്ട്രിക്ടിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ചിക്കാഗോ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും യേൽ സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി.
ബറാക് ഒബാമയുടെ ഭരണകാലത്ത് വാണിജ്യ വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഖന്ന, 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബെർണി സാൻഡേഴ്സിന്റെ പ്രചാരണത്തിന്റെ സഹ അധ്യക്ഷനുമായിരുന്നു.
അമേരിക്കൻ ഉൽപ്പാദന മേഖലയ്ക്കും സാങ്കേതിക നവീകരണത്തിനും പിന്തുണ നൽകുന്നതിനൊപ്പം പൊതുസേവനങ്ങൾ വിപുലീകരിക്കണമെന്ന നിലപാടാണ് ഖന്നയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.
2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഖന്നയുടെ തീരുമാനം പുറത്തുവരാനിരിക്കെ, ‘റൺ റോ’ പ്രചാരണം ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് പുതിയ ശ്രദ്ധ നേടിക്കൊടുക്കുകയാണ്.