Image

സാധാരണക്കാരുടെ മേയർ: ലോസ് ആഞ്ചലസിൽ ചരിത്രമെഴുതി മലയാളി നിത്യ രാമൻ

Published on 06 November, 2026
സാധാരണക്കാരുടെ മേയർ: ലോസ് ആഞ്ചലസിൽ ചരിത്രമെഴുതി മലയാളി നിത്യ രാമൻ

വാഷിങ്ടൺ: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിന്റെ മേയറായി മലയാളിയായ നിത്യ രാമൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജയായ ആദ്യ വ്യക്തിയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വ്യക്തിയുമാണ് ഈ പദവിയിലെത്തുന്നത്. നിലവിലെ മേയർ കാരൻ ബാസ് പരാജയം അംഗീകരിച്ച് നിത്യ രാമന് അഭിനന്ദനങ്ങൾ അറിയിച്ചു.

നവംബർ നാലിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ ഔദ്യോഗികമല്ലാത്ത വോട്ടെണ്ണൽ കണക്കുകൾ പ്രകാരം നിത്യ രാമന് 460,772 വോട്ടുകൾ (52.70 ശതമാനം) ലഭിച്ചു. കാരൻ ബാസിന് 413,519 വോട്ടുകളാണ് (47.30 ശതമാനം) ലഭിച്ചത്. 47,253 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിത്യയുടെ വിജയം. ബാലറ്റുകളുടെ എണ്ണൽ തുടരുന്നതിനാൽ കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

‘ലോസ് ആഞ്ചലസ്, നിങ്ങളുടെ അടുത്ത മേയറാകാൻ കഴിയുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്’ എന്നായിരുന്നു വിജയത്തിനു പിന്നാലെ നിത്യ രാമന്റെ പ്രതികരണം.

നിത്യയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച കാരൻ ബാസ് അധികാര കൈമാറ്റം സുഗമമാക്കാൻ സഹകരിക്കുമെന്ന് വ്യക്തമാക്കി. നഗരത്തിനുവേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും അവർ അറിയിച്ചു. തന്റെ ഭരണകാലത്തെ സേവനങ്ങൾക്ക് ബാസിനോട് നന്ദി പറഞ്ഞ നിത്യ, അവരുടെ നേതൃത്വത്തെയും ദീർഘകാല പൊതുപ്രവർത്തനത്തെയും അഭിനന്ദിച്ചു.

കേരളത്തിൽ ജനിച്ച നിത്യ ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്. ഹാർവഡ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ അവർ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് (എംഐടി) നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും നേടി. നഗരാസൂത്രണ വിദഗ്ധയായിരുന്ന നിത്യ ഭവനരഹിതരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായി SELAH Neighborhood Homeless Coalition എന്ന സംഘടനയുടെ സഹസ്ഥാപകയായി പ്രവർത്തിച്ചു.

2020ൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിത്യയുടെ രാഷ്ട്രീയ ജീവിതം ശ്രദ്ധ നേടിയത്. നഗരത്തിലെ നാലാം കൗൺസിൽ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച അവർ 2024ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായിരുന്നു അവർ.

ഭവനവിലയിലെ വർധന, ഭവനരഹിതരുടെ പ്രശ്നം, നഗരത്തിലെ പൊതുസേവനങ്ങളുടെ കാര്യക്ഷമത എന്നിവയായിരുന്നു നിത്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ. റോഡുകളിലെ കുഴികൾ നികത്തുക, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി മെച്ചപ്പെടുത്തുക, പൊലീസ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ വാഗ്ദാനങ്ങളും അവർ മുന്നോട്ടുവച്ചിരുന്നു.

നിത്യയുടെ വിജയത്തെ ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗം അഡ്രിൻ നസേറിയൻ അഭിനന്ദിച്ചു. കുടിയേറ്റക്കാരായി അമേരിക്കയിലെത്തി ജീവിതം കെട്ടിപ്പടുത്ത ഇരുവരുടെയും അനുഭവങ്ങൾ പരാമർശിച്ച അദ്ദേഹം, നിത്യയുടെ വിജയം അമേരിക്കൻ സ്വപ്നത്തിന്റെ ഉദാഹരണമാണെന്ന് പറഞ്ഞു. ജീവിതച്ചെലവ്, മധ്യവർഗത്തിന്റെ സാമ്പത്തിക സമ്മർദം, പൊതുഗതാഗതം, വിനോദവ്യവസായത്തിലെ തൊഴിൽ അവസരങ്ങൾ എന്നിവയിൽ പുതിയ മേയറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോസ് ആഞ്ചലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി നാഥൻ ഹോച്ച്മാനും നിത്യയെ അഭിനന്ദിച്ചു. നഗരത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ മേയറുമായും ഭരണസംവിധാനവുമായും സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ ജനിച്ച് അമേരിക്കയിൽ വളർന്ന ഒരു മലയാളി വനിത അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നിന്റെ ഭരണനേതൃത്വത്തിലെത്തുന്നത് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും മലയാളി സമൂഹത്തിനും അഭിമാനനേട്ടമാണ്.

Join WhatsApp News
C. Kurian 2026-11-06 08:50:14
Congratulations Nithya! The largest city also has an Indian American Mayor! Both of them are fighting for the poor and marginalized as they pave way for growth.
Jayan varghese 2026-11-06 12:55:28
ഒരു മലയാളി വനിത കൈവരിച്ച ചരിത്രപരമായ ഈ നേട്ടത്തിന്റെ പേരിൽ അവരെ അനുമോദിക്കുന്നു, അഭിമാനിക്കുന്നു. ഒരൊറ്റ മലയാളിയും ഒരക്ഷരം മിണ്ടാതെ വായിൽ പഴവും തള്ളി ഇരിപ്പാണല്ലോ ? പുറത്തു കടന്നു രക്ഷപ്പെടുന്ന ഞങ്ങിനെ വലിച്ചു കൂടയിലിടുന്ന ‘ ഞണ്ടൻ മലയാള ശീലം ‘ രക്തത്തിൽ ഉള്ളത് കൊണ്ടാണോ നമ്മുടെ പാവയ്ക്കാക്കുട്ടന്മാർ ആരും മിണ്ടാത്തത് ? ജയൻ വർഗീസ്.
Sunil 2026-11-06 14:59:44
Jayan Varghese, do not let your blood boil because other Malayalees don't express their happiness at the victory of Nithya Raman. She is a Marxist just like Mamdani. Even if she were my daughter, I will not support her because I love the United States. A Marxist wants to see the destruction of this great nation.
റെജീസ് നെടുങ്ങാ ഡ പ്പളളി🫣 2026-11-06 15:01:59
💥🔥അവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അമേരിക്കയുടെ മുഖ്യ ധാരാ രാഷ്ട്രീയത്തിൽ ഒരു ഭാരതീയ വേരുകൾ ഉള്ള, ഒരു മലയാളി വനിത,ഏറ്റവും വലിയ ഒരു നഗരത്തിന്റെ അധ്യക്ഷ പദവി വഹിക്കുക എന്നത് എല്ലാ ഭാരതീയ-അമേരിക്ക ക്കാർക്കും അഭിമാനം തന്നേ. ഇതു ചരിത്ര നേട്ടം എന്നു തന്നേ പറയണം. എക്കാലവും ഓർമ്മിക്കാൻ പറ്റിയത്. സ്വർണ്ണ ലിപികളിൽ തന്നേ എഴുതപ്പെടാൻ പോകുന്നത്. അതു പോലെ മറ്റെല്ലാ വിജയികളായ ഭാരതീയരും ആദരവ് അർഹിക്കുന്നു. പ്രത്യേകിച്ചും മിച്ചിഗനിലെ ആ ഇസ്ലാം സെനറ്ററും. 💪💪💪 ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക