Image

ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചെന്ന് ഇന്ത്യൻ വംശജൻ നരേഷ് ഭട്ട്

Published on 06 November, 2026
ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചെന്ന് ഇന്ത്യൻ വംശജൻ നരേഷ് ഭട്ട്

വാഷിങ്ടൺ: അമേരിക്കയിൽ കാണാതായ ഭാര്യ മംത കഫ്ലെ ഭട്ടിന്റെ മരണവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ് നരേഷ് ഭട്ട്. ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും, കണ്ടെത്തിയപ്പോൾ ജീവനുണ്ടായിരുന്നില്ലെന്നും പിന്നീട് മൃതദേഹം കഷണങ്ങളാക്കി ചവറ്റുകുട്ടകളിൽ നിക്ഷേപിച്ചെന്നും നരേഷ് കോടതിയിൽ മൊഴി നൽകി.

വിർജീനിയയിലെ മനാസസ് പാർക്കിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കൊലപാതക വിചാരണയിലാണ് 39കാരനായ നരേഷ് ഭട്ട് തന്റെ ഭാഗം വിശദീകരിച്ചത്. നേപ്പാൾ വംശജയായ 28കാരി മംത കഫ്ലെ ഭട്ടിനെ 2024 ജൂലൈയിലാണ് കാണാതായത്. നഴ്സായി ജോലി ചെയ്തിരുന്ന മംതയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

2024 ജൂലൈ 30ന് പുലർച്ചെ നാലുമണിയോടെ ഉറക്കമുണർന്നപ്പോൾ കിടപ്പുമുറിയിൽ ഭാര്യ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടതെന്ന് നരേഷ് മൊഴി നൽകി. ശരീരത്തിനരികിലും ഛർദിയിലും മരുന്നുകളുടെ അവശിഷ്ടങ്ങളും രക്തവും ഉണ്ടായിരുന്നുവെന്നും സമീപത്ത് കീടനാശിനിയുടെ പാക്കറ്റ് കണ്ടെന്നും ഇയാൾ പറഞ്ഞു. ഭാര്യയെ പുനരുജ്ജീവിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് മൊഴി.

എന്തുകൊണ്ട് അടിയന്തര സഹായത്തിനായി 911ൽ വിളിച്ചില്ലെന്ന അഭിഭാഷകന്റെ ചോദ്യത്തിന് ഭയം കാരണമായെന്നാണ് നരേഷിന്റെ മറുപടി. ഭാര്യയുടെ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം എങ്ങനെ മറച്ചുവയ്ക്കാമെന്ന ചിന്തയുണ്ടായെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.

ആദ്യം മൃതദേഹം പോട്ടോമാക് നദിയിൽ ഉപേക്ഷിക്കാനാണ് ആലോചിച്ചതെന്നും ഇതിനായി ഹോം ഡിപ്പോ ഉൾപ്പെടെയുള്ള കടകളിൽ പോയെന്നും നരേഷ് വെളിപ്പെടുത്തി. പിന്നീട് മൃതദേഹം വീട്ടിലെ ചവറ്റുകുട്ടയിൽ ഒതുങ്ങില്ലെന്ന് മനസ്സിലായതോടെ പവർ സോ ഉപയോഗിച്ച് ശരീരം മുറിക്കാൻ ശ്രമിച്ചെന്നും സമ്മതിച്ചു. മൃതദേഹം കഷണങ്ങളാക്കി മാലിന്യസഞ്ചികളിൽ നിറച്ച് വിവിധ സ്ഥലങ്ങളിലെ ചവറ്റുകുട്ടകളിൽ നിക്ഷേപിച്ചെന്നും മൊഴി നൽകി.

എന്നാൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണം നരേഷ് നിഷേധിച്ചു. മംത ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാളുടെ വാദം. കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നരേഷ് നേരിടുന്നത്. കുറ്റങ്ങൾ നിഷേധിച്ചാണ് വിചാരണ നേരിടുന്നത്.

അതേസമയം, നരേഷ് മൃതദേഹം ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ ഇയാൾ മാലിന്യസഞ്ചികൾ നിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ സഞ്ചികളിൽ മംതയുടെ ശരീരാവശിഷ്ടങ്ങളായിരുന്നുവെന്ന് തെളിയിക്കുന്ന ഫോറൻസിക് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന കാര്യവും വിചാരണയിൽ പ്രധാനമാണ്. മൃതദേഹം കണ്ടെത്താത്തതും കേസിൽ നിർണായകമായിട്ടുണ്ട്.

മംത ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 2024 ഓഗസ്റ്റ് 5നാണ് നരേഷ് ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയത്. ഓഗസ്റ്റ് 22ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കോടതിയിൽ നരേഷിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരിക്കുകയാണ്. ഭാര്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കൊലപാതകമാണെന്ന പ്രോസിക്യൂഷന്റെ ആരോപണവും തമ്മിലുള്ള നിയമപോരാട്ടം തുടരുകയാണ്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക