Image

നോര്‍ത്ത് അമേരിക്കയില്‍ മാര്‍ത്തോമ്മാ-സി.എസ്.ഐ-സി.എന്‍.ഐ സഭകളുടെ ഐക്യ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു.

പി.പി. ചെറിയാന്‍ Published on 09 November, 2026
നോര്‍ത്ത് അമേരിക്കയില്‍ മാര്‍ത്തോമ്മാ-സി.എസ്.ഐ-സി.എന്‍.ഐ സഭകളുടെ ഐക്യ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു.

ന്യൂയോര്‍ക്ക്/ ഡാളസ് : മലങ്കര മാര്‍ത്തോമ്മാ സഭയുടെ  ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ, സി.എസ്.ഐ, സി.എന്‍.ഐ സഭകള്‍ സംയുക്തമായി ആചരിക്കുന്ന ഐക്യ പ്രാര്‍ത്ഥനാ ദിനം നവംബര്‍ 8-ന് നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ ഇടവകകളില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടവകകളില്‍ പ്രാര്‍ത്ഥനാ ദിനം വിജയകരമായി സംഘടിപ്പിച്ചത്. 'മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍' (റോമര്‍ 12:2) എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്രമീകരിച്ചിരുന്നത്. ബാഹ്യമായ മാറ്റങ്ങളില്‍ മാത്രം ഒതുങ്ങാതെ, ദൈവവചനത്തിലേക്കുള്ള മടങ്ങിവരവിലൂടെയും പ്രാര്‍ത്ഥനാജീവിതത്തിലൂടെയും സഭയെയും വിശ്വാസികളെയും നവീകരിക്കുക എന്ന ശക്തമായ സന്ദേശമാണ് ദിനാചരണം നല്‍കിയത്.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ, സി.എസ്.ഐ, സി.എന്‍.ഐ എന്നീ സഭകള്‍ ചേര്‍ന്നുള്ള 'കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ' (CCI)-യുടെ കൂട്ടായ്മയും ശുശ്രൂഷയും സഭകളുടെ പരസ്പര ഐക്യത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു സാക്ഷ്യമാണെന്ന് വിവിധ ഇടവകകളില്‍ നിന്നുള്ള പ്രഭാഷകര്‍ ഓര്‍മ്മിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോള്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ഡാളസ് സി.എസ്.ഐ ഇടവക വികാരി റവ. ബൈജു ഈപ്പന്‍ മുഖ്യ സന്ദേശം നല്‍കി. ആരാധന കേവലം കാഴ്ചക്കാരുടെ ഒത്തുകൂടലല്ലെന്നും, മറിച്ച് ദൈവവചനത്തിലൂടെയുള്ള ആത്മപരിശോധനയ്ക്കും ആത്മീയ നവീകരണത്തിനുമുള്ള അവസരമായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ക്രിസ്തുവില്‍ ഒന്നായി ലോകത്തിന് സാക്ഷികളാകുക' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു അച്ചന്‍ ആത്മീയ ചിന്തകള്‍ പങ്കുവെച്ചത്.

വ്യത്യസ്ത ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും ഉണ്ടെങ്കിലും തിരുവെഴുത്തുകളിലൂടെയും ക്രിസ്തുവിലൂടെയും വിശ്വാസികള്‍ ഒന്നാകണമെന്ന് സന്ദേശം വ്യക്തമാക്കുന്നു. ബാബേല്‍ ഗോപുരത്തിലെ മനുഷ്യന്റെ സ്വാര്‍ത്ഥമായ ഐക്യത്തില്‍ നിന്ന് വ്യത്യസ്തമായി, പെന്തക്കോസ്ത് അനുഭവത്തിലെ ആത്മാവിന്റെ ഐക്യമാണ് സഭ മാതൃകയാക്കേണ്ടത്. സഭയില്‍ വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ പ്രതിഷ്ഠിക്കാതെ ക്രിസ്തുവിനെ മാത്രം കേന്ദ്രബിന്ദുവാക്കിക്കൊണ്ട് മുന്നേറേണ്ടതിന്റെ പ്രാധാന്യവും അച്ചന്‍ ഊന്നിപ്പറഞ്ഞു.

ആരാധനയിലും പ്രാര്‍ത്ഥനയിലും മാത്രം ഒതുങ്ങാതെ, പരസ്പരമുള്ള ക്ഷമയിലൂടെയും സ്‌നേഹത്തിലൂടെയും ആ വിശ്വാസജീവിതം മിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും ലോകത്തിന്റെ നന്മയ്ക്കായുള്ള സാക്ഷ്യത്തിലേക്കും വ്യാപിക്കണമെന്ന് പ്രസംഗം ആഹ്വാനം ചെയ്തു. 'കര്‍ത്താവേ, ഇതാ ഞാന്‍, എന്നെ അയക്കണമേ' എന്ന യെശയ്യാവിന്റെ സമര്‍പ്പണത്തോടെ ഓരോ വിശ്വാസിയും സ്വന്തം ജീവിതത്തെ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആഹ്വാനത്തോടെയാണ് അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്. സെന്റ് പോള്‍ മാര്‍ത്തോമ്മാ  വികാരി റവ രജിന്‍ രാജു സ്വാഗതവും ഇടവക സെക്രട്ടറി സോജി സ്‌കറിയാ നന്ദിയും പറഞ്ഞു.

ഐക്യ ഞായറാഴ്ചയോടനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും പ്രത്യേക ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. സഭയുടെ ആത്മീയ പുതുക്കത്തിനും വളര്‍ച്ചയ്ക്കും വേണ്ടി വിശ്വാസികള്‍ ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക