
ചിക്കാഗോ :പങ്കുവയ്ക്കലിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും ക്രൈസ്തവ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ CML യൂണിറ്റിന്റെ നേതൃത്വത്തിൽ ‘Threads of Love’ എന്ന പേരിൽ വസ്ത്രശേഖരണ പദ്ധതിക്ക് നവംബർ 8-ന് തുടക്കമായി. നവംബർ 8 ഞായറാഴ്ചത്തെ വിവിധ കുർബാനകൾക്ക് ശേഷം CML എക്സിക്യൂട്ടീവ് അംഗങ്ങളായ റിയ പരമ്പെട്ട്, ഫിലിപ്പ് നെടുംതുരുത്തി പുത്തൻപുരയിൽ, മിലാനിയ പാറേൽ എന്നിവർ പദ്ധതിയുടെ ലക്ഷ്യവും പ്രവർത്തനരീതിയും ഇടവകാംഗങ്ങൾക്ക് വിശദീകരിച്ചു. ലൂക്കാ 3:11-ലെ “രണ്ട് ഉടുപ്പുള്ളവൻ ഒന്നുമില്ലാത്തവന് ഒന്ന് കൊടുക്കട്ടെ” എന്ന തിരുവചനത്തിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കുട്ടികൾക്ക് വസ്ത്രങ്ങളും അവശ്യസാധനങ്ങളും നൽകുന്ന സന്നദ്ധസംഘടനയായ Cradles to Crayons-മായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരുടെ മീഡിയം സൈസ് വരെയുള്ളവർക്ക് അനുയോജ്യമായ പുതിയതോ നല്ല നിലയിൽ ഉപയോഗിച്ചതോ ആയ വേനൽക്കാല, ശൈത്യകാല വസ്ത്രങ്ങളാണ് ശേഖരിക്കുന്നത്. സ്വെറ്ററുകൾ, ജാക്കറ്റുകൾ, തൊപ്പികൾ, കൈയുറകൾ, സ്കാർഫുകൾ തുടങ്ങിയ ശൈത്യകാല വസ്ത്രങ്ങളാണ് കൂടുതൽ പരിഗണിക്കുന്നത് .നവംബർ 25 വരെയാണ് വസ്ത്രങ്ങൾ സ്വീകരിക്കുന്നത്. ഇതിനായി പ്രത്യേക കളക്ഷൻ ബോക്സ് church Hallway യിൽ സജ്ജമാക്കിയിട്ടുണ്ട്.

ഈ സംരംഭത്തിന്റെ സവിശേഷത, ഓരോ കുട്ടിയും സ്വന്തം വസ്ത്രശേഖരത്തിൽനിന്ന് ആവശ്യക്കാരനായ ഒരു സഹോദരനോ സഹോദരിക്കോ നൽകാൻ ഒരു വസ്ത്രം സ്വയം തിരഞ്ഞെടുക്കുന്നു എന്നതാണ്. അതോടൊപ്പം, വസ്ത്രം സ്വീകരിക്കുന്ന കുട്ടിക്കായി സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം അടങ്ങിയ ഒരു കുറിപ്പും നൽകുന്നു. ഇതിലൂടെ പങ്കുവയ്ക്കലിന്റെ മഹത്തായ മൂല്യം കുട്ടികളുടെ ഹൃദയങ്ങളിൽ വളർത്തുകയാണ് CML ലക്ഷ്യമിടുന്നത്. “നമുക്ക് രണ്ടുണ്ടെങ്കിൽ ഒന്നില്ലാത്തവനുമായി ഒന്ന് പങ്കുവയ്ക്കാം” എന്ന ക്രൈസ്തവ സന്ദേശം ജീവിതത്തിൽ പകർത്തിക്കൊണ്ട്, ഇടവകയിലെ കുട്ടികളും കുടുംബങ്ങളും ഈ കാരുണ്യസംരംഭത്തിൽ സജീവമായി പങ്കുചേരണമെന്ന് CML ഭാരവാഹികൾ അഭ്യർഥിച്ചു.