Image

ദല്‍ഹി പിടിക്കുന്ന യുവ പോരാളികള്‍ (ദേശീയ രാഷ്ട്രീയം: എം.കെ നാരായണമൂർത്തി)

Published on 09 November, 2026
ദല്‍ഹി പിടിക്കുന്ന  യുവ പോരാളികള്‍ (ദേശീയ രാഷ്ട്രീയം: എം.കെ നാരായണമൂർത്തി)

സ്മരണ വേണം,
ഗാന്ധി സ്മരണ...

ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ളാക്കാണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ ഭരണഘടനാ സൃഷ്ടാക്കൾ എഴുതി വച്ചത് ഭരണഘടന മുഴുവൻ വായിച്ചില്ലെങ്കിലും ആദ്യ പേജെങ്കിലും വരും കാലത്തെ ഭരണകർത്താക്കൾ വായിക്കട്ടെ എന്നു കരുതിയാകണം.ഇപ്പോൾ രാജ്യ തലസ്ഥാനത്ത് കാണുന്ന കാഴ്ചകൾ ആ സംശയത്തെ ബലപ്പെടുത്തുന്നുമുണ്ട്.ഗ്യാനേഷ് കുമാർ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തു കൂട്ടിയാണ് സംഘപരിവാരത്തിന്റെ കൂട്ടു മുന്നണിയെ അധികാരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നത് പകൽ പോലെ വ്യക്തം.പക്ഷേ ചെയ്തു കൂട്ടിയ തെറ്റുകൾ തിരുത്താൻ പറ്റിയ മാനസികാവസ്ഥയിലല്ല മോദിയും കൂട്ടരും.കാരണം ആ തെറ്റുകൾ അറിയാതെ സംഭവിച്ചതല്ല.സഖ്യ കക്ഷികളേയും ബി.ജെ.പിയിലെ തന്നെ ഉന്നത നേതാക്കളേയും ഇരുട്ടത്ത് നിറുത്തി മോഡി-ഷാ ദ്വയം ആസൂത്രണം ചെയ്ത  രാഷ്ട്രീയ  ഗൂഢാലോചനയുടെ ഉൽപ്പന്നമാണ് ഇത്  .ഗ്യാനേഷ് കുമാറിന് ഒരു ഏറാന്മൂളിയുടെ  റോളാണിവിടെയുള്ളത്.തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ടു പേർ കലഹിച്ചപ്പോൾ മാത്രമാണ് ഇതിന്റെ തെളിവുകൾ പുറത്ത് വന്നത്.പക്ഷേ അതിനും എത്രയോ മുമ്പ് ഈ വിഷയം ഈ രാജ്യത്തുയർത്തിയത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്.അന്ന് കോൺഗ്രസ്സിന്റെ ഭാഗത്ത് നിന്നു പോലും രാഹുലിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.

ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.പ്രതിപക്ഷവും സി.ജെ.പിയും മറ്റ് പൗരസംഘടനകളും തെരുവിലിറങ്ങി.ഇന്ത്യ ഒരു ലിബറൽ ജനാധിപത്യമാണെന്നാണ് പേരിനെങ്കിലും നമ്മൾ അവകാശപ്പെടുന്നത്.അത്തരം ഒരു ലിബറൽ ജനാധിപത്യത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.നമ്മുടെ പരിപാവനമായ ഭരണഘടന അത് ഉറപ്പ് നൽകുന്നുമുണ്ട്.പക്ഷെ നമ്മൾ ഡൽഹി തെരുവുകളിൽ കണ്ടതോ?ലോകത്തിലെ തന്നെ ഏറ്റവും മോശമായ പോലീസ് സേനയായ ഡൽഹി പോലീസിനേയും എഴുപതിനായിരത്തോളം അർദ്ധസൈനികരേയും അണിനിരത്തിയാണ് ആബാലവൃദ്ധം സമരക്കാരേയും സർക്കാർ അടിച്ചമർത്താൻ ശ്രമിച്ചത്.അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈനീസ് കടന്നു കയറ്റം തുടരുകയാണെന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ഡയറക്ടർ ജനറൽ ശത്രുജീത് സിംഗ് കപൂറിന്റെ പ്രസ്താവന വന്നത് ഈയിടെയാണ്.ഭാഗ്യത്തിന് അദ്ദേഹം രാജ്യദ്രോഹിയാണെന്ന് സംഘപരിവാരം ഇതു വരെ പറഞ്ഞിട്ടില്ല.ഈ അവസരത്തിൽ അതിർത്തി കാക്കേണ്ട അർദ്ധസൈനികരെ ഡൽഹിയിൽ സ്വന്തം നാട്ടുകാരെ തല്ലിച്ചതയ്ക്കാൻ ഉപയോഗിക്കുകയാണ്  സര്‍ക്കാര്‍ .

ഡൽഹിയിൽ സമാധാനപൂർവ്വം പ്രതിഷേധിക്കാനെത്തിയവരെ ഇന്ത്യൻ ഭരണകൂടം നേരിട്ട രീതി ഒരു ജനാധിപത്യ രാജ്യത്തിലും സംഭവിക്കാൻ പാടില്ലാത്തതാണ്.(മോദിയ്ക്കും കൂട്ടർക്കും ജനാധിപത്യത്തിന്റെ വാച്യാർത്ഥം പോലും മനസ്സിലായിട്ടില്ലെന്നത് വേറൊരു കാര്യം.)ഭരണഘ‌‌ടനയിലെ ആർട്ടിക്കിൾ 19(ഒന്ന്) (എ) പ്രകാരം സംസാര സ്വതന്ത്ര്യവും ആശയങ്ങൾ സ്വതന്ത്രമായി പങ്കുവയ്ക്കാനുള്ള അവകാശവും ഈ രാജ്യത്തെ ഓരോ പൗരനുമുണ്ട്.ആർട്ടിക്കിൾ 19(ഒന്ന്) (ബി) പ്രകാരം സമാധാനപരമായ സമരങ്ങൾക്കുള്ള അവകാശവും അവർക്ക് സ്വന്തം.ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം,ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കാൻ യഥാർത്ഥത്തിൽ അധികാര ദുര മൂത്ത ഫാസിസ്റ്റുകൾക്കേ സാധിക്കൂ.ഇത്തരത്തിൽ പ്രവർത്തിക്കാനാണ് 2023ൽ  ബി.ജെ.പി ഇന്ത്യൻ പീനൽ കോഡിന് പകരം ഭാരതീയ നാഗരിക് സുരക്ഷ സംഹിത കൊണ്ടു വന്നത്. അതിലെ സെക്ഷൻ 163 ഉപയോഗിച്ചാണ് സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഡൽഹി നഗരത്തെ കേന്ദ്ര സർക്കാർ ബന്ദിയാക്കിയത്.സമരം ചെയ്യുന്നവരെ ഇഷ്ടം പോലെ ലോക്കപ്പിലടക്കാനും അവർക്ക് നിയമസഹായം നിഷേധിക്കാനും അവർ എവിടെയാണെന്ന് വെളിപ്പെടുത്താതിരിക്കാനും ഡൽഹി പോലീസിന് സാധിച്ചത് ഈ വകുപ്പ് പ്രകാരമാണ്.ധ്രുവ് റാഠിയേയും നടൻ ഇമ്രാൻഖാനേയും രാജ്യത്തു നിന്നും ഡിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതും ഇതേ വകുപ്പിന്റെ തണൽ പറ്റിയാണ്.

വാസ്തവത്തിൽ മൂന്ന് ധാരകളുടെ ഏകോപനമാണ് ഡൽഹിയിലെ പ്രതിഷേധമുഖത്ത് നാം കാണുന്നത്.നീറ്റ് ക്രമക്കേടുകൾക്ക് എതിരെ സി.ജെ.പി ജന്തർമന്ദറിൽ നടത്തിയ ഐതിഹാസിക സമരം,ഇടതു പാർട്ടികൾ വിവിധങ്ങളായ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് രാജ്യമാകെ നടത്തി വന്നിരുന്ന സമരങ്ങൾ,വോട്ടു മോഷണത്തിനെതിരെ രാഹുൽ ഗാന്ധി രാജ്യ വ്യാപകമായി നടത്തി വന്ന പ്രചരണ പ്രവർത്തനങ്ങൾ എന്നിവയാണവ.രാജ്യത്തെ ജനാധിപത്യ സംവിധാനം അപകടത്തിലായപ്പോൾ ഈ ധാരകൾ ഒന്നിക്കുകയാണുണ്ടായത്.ഇതൊരു സ്വാഭാവിക രൂപാന്തരീകരണമാണ്.ചരിത്രത്തിൽ ഇത്തരം സ്വാഭാവിക പ്രക്രിയകൾ മുമ്പും നടന്നതു കൊണ്ടാണല്ലോ ബ്രിട്ടീഷുകാർക്ക് ഇന്ത്യ വിടേണ്ടി വന്നത്.അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സമരമുഖത്തേക്ക് ഒഴുകിയെത്തിയവരിൽ കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നു,സോഷ്യലിസ്റ്റുകൾ ഉണ്ടായിരുന്നു,നേതാജിയുടെ നേതൃത്വത്തിലെ സായുധ ചിന്തകൾ കൊണ്ടു നടന്നവർ ഉണ്ടായിരുന്നു,ദളിത് സംഘടനകളും മതസംഘടനകളും ഉണ്ടായിരുന്നു.ഇവർ ആ ഒറ്റമുണ്ടുടുത്ത് ഊന്നുവടിയുമായി മുന്നിൽ നിന്ന് നയിച്ച മനുഷ്യനെ ആരാധിച്ചതും അനുസരിച്ചതും അദ്ദേഹത്തിന്റെ ജനാധിപത്യ ബോധത്തെ തിരിച്ചറിഞ്ഞതു കൊണ്ടാണ്.ഇതേ തിരിച്ചറിവാണ് ഇപ്പോൾ ഡൽഹിയിൽ സമരം ചെയ്യുന്നവർക്കുമുള്ളത്.അവർ രാഹുൽ ഗാന്ധിയേയും നേഹാ ബോറയേയും ഐഷീ ഘോഷിനേയും ദീപ്കെയേയും സൗരവ് ദാസിനേയും എം.എ ബേബിയേയും വിശ്വസിക്കുന്നു.ഈ വിശ്വാസ്യതയെയാണ് ഭരണകൂടം പേടിക്കുന്നത്.

കോൺഗ്രസ്സിനേയും രാഹുൽ ഗാന്ധിയേയും എല്ലാത്തരത്തിലും താഴ്ത്തി കെട്ടുന്ന പ്രസ്താവനകളിറക്കുന്നത് ബി.ജെ.പിയുടെ മൂന്നാം കിട നേതാക്കൾ പോലുമാണ്.ഇന്നു വരെ ആരും കേട്ടിട്ടില്ലാത്ത പല ബി.ജെ.പി നേതാക്കളും വായിൽ വരുന്നത് വിളിച്ചു പറയുന്നു.പക്ഷേ തികഞ്ഞ പ്രത്യയശാസ്ത്ര ബോധ്യവും വീക്ഷണവുമുള്ള രാഹുൽ അതിനൊന്നും മറുപടി പറയാൻ പോകാത്തത് സംഘപരിവാരത്തിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.സ്വാതന്ത്ര്യ സമരത്തെ യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെ വഞ്ചിക്കുകയും ബ്രിട്ടീഷ് രാജ്ഞിയോട് മാപ്പിരക്കുകയും ചെയ്ത സംഘപരിവാര പാരമ്പര്യത്തിന് നെഹ്റുവിന്റെ പിൻഗാമിയെ മനസ്സിലാക്കാൻ സാധിക്കില്ല.രാഹുൽ ഗാന്ധിയ്ക്ക് പിന്നിൽ ദേശദ്രോഹികളാണെന്നും അദ്ദഹത്തിന് പണം നൽകുന്നത് വിദേശ ശക്തികളാണെന്നും പറയാൻ സ്വാഭിമാനം ഉള്ളവർക്ക് കഴിയില്ല.എന്തിലും ഏതിലും പണം മാത്രം കാണുന്ന ബി.ജെ.പിയിലെ പുത്തൻ ബാബമാർക്ക് അത്തരത്തിൽ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ.അതു കൊണ്ടാണല്ലോ അയോദ്ധ്യയിലെ രാമക്ഷേത്ര ഭണ്ഡാരത്തിൽ നിന്നു വരെ അവർ കൈയ്യിട്ടു വാരിയത്.1991 മേയ് ഇരുപത്തൊന്നിന് സ്വന്തം പിതാവിന്റെ ചിന്നിചിതറിയ മൃതദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ രാഹുൽ ഗാന്ധി കേവലമൊരു ഇരുപതുകാരനായിരുന്നു.ഇതൊന്നും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കാൻ വികലമായ ഹിന്ദുത്വ രാഷ്ട്രീയത്തെ കച്ചവടം ചെയ്തു ജീവിക്കുന്ന സംഘപരിവാരത്തിന് സാധിക്കില്ല.രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നത് ദേശവിരുദ്ധരുമായി ചർച്ച നടത്താനാണെന്നാണ് ഒരു കേന്ദ്ര മന്ത്രി പറഞ്ഞത്.ഇന്റർപോളും വിവിധങ്ങളായ അന്വേഷണ ഏജൻസികളും കൈയ്യിലുള്ളത് ഇപ്പോൾ നിർഭാഗ്യവശാൽ മോദിക്കാണല്ലോ.തെളിവുണ്ടെങ്കിൽ അവർ രാഹുലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം.അല്ലാതെ ഉത്തരേന്ത്യയിലെ നിരക്ഷരരെ പറ്റിക്കാനായി എന്തും വിളിച്ചു പറഞ്ഞ് വഷളൻ ചിരിയുമായി നടക്കരുത്.കേന്ദ്ര പെട്രാളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായിരുന്ന എപ്സ്റ്റീനുമായി ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ ചിത്രങ്ങൾ പുറത്തു വിട്ടത് അമേരിക്കയിലെ ഉത്തരവാദിത്വമുള്ള ഏജൻസികളാണ്.ഇവിടെയും നിലവാരമില്ലാത്ത കമന്റുകളുമായി രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ രംഗത്ത് വന്നിട്ടില്ല.അവർ വരികയുമില്ല.

ഇതുപോലെ ഡൽഹിയിലെ വിദ്യാർത്ഥികൾക്കിടയിൽ മാത്രം പ്രിയങ്കരിയായിരുന്നയാളാണ് നേഹാ ബോറെയെന്ന ഇരുപത്തിയൊമ്പതുകാരി.തന്റെ രാഷ്ട്രീയ നിലപാടുകളിലെ കണിശത കൊണ്ടു മാത്രമാണ് ഇന്ന് നേഹ ഇന്ത്യയാകെ അറിയപ്പെടുന്നത്.സി.പി.ഐ-എം.എല്ലിന്റെ വിദ്യാർത്ഥി വിഭാഗമായ ഐസയുടെ ദേശീയ അധ്യക്ഷയാണ് അവർ.ഉത്തരാഖണ്ഡിലെ ഖാത്തിമിൽ ഒരു ആർമി ഓഫീസറുടെ മകളായി പിറന്ന ഈ പെൺകുട്ടി ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദവും അംബ്ദേക്കർ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം ജെ.എൻ.യുവിലെ സ്കൂൾ ഓഫ് ആർട്സ് ആന്റ് ഏസ്തറ്റികിസിൽ ഗവേഷണ വിദ്യാർത്ഥിനിയാണിപ്പോൾ.ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്ദറിൽ സി.ജെ.പി സമരത്തോടൊപ്പം ഇരുപത്തിമൂന്ന് ദിവസം നിരാഹാരം കിടന്നപ്പോഴാണ് ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ നേഹയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.പോലീസ് ഭീഷണികൾക്ക് വഴങ്ങാതെ സമരമുഖത്ത് നിൽക്കാനും നയിക്കാനുമുളള കഴിവ് നേഹയ്ക്ക് വിദ്യാർത്ഥികൾക്കിടയിൽ വലിയ അംഗീകാരം നേടിക്കൊടുത്തു.സമാധാന ബോണ്ട് ഒപ്പിടണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ നേഹ സമാധാനപൂർവ്വം നിരാകരിച്ചു.ഇവിടെ അവർ ഉയർത്തിയ ചോദ്യങ്ങൾ ഏതൊരു ജനാധിപത്യവാദിയേയും ചിന്തിപ്പിക്കുന്നതാണ്.സമരം നടത്താൻ അധികാരികളുടെ അനുവാദം വേണമെന്ന വ്യവസ്ഥ തന്നെ ചിരിപ്പിക്കുന്നതാണ്.അതിനു വേണ്ടി ബോണ്ട് ഒപ്പിടണമെന്ന് പറയണമെന്ന മനോഭാവം ഫാസിസ്റ്റുകൾക്ക് മാത്രമേ മനസ്സിലാകുകയുള്ളൂ.ബ്രിട്ടീഷ് സർക്കാരിന്റെ അനുവാദം വാങ്ങിയല്ല ഗാന്ധിജി ദണ്ഡിയാത്ര നടത്തിയതെന്ന സാമാന്യ വിവരമെങ്കിലും മജിസ്ട്രേറ്റിന്റെ കസേരയിലിരിക്കുന്ന നിയമത്തിന്റെ കാവലാളിന് വേണം.സമരക്കാരെ പേടിച്ച് ജന്തർമന്ദർ അടച്ചു പൂട്ടാൻ തീരുമാനിച്ചത് എല്ലാ സാമാന്യ മര്യാദകളേയും പോലീസ് രാജിൽ മുക്കിക്കൊന്നു കൊണ്ടാണ്.രാജ്യത്തിന്റെ പൊതു സ്വത്തിൽ രാജ്യത്തെ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ചാൽ പ്രതിഷേധത്തിന്റെ മുനയൊടിക്കാമെന്ന മൗഢ്യത്തെ മാധ്യമങ്ങൾക്ക് തുറന്നു കാട്ടിയത് നേഹയാണ്.മോഡിയുടെ വിശ്വസ്തരായ ഗോഡി മീഡിയ നേഹയുടെ പത്രസമ്മേളനത്തെ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നത് നാം ലൈവായി കണ്ടു.ഗോഡി മീഡിയ പലതരത്തിൽ വ്യക്തിഹത്യ നടത്താൻ നോക്കിയപ്പോഴും നേഹാ ബോറയെന്ന യുവനേതാവ് വളർച്ചയിലേക്ക് കുതിക്കുകയായിരുന്നു.അതു കൊണ്ടാണ് രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയപ്പോൾ നേഹയേയും ഐഷിഘോഷിനേയും മുന്നിൽ നിറുത്തിയത്.കേവലമായ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഈ അപകടഘട്ടത്തിൽ യാതൊരു പ്രസക്തിയുമില്ലെന്ന് മനസ്സിലാക്കിയ ഈ യുവരക്തങ്ങൾ അവസരത്തിനൊത്ത് ഉയരുകയും ചെയ്തു.ഏതു സംഘടനയിൽ പെട്ടവർ പ്രതിഷേധിക്കാനെത്തിയാലും അവർക്ക് പിന്തുണയുമായി പോലീസ് മർദ്ദനമേറ്റു വാങ്ങാൻ ഇവർ രണ്ടു പേരും പോർമുഖത്തുണ്ട്.പശ്ചിമബംഗാളിൽ നിന്നുള്ള ഐഷി ഘോഷ് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടുമായിരുന്നു.2020 ൽ ബി.ജെ.പിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഡൽഹി എയിംസിലെ ചികിൽസയിൽ ജീവൻ നിലനിറുത്തിയ ആളുമാണ്.

ഇന്ത്യയിലെ കോടതികളെ നോക്കുക്കുത്തികളാക്കാനുള്ള ശ്രമങ്ങൾ സംഘപരിവാരം ആരംഭിച്ചിട്ട് കുറച്ച് കാലങ്ങളായി.ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടരുതെന്നും ഇന്റർനെറ്റ് നിരോധിക്കരുതെന്നും ഉത്തരവിട്ടത് സുപ്രീം കോടതിയാണ്.ഈ ഉത്തരവിന് ഡൽഹി പോലീസ് പുല്ലുവില കൽപ്പിച്ചില്ല.പകരം അവരുടെ തൊടുന്യായങ്ങൾ ആവർത്തിക്കുകയായിരുന്നു.മാപ്പിരക്കാൻ യാതൊരു മടിയുമില്ലാത്ത സംഘപരിവാരത്തിന്റെ ഏജന്റായ കേന്ദ്ര കാബിനറ്റ് സെക്രട്ടറി സുപ്രീം കോടതിയിലെത്തി മാപ്പ് പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങൾ നിയമവിരുദ്ധമായി നടപ്പിലാക്കിയ ശേഷം മാപ്പ് പറയുന്ന തന്ത്രം ബി.ജെ.പി പലയിടത്തും ഇതിനു മുമ്പും പ്രയോഗിച്ചിട്ടുണ്ട്.അതിനവർ തങ്ങളുടെ അടിമകളായ ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയും അവരെ ബലിയാടുകളാക്കുകയും ചെയ്യും.നീതിയും ന്യായവും നടപ്പാക്കാതിരിക്കാനാണല്ലോ തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അവർ ഒഴിവാക്കിയത്.ജസ്റ്റിസ് ചന്ദ്രചൂഢിനെ പോലുള്ള ഏറാൻമൂളികളായ ജ‍ഡ്ജിമാർ ഇതിനെല്ലാം കൂട്ടു നിൽക്കുകയും ചെയ്തു.റിട്ടയേർഡ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ പുറത്ത് വരാൻ പോകുന്ന പുസ്തകത്തിൽ ഇതെല്ലാം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.നിയമവാഴ്ചയോട് ഇത്രയധികം മമതയില്ലാത്ത ഒരു ഭരണകൂടം ഇതിന് മുമ്പ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല.ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാക്രമണ കേസുകൾ നിലവിലുള്ള ജനപ്രതിനിധികളിൽ മുൻപന്തിയിൽ നിൽക്കുന്നത് ബി.ജെ.പി യിൽ‌ നിന്നുള്ള എം.പി മാരും എം.എൽ.എമാരുമാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

രാഹുൽഗാന്ധിയും കോൺഗ്രസ്സും അടുത്ത മുപ്പത് വർഷത്തേക്ക് അധികാരത്തിൽ വരില്ലെന്നാണ് അമിത് ഷാ ഡൽഹിയിൽ പറഞ്ഞത്.അധികാരം ലഭിച്ചിട്ട് മൂന്ന് വെള്ളിയാഴ്ച മാത്രമേ ബി.ജെ.പിയ്ക്ക് ആയിട്ടുള്ളൂ.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാനൂറ് സീറ്റെന്നും പറഞ്ഞിറങ്ങിയതാണ്.അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ചന്ദ്രബാബു നായിഡുവിന്റേയും നിതീഷ് കുമാറിന്റേയും തോളിലേറിയാണ് ഇപ്പോൾ ഭരിക്കുന്നത്.അവരുടെ വോട്ടുകൾ മോഷ്ടിക്കുന്നത് അവരുടെ അണികൾക്കിടയിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്.ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിൽ ചന്ദ്രബാബു നായിഡു സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കാനെത്തിയ കേന്ദ്ര ധനമനമന്ത്രി നിർമ്മല സീതാരാമനെ കൂകിവിളിച്ച് പറഞ്ഞു വിട്ടത് നായിഡുവിന്റെ പാർട്ടിയായ തെലുങ്ക്ദേശംകാർ തന്നെയായിരുന്നു.വർത്തമാനം പിന്നെയാകാം ആദ്യം തൊഴിലും ഞങ്ങളുടെ വെട്ടിയ മാറ്റിയ വോട്ടും തരൂ എന്നാണവർ ആക്രോശിച്ചത്.ബീഹാറിൽ പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞു.സ്വന്തം നിലനിൽപ്പ് അവതാളത്തിലാകുമെന്ന് കണ്ടാൽ മുൻപിൻ നോക്കാതെ മറുകണ്ടം ചാടുന്നവരാണിവർ.ഇ.ഡിയെ കാണിച്ച് പേടിപ്പിക്കാൻ പറ്റിയ ആരും ഇവരുടെ കൂട്ടത്തിലില്ല.പ്രഖ്യാപിത ഗുണ്ടാ നേതാക്കളും താനിത്ര പേരെ കൊന്നു എന്ന് പരസ്യമായി പറയുകയും ചെയ്യുന്നവരാണ് ജെ.ഡി(യു)ലേയും തെലുങ്ക്ദേശം പാർട്ടിയിലേയും പല  നേതാക്കളും , അവരെ കണ്ടു കൊണ്ടാണ് അമിത്ഷാ മുപ്പത് വർഷത്തെ കിനാവു കാണുന്നതെങ്കിൽ അത് ഈ രാജ്യത്തെ ജെൻസീയേയും ജെൻ ആൽഫയേയും വിലകുറച്ച് കാണലാകും.മണിപ്പൂരിൽ ബി.ജെ.പി മുഖ്യമന്ത്രിയുടെ വീടിന് തീയിട്ടത് ഇക്കഴിഞ്ഞ മാസം 24-ാം തീയതിയായിരുന്നു.മറ്റ് മൂന്ന് ബി.ജെ.പി എം.എൽ.എമാരുടെ വാഹനങ്ങൾ തകർക്കുകയും ചെയ്തു.നാട്ടുകാർക്ക് അത്രമേൽ സഹിക്കാൻ കഴിയാത്ത രീതിയിലേക്ക് മണിപ്പൂരിൽ കാര്യങ്ങളെത്തിച്ചതിന് ലഭിച്ച സമ്മാനങ്ങളാണിവ.സ്വന്തം നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കാൻ ബി.ജെ.പിക്കാർക്കും അവരോടൊപ്പം പോകുന്നവർക്കും മാത്രമേ കഴിയൂ.ബംഗാളിൽ മമതയുടെ കൂടെ നിന്ന് ജയിച്ച ശേഷം മറുകണ്ടം ചാടിയ ഒരു എം.പിയ്ക്ക് സ്വന്തം മണ്ഡലത്തിലും വീട്ടിലും പോകാൻ വയ്യാത്ത അവസ്ഥയാണ്.പശ്ചിമബംഗാളിന്റെ വടക്കൻ മേഖലയിലെ കുച്ച് ബീഹാർ ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ച ജഗദീഷ്ചന്ദ്ര വർമ്മ ബസൂനിയക്കാണ് ഈ ഗതികേട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക