Image

ജനാധിപത്യവും സമ്പദ്‌വ്യവസ്ഥയും മനുഷ്യാന്തസ്സും പൊതുനന്മയും കാത്തുസൂക്ഷിക്കാനുതകുന്നതാകണം: ലിയോ പതിനാലാമൻ പാപ്പാ

Published on 09 November, 2026
ജനാധിപത്യവും സമ്പദ്‌വ്യവസ്ഥയും മനുഷ്യാന്തസ്സും പൊതുനന്മയും കാത്തുസൂക്ഷിക്കാനുതകുന്നതാകണം: ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പായും അർജന്റീനയുടെ പ്രസിഡന്റ് ഹവിയെർ മിലേയിയും (VATICAN MEDIA)

 

ലിയോ പതിനാലാമൻ പാപ്പായും അർജന്റീനയുടെ പ്രസിഡന്റ് ഹവിയെർ മിലേയിയും (VATICAN MEDIA)

 

അധികാരം സേവനത്തിനുപയോഗിക്കാനും, ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും, മനുഷ്യന്റെ ക്ഷേമത്തിനുതകുന്ന സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. തെക്കേ അമേരിക്കയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ അർജന്റീനയിൽ നവംബർ 8 ഞായറാഴ്ച എത്തിയ പാപ്പാ, അവിടുത്തെ തന്റെ ആദ്യ ഔദ്യോഗിക പൊതുചടങ്ങായിരുന്ന, രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

അർജന്റീനയിൽ, പ്രസിഡന്റ് ഹവിയെർ മിലേയിയും രാഷ്ട്രീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും പൊതു സമൂഹത്തിലെ പ്രമുഖരും പങ്കെടുത്ത, രാജ്യത്തെ തന്റെ പ്രഥമ ഔദ്യോഗിക ചടങ്ങിൽ, ജനാധിപത്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കുക, പൊതുനന്മയും സേവനവും ലക്ഷ്യമാക്കി അധികാരവും സമ്പദ്‌വ്യവസ്ഥയും ഉപയോഗിക്കുക, തൊഴിൽമേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കുക, അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുക, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ധാർമ്മികത കാത്തുസൂക്ഷിക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ലിയോ പതിനാലാമൻ പാപ്പാ പരാമർശിച്ചു.

ജനാധിപത്യം പൊതുവായ ഉത്തരവാദിത്വം

ജനാധിപത്യം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പറഞ്ഞ പാപ്പാ, അഭിപ്രായവ്യത്യാസങ്ങളെ മാനിക്കുകയും, മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം കേൾക്കുകയും, നിയമവ്യവസ്ഥയിലും പൊതുസഥാപനങ്ങളിലും നീതിപൂർവ്വമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയും വേണമെന്ന് ഓർമ്മിപ്പിച്ചു. ഓരോ തലമുറയ്ക്കും പൈതൃകമായി ലഭിക്കുന്ന ജന്മനാട്, വരും തലമുറകൾക്കായി പരിപാലിക്കുകയും ഉത്തരവാദിത്വപൂർവ്വം കൈമാറുകയും ചെയ്യാനുള്ള ഉത്തരവാദിത്വം എല്ലാവരുടേതുമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

അധികാരം സേവനമായി കാണാനും, സ്വന്തം താത്പര്യങ്ങളേക്കാൾ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാനും അധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മനുഷ്യകേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥ

അർജന്റീനയിൽ തൊഴിൽ, സാമൂഹികമേഖലകളിൽ നിലനിൽക്കുന്ന പരിമിതികളുടെ പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും, തന്റെ കഴിവുകൾ വികസിപ്പിക്കാനും, രാജ്യത്തിൻറെ പുരോഗതിയിൽ പങ്കുചേരാനുമുള്ള അവസരമാണ് ഇതുവഴി വ്യക്തികൾക്ക് ലഭിക്കുന്നത്.

സമ്പദ്‌വ്യവസ്ഥ മനുഷ്യന് വേണ്ടിയാകണമെന്നും, മനുഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടിയാകരുതെന്നും ഓർമ്മിപ്പിച്ച പാപ്പാ, സാമ്പത്തിക വളർച്ചയുടെ കേന്ദ്രബിന്ദു മനുഷ്യന്റെ ക്ഷേമവും പൊതുനന്മയുമായിരിക്കണമെന്ന് പ്രസ്താവിച്ചു.

യുവാക്കളും കുടിയേറ്റവും

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുവാക്കൾ രാജ്യം വിടേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നത് ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണെന്ന് പാപ്പാ പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സർവകലാശാലകൾ, ഗവേഷണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതുവഴി, യുവാക്കൾക്ക് സ്വന്തം രാജ്യത്തുതന്നെ ഭാവി കെട്ടിപ്പടുക്കാനുള്ള സാഹചര്യം ഒരുക്കാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മനുഷ്യാന്തസ്സും ജീവനും പ്രാധാന്യം നൽകുക

കുടുംബത്തിന്റെ പ്രാധാന്യവും മനുഷ്യജീവിതത്തിന്റെ മൂല്യവും പരാമർശിച്ച പരിശുദ്ധ പിതാവ്, ജനനം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവിതത്തെ സംരക്ഷിക്കണമെന്നും രോഗികൾക്കും ഭിന്നശേഷിക്കാർക്കും ദുരിതമനുഭവിക്കുന്നവർക്കും മാന്യമായ പരിചരണവും ശുശ്രൂഷയും സേവനങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്തു.

അഴിമതിയും കുറ്റകൃത്യങ്ങളും

മയക്കുമരുന്ന്, ആയുധങ്ങൾ തുടങ്ങിയവയുടെ അനധികൃത കടത്ത് തുടങ്ങി, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, അഴിമതി തുടങ്ങിയ തിന്മകൾ സമൂഹത്തിന്റെ സമാധാനത്തിനും വിശ്വാസത്തിനും ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പാ, ഇത്തരം വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ശക്തമായ സ്ഥാപനങ്ങളും അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു.

സാങ്കേതികവിദ്യയും ധാർമ്മികതയും

നിർമ്മിതബുദ്ധിയുടേത് (AI) ഉൾപ്പെടെ സാങ്കേതികരംഗത്തെ മാറ്റങ്ങളും വളർച്ചയും ധാർമ്മിക ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ടവയാണെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, പ്രകൃതിവിഭവങ്ങൾ സ്വാർത്ഥതാത്പര്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യാതെ സമൂഹത്തിന്റെ പൊതുനന്മയും ക്ഷേമവും ലക്ഷ്യമാക്കി ഉപയോഗിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു.

ഫ്രാൻസിസ് പാപ്പായുടെ നാട്

അർജന്റീനയിൽ ജനിച്ച തന്റെ മുൻഗാമി ഫ്രാൻസിസ് പാപ്പായെ ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രത്യകമായി  അനുസ്മരിച്ചു. അദ്ദേഹം ജീവിതയാത്ര ആരംഭിച്ച മണ്ണിലേക്ക് പാപ്പാ എന്ന നിലയിൽ എത്താൻ കഴിഞ്ഞത് പ്രത്യേക അനുഭവമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

ദേശീയ ഐക്യം പരിശുദ്ധ അമ്മ

ദേശീയ ഐക്യം ശക്തിപ്പെടുത്താനും ഭാവിയെ പ്രതീക്ഷയോടെ കാണാനും അർജന്റീനയിലെ രാഷ്ട്രീയനേതൃത്വത്തെയും പൊതുജനത്തെയും ആഹ്വാനം ചെയ്ത പാപ്പാ, ലുഹാൻ മാതാവിന്റെ മാധ്യസ്ഥ്യം തേടിയുള്ള പ്രാർത്ഥനയോടെയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക