Image

ഉപ്പിട്ട ചായയുടെ മധുരം (സിക്കിം യാത്ര 12: സുഭാഷ് വലവൂര്‍)

Published on 09 November, 2026
ഉപ്പിട്ട ചായയുടെ മധുരം (സിക്കിം യാത്ര 12: സുഭാഷ് വലവൂര്‍)

സിക്കിം യാത്രയുടെ സമയപ്പട്ടിക നാട്ടിലിരുന്നാണ് തയ്യാറാക്കിയത്. അതിനാൽ ചെറിയ പാകപ്പിഴകൾ ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ ഉദ്ദേശിച്ച സമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയില്ല. ചിലയിടത്താകട്ടെ വിചാരിച്ചതിനേക്കാൾ എളുപ്പം എത്തിയതുകൊണ്ട് സുലഭമായ ഇടവേള കിട്ടുകയും ചെയ്‌തു. അങ്ങനെ കിട്ടിയ ഒരിടവേളയിൽ ഏതെങ്കിലും ഗ്രാമങ്ങളിൽ പോകാൻ കഴിയുമോ എന്ന് റോബിന്ദ്രയോട് ചോദിച്ചു. അയാൾ സമ്മതിച്ചു. വഴിവക്കിൽ ഒരിടത്തു വിട്ടു. അവിടുന്ന് താഴോട്ട് കുറച്ചിറങ്ങിച്ചെന്നാൽ മലഞ്ചെരിവിലുള്ള ഒരു ഗ്രാമം കാണാമെന്ന് പറഞ്ഞു. റോബിന്ദ്രയ്ക്ക് ആസ്മാ രോഗമായതുകൊണ്ട് ഇറങ്ങിവന്നാൽ തിരിച്ചുള്ള കയറ്റം പ്രശ്നമാണെന്ന് പറഞ്ഞതുകൊണ്ട് ഞാൻ തനിയെ ഇറങ്ങി നടന്നു. അതായിരുന്നു 'ദരാപ്' എന്ന ഗ്രാമം.

കുത്തനെയുള്ള ഇറക്കത്തിലാണ് ഗ്രാമം. ഏലച്ചെടികളുടെ ഇടയിലുള്ള ആദ്യം കണ്ട ചെറിയ ഒറ്റയടിപ്പാതയിലൂടെയാണ് കുന്നിറങ്ങിയത്. കുറച്ചു നടന്നപ്പോൾ ചെറിയ വീടുകൾ അങ്ങിങ്ങായും ചിലത് ഒന്നിച്ചും കണ്ടു തുടങ്ങി. അവയ്ക്കരികിലൂടെയും ചിലയിടത്ത് ഇടയിലൂടെയും കടന്നുപോകുന്ന ചെറിയ വഴിയിലൂടെ നടന്നുനോക്കി. അധികം ആളനക്കം കണ്ടില്ല. അങ്ങനെ നടക്കുമ്പോൾ ഒരു പലകയിൽ ഇംഗ്ലീഷിൽ കറുത്ത മഷികൊണ്ട് സാധാരണ കൈപ്പടയിൽ ഒരു ബോർഡ് കണ്ടു. ഒരു വീടിനുചുറ്റും തയ്യാറാക്കിയ മരുന്നുചെടികളുടെ ഒരു തോട്ടമായിരുന്നു അത്.

മരുന്നു ചെടികളിൽ കൗതുകമുള്ള ഒരു നാട്ടുകാരൻ സ്വന്തം ചെലവിൽ ചെടികൾ ശേഖരിച്ച് പ്രദർശിപ്പിച്ചിരിക്കുകയാണ്. എന്നുമാത്രമല്ല പലരുടേയും സഹായത്തോടെ അവയുടെ ശാസ്‌ത്രീയനാമം, ഇംഗ്ലീഷ് നാമം, നാട്ടുപേര് എന്നിവ എഴുതി വെച്ചിട്ടുമുണ്ട്. കാലപ്പഴക്കം കൊണ്ട് ബോർഡുകൾ ചിലത് മങ്ങിപ്പോയിട്ടുണ്ടെന്നു മാത്രം. അയാളുടെ ശ്രമങ്ങൾക്ക് സന്ദർശകരോട് സഹായം ചോദിച്ചുകൊണ്ടുള്ള ഒരു ബോർഡും കൂട്ടത്തിൽ കാണാം. ഹാങ്‌ഷു സുബ്ബ എന്ന ചെറുപ്പക്കാരനാണ് ഈ മരുന്നു തോട്ടം നിർമ്മിച്ചതും പരിപാലിക്കുന്നതും. 'ഹെർബൽ മാൻ' എന്നാണ് ഹാങ്‌ഷു അറിയപ്പെടുന്നതെന്ന് സിക്കിമിൽ നിന്നു തിരിച്ചുവന്ന ശേഷമാണ് അറിഞ്ഞത്. സുബ്ബ എന്നത് പൊതുവെ ലിംബു സമുദായത്തിലെ ഗ്രാമത്തലവനു നൽകുന്ന സ്ഥാനപ്പേരാണ്. അയാളപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. തോട്ടം കണ്ടു കഴിഞ്ഞപ്പോൾ ആ വീട്ടിൽ കണ്ട ഒരമ്മയോട് ആംഗ്യഭാഷയിൽ സംസാരിച്ചു.  അവർക്ക് നേപ്പാളി മാത്രമേ അറിയാമായിരുന്നുള്ളൂ. ബോർഡ് ചൂണ്ടിക്കാട്ടി കുറച്ചുപണം അവരുടെ കൈയിൽ നൽകി.

അൽപ്പനേരം കൂടി തോട്ടത്തിൽ ചെലവഴിച്ചശേഷം അടുത്തെവിടെയെങ്കിലും ചായ കിട്ടുമോ എന്നു ചോദിച്ചു.  ഇങ്ങോട്ടു ചോദിക്കേണ്ടിയിരുന്നതാണല്ലോ എന്നുള്ള അങ്കലാപ്പിൽ അവർ എന്നെ വേഗം അവരുടെ കുടിലിന്റെ അടുത്തുള്ള ചായിപ്പിലേയ്ക്ക് വിളിച്ചിരുത്തി. പഞ്ചസാരയില്ലെന്ന് വിഷമത്തോടെ നേപ്പാളി ഭാഷയിൽ അറിയിച്ചു. അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന മിടുക്കിയായ കൊച്ചുമകൾ അത് ഹിന്ദിയിൽ പരിഭാഷപ്പെടുത്തി തന്നു. ഉപ്പിടട്ടെ എന്നു ചോദിച്ചു.  പണ്ട് ബദരീനാഥിന് അടുത്തുള്ള ഘാട്ട് എന്ന ഗ്രാമത്തിൽ നിന്നു കഴിച്ച ഇടിച്ചായയുടെ ഓർമ്മയിൽ ആയിക്കോട്ടെ എന്നു പറഞ്ഞു.  അങ്ങനെ ഉപ്പിട്ട നല്ലൊരു  ചായ അവിടെനിന്നും കുടിച്ചു. എത്രയൊക്കെ കാഴ്ച്ചകൾ കണ്ടാലും ഒരു യാത്രകഴിഞ്ഞുവരുമ്പോൾ അതിനിടയിൽ നാമെപ്പോഴെങ്കിലും അനുഭവിച്ച സ്‌നേഹ സൗഹൃദങ്ങളായിരിക്കും ദീർഘകാലം ഓർമ്മയിൽ തങ്ങിനിൽക്കുക.

സിക്കിമിലെ ലിംബു സമുദായക്കാർ മാത്രം താമസിക്കുന്ന കോളനിയായിരുന്നു ദരാപ്പിൽ ഞാൻ കണ്ടത്. സിക്കിമിലെ പ്രാചീന തനതു ജനവിഭാഗമാണ് ലിംബു സമുദായം. വാസ്തവത്തിൽ സിക്കിമിന്റെ പടിഞ്ഞാറുഭാഗത്ത്, അതായത് യുക്സോം പ്രദേശത്ത്, ആദ്യം കുടിയേറിയെന്നു കരുതപ്പെടുന്ന ഗോത്രവിഭാഗമാണ് ലിംബു. പ്രാഥമികമായിത്തന്നെ ഇരുന്നൂറോ ഇരുന്നൂറ്റിയൻപതോ ഇനം പ്രധാന മരുന്നുചെടികൾ ലിംബു വിഭാഗങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് തിരിച്ചറിയപ്പെടുകയും ചികിത്സക്കായി പ്രയോജനപ്പെടുത്തുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. തനതു വൈദ്യശാഖയിൽ നിപുണന്മാരായ വൈദ്യന്മാർ അവർക്കിടയിലുണ്ടായിരുന്നു. മന്ത്രവാദ പാരമ്പര്യം പിന്തുടർന്നിരുന്ന ലിംബു വിഭാഗങ്ങളിൽ മന്ത്രവാദ പുരോഹിതന്മാരെപ്പോലെ അംഗീകരിക്കപ്പെട്ടയാൾ തന്നെയാണ് ചികിത്സയും നിർവ്വഹിച്ചിരുന്നത്.  'ഫെഡാങ്മ' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. നല്ല സാംസ്‌കാരിക പാരമ്പര്യമുള്ള ജനവിഭാഗമാണ് ലിംബു. അവർക്ക് സ്വന്തമായ ഭാഷയും ലിപിയുമൊക്കെ ഉണ്ട്, പക്ഷെ സിക്കിമിൽ നേപ്പാളി ഭാഷയാണ് അവർ വ്യവഹാരത്തിന് സ്വീകരിച്ചിട്ടുള്ളത്.

 

ഉപ്പിട്ട ചായയുടെ മധുരം (സിക്കിം യാത്ര 12: സുഭാഷ് വലവൂര്‍)
ഉപ്പിട്ട ചായയുടെ മധുരം (സിക്കിം യാത്ര 12: സുഭാഷ് വലവൂര്‍)
ഉപ്പിട്ട ചായയുടെ മധുരം (സിക്കിം യാത്ര 12: സുഭാഷ് വലവൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക